ഇന്ത്യ–ചൈന അതിർത്തിത്തർക്കത്തിൽ അയവ്; വിജയിച്ചത് റഷ്യൻ സമ്മർദം
ഇന്ത്യ–ചൈന അതിർത്തിത്തർക്കത്തിൽ അയവ്; വിജയിച്ചത് റഷ്യൻ സമ്മർദം – India-China border dispute eased | India News, Malayalam News | Manorama Online | Manorama News
ഇന്ത്യ–ചൈന അതിർത്തിത്തർക്കത്തിൽ അയവ്; വിജയിച്ചത് റഷ്യൻ സമ്മർദം
ആർ. പ്രസന്നൻ
Published: October 22 , 2024 02:39 AM IST
1 minute Read
ആർട്ടിക് ഖനനത്തിൽ ചൈനയ്ക്കൊപ്പം ഇന്ത്യയെയും കൂട്ടാൻ റഷ്യ
ഫയൽ ചിത്രം
ന്യൂഡൽഹി ∙ ഖലിസ്ഥാൻ തീവ്രവാദികളുടെ പേരിൽ പാശ്ചാത്യശക്തികളുമായുള്ള ബന്ധത്തിൽ കല്ലുകടിയുണ്ടാവുന്നതിനിടെയാണ് ചൈനയുമായുള്ള ഇന്ത്യയുടെ അതിർത്തിത്തർക്കത്തിൽ ശമനവും പാക്കിസ്ഥാനുമായുള്ള ബന്ധങ്ങളിൽ അയവും വന്നുതുടങ്ങിയിരിക്കുന്നത്. രണ്ടിനു പിന്നിലും റഷ്യയുടെ സൗഹൃദസമ്മർദമാണു നിരീക്ഷകർ കാണുന്നത്.
റഷ്യയിലെ തത്താർസ്ഥാൻ സ്വയംഭരണറിപ്പബ്ലിക്കിന്റെ തലസ്ഥാനമായ കസാനിൽ നടക്കുന്ന ബ്രസീൽ – റഷ്യ – ഇന്ത്യ – ചൈന – ദക്ഷിണാഫ്രിക്ക (ബ്രിക്സ്) ഉച്ചകോടി തുടങ്ങുന്നതിനു തലേന്ന് ചൈനാവിഷയത്തിൽ പുരോഗതിയുണ്ടായതായി പ്രഖ്യാപനം വന്നതും ശ്രദ്ധേയമാണ്.
കിഴക്കൻ ലഡാക്കിലെ സൈനികതർക്കത്തിൽ അയവുണ്ടാകുമെന്ന് ഒരു മാസംമുൻപേ ചൈനീസ് വൃത്തങ്ങളും ഇന്ത്യയിലെ നയതന്ത്രവൃത്തങ്ങളും സൂചന നൽകിയിരുന്നു. എന്നാൽ തർക്കഭൂമിയിലെ സൈനികനില 2020 ലെ ഗാൽവൻ പ്രശ്നത്തിനു മുൻപുള്ള നിലയിലേക്കു മാറുകയാണെന്നു സൈനികതലത്തിൽ ഉറപ്പാകുംവരെ മാറ്റമൊന്നുമുണ്ടാവില്ലെന്നാണ് ഇന്ത്യൻ കരസേനാമേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി മൂന്നാഴ്ച മുൻപു വ്യക്തമാക്കിയത്.
സൈന്യത്തിനു തൃപ്തികരമായ രീതിയിലുള്ള പട്രോളിങ് സംവിധാനം പുനഃസ്ഥാപിക്കാൻ ധാരണയായെന്ന സൂചനയാണ് ഇന്നലത്തെ വിദേശകാര്യവകുപ്പിന്റെ പ്രഖ്യാപനം നൽകുന്നത്. ഇതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് നേതൃത്വവുമായി കസാനിൽവച്ചു കൂടിക്കാഴ്ചയ്ക്കു വഴിതെളിഞ്ഞു.
റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായുള്ള കൂടിക്കാഴ്ചയിൽ ആർട്ടിക് പ്രദേശത്തു സംയുക്ത ശാസ്ത്രപര്യവേക്ഷണങ്ങൾ നടത്താനുള്ള പദ്ധതി ചർച്ചയ്ക്കു വരുമെന്നു കരുതുന്നു. മഞ്ഞുമൂടിക്കിടക്കുന്ന ആർട്ടിക് സമുദ്രത്തിലൂടെ കടന്നുപോകാവുന്ന കപ്പലുകൾ റഷ്യൻ സഹകരണത്തോടെ ഇന്ത്യയിൽ നിർമിക്കുന്നതും അതിലൂടെ ചരക്കുകൈമാറ്റം നടത്തുന്നതു സംബന്ധിച്ചും സാങ്കേതികചർച്ചകൾ നടന്നുവരികയാണ്.
ആഗോളതാപനംമൂലം ഉത്തരധ്രുവപ്രദേശത്തെ മഞ്ഞുരുകുന്നതിനോടൊപ്പം അവിടെയുള്ള ധാതുസമ്പത്തു ഖനനം ചെയ്യാവുന്നരീതിയിൽ ലഭ്യമായിത്തുടങ്ങുമെന്നാണു കണക്കുകൂട്ടൽ. ആ സംരംഭങ്ങളിൽ ചൈനയോടൊപ്പം ഇന്ത്യയെ പങ്കാളിയാക്കാനാണ് റഷ്യയ്ക്കു താൽപര്യം. ഉത്തരധ്രുവഭാഗത്തോടു ചേർന്ന് റഷ്യയെപ്പോലെതന്നെ വിസ്തൃതമായ ഭൂമിയുള്ള കാനഡയും ഇന്ത്യയും തമ്മിലുള്ള ബന്ധം മോശമായിരിക്കെയാണു റഷ്യയുടെ ഈ നീക്കങ്ങൾ.
മാത്രമല്ല, ചൈനയെ മാത്രം പങ്കാളിയാക്കിക്കൊണ്ടുള്ള നീക്കങ്ങൾക്കു റഷ്യയ്ക്കും താൽപര്യമില്ല. നിലവിൽ ജനവാസമില്ലാത്ത കിഴക്കൻ സൈബീരിയൻ പ്രദേശങ്ങളിൽ വിപുലമായ തോതിൽ ചൈനീസ് കമ്പനികൾ ധാതുഖനനം നടത്തുന്നുണ്ട്. ഒരു റഷ്യക്കാരൻ പോലുമില്ലാത്ത ഈ പ്രദേശങ്ങളുടെ ഉടമസ്ഥാവകാശം തന്നെ ചൈനയുടെ കൈകളിലേക്കു വഴുതിപ്പോകുമോ എന്ന ആശങ്ക റഷ്യൻ നേതൃത്വത്തിനുണ്ട്. അതിനാൽ അവിടെയും ചൈനയെ നിലയ്ക്കു നിർത്താൻ ഇന്ത്യൻ കമ്പനികളെയും സാങ്കേതികവിദഗ്ധരെയും ആകർഷിക്കാൻ റഷ്യ പദ്ധതിയിടുന്നു.
ഷാങ്ഹായ് സഹകരണ സമിതിയിൽനിന്നു വ്യത്യസ്തമായി ബ്രിക്സിനെ ഒരു ശാക്തികകൂട്ടുകെട്ടാക്കി മാറ്റാൻ റഷ്യയ്ക്കു താൽപര്യമില്ല. പ്രകൃതിവിഭവങ്ങളും സാങ്കേതികവിദ്യയും കൈവശമുള്ള രാജ്യങ്ങളുടെ കൂട്ടുകെട്ടായി ബ്രിക്സിനെ മുന്നോട്ടുകൊണ്ടുപോകാനാണു റഷ്യയെപ്പോലെതന്നെ മറ്റ് അംഗരാജ്യങ്ങൾക്കും താൽപര്യം. അതിനാൽ ആർട്ടിക് പ്രദേശത്തെ പര്യവേക്ഷണവും ഖനനവും ചരക്കുഗതാഗതവും സംബന്ധിച്ച ചർച്ചകൾ കസാനിലുണ്ടാകുമെന്നു പ്രതീക്ഷിക്കാം.
English Summary:
India-China border dispute eased
mo-news-common-indiachinaborder 484kg2bo3kbfenoq3bkcu0e6e9 mo-news-common-malayalamnews r-prasannan mo-news-world-countries-russia 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-news-common-indiachinabirderdispute
Source link