ദിവ്യയുടെ വാദം പൊളിയുന്നു, നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിലേയ്ക്ക് താനാരെയും ക്ഷണിച്ചിട്ടില്ലെന്ന് കളക്‌ടർ
കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിലേയ്ക്ക് കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യയെ താൻ ക്ഷണിച്ചിട്ടില്ലെന്ന് സൂചിപ്പിച്ച് കണ്ണൂർ ജില്ലാ കളക്‌ടർ അരുൺ കെ വിജയൻ. കണ്ണൂരിൽ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വലിഞ്ഞു കയറിയതല്ല, യാത്രഅയപ്പ് യോഗത്തിന് കളക്‌ടർ ക്ഷണിച്ചതാണ് എന്നായിരുന്നു കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ ദിവ്യ പറഞ്ഞത്.
കളക്‌ടർ ക്ഷണിച്ചിട്ടാണോ നവീൻ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിൽ മുൻ പഞ്ചായത്ത് പ്രസിഡന്റ് എത്തിയതെന്ന മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. പരിപാടി നടത്തുന്നത് കളക്‌ടറല്ല, സ്റ്റാഫ് കൗൺസിൽ ആണെന്ന് കളക്‌ടർ വ്യക്തമാക്കി. താനല്ല പരിപാടിയുടെ സംഘാടകൻ. അതിനാൽ ആരെയും ക്ഷണിക്കേണ്ടതില്ല. പ്രോട്ടോക്കോൾ ലംഘനമാവും എന്നതിനാലാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ തടയാതിരുന്നത്. സംഭവത്തിൽ അന്വേഷണം നടക്കുന്നതിനാൽ കൂടുതൽ കാര്യങ്ങൾ പറയാൻ ബുദ്ധിമുട്ടുണ്ട്. അന്വേഷണം അതിന്റെ വഴിക്ക് നടക്കട്ടെ. നവീൻ ബാബുവിന്റെ കുടുംബത്തിനയച്ച കത്ത് കുറ്റസമ്മതമല്ല, കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുച്ചേരുന്നുവെന്ന് അറിയിച്ചതാണെന്നും കളക്‌ടർ മാദ്ധ്യമങ്ങളോട് പറഞ്ഞു.
യോഗത്തിലെ പ്രസംഗത്തിന്റെ പകർപ്പ് ദിവ്യ കോടതിയിൽ ഹാജരാക്കിയിരുന്നു. ഫയൽ നീക്കം വേഗത്തിലാക്കണമെന്ന് ജനങ്ങൾക്കുവേണ്ടി ആവശ്യപ്പെടുകയായിരുന്നെന്ന് ബോദ്ധ്യപ്പെടുത്താനാണിത്. ഔദ്യോഗിക തിരക്കായതിനാലാണ് കൃത്യസമയത്ത് എത്താതിരുന്നത്. പരിപാടി കഴിഞ്ഞോ എന്ന് കളക്ടറോട് വിളിച്ച് അന്വേഷിച്ചു. ഇല്ലെന്ന് പറഞ്ഞ് തന്നോട് വരാൻ നിർദേശിച്ചു. അതിന്റെ അടിസ്ഥാനത്തിലാണ് എത്തിയതെന്നാണ് ജാമ്യാപേക്ഷയിൽ ദിവ്യ വ്യക്തമാക്കിയത്.
Source link