KERALAM

ചേലക്കര, പാലക്കാട് തിരഞ്ഞെടുപ്പ് യു.ഡി.എഫ് സഹകരണം; ഉപാധി വച്ച് അൻവർ, രമ്യ ഹരിദാസിനെ പിൻവലിക്കണം

തൃശൂർ/പാലക്കാട്: ചേലക്കര, പാലക്കാട് ഉപതിരഞ്ഞെടുപ്പുകളിൽ പി.വി.അൻവറിന്റെ സ്ഥാനാർത്ഥികളെ പിൻവലിപ്പിച്ച് മുന്നണിക്കൊപ്പം സഹകരിപ്പിക്കാനുള്ള യു.ഡി.എഫിന്റെ ആദ്യ നീക്കം പാളി. അൻവർ ഉപാധി വച്ചതോടെയാണിത്. പാലക്കാട്ടെ തന്റെ സ്ഥാനാർത്ഥിയായ മിൻഹാജിനെ പിൻവലിക്കാൻ തയ്യാറാണെന്നും പകരം ചേലക്കരയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിനെ പിൻവലിക്കണമെന്നുമായിരുന്നു അൻവറിന്റെ ഉപാധി. പകരം ഇവിടെ തന്റെ സ്ഥാനാർത്ഥിയായ എൻ.കെ.സുധീറിനെ യു.ഡി.എഫ് പിന്തുണയ്ക്കണമെന്നുമാണ് ആവശ്യം.

ഇതു തള്ളിയ യു.ഡി.എഫ് തങ്ങളുടെ സ്ഥാനാർത്ഥികളുടെ കാര്യത്തിൽ പുനരാലോചന ഉണ്ടാകില്ലെന്നും വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ അടക്കമുള്ള നേതാക്കൾ അൻവറുമായി ആശയവിനിമയം നടത്തിയിരുന്നു.

അതേസമയം, അനുനയ നീക്കം തുടരുമെന്നാണ് യു.ഡി.എഫ് നൽകുന്ന സൂചന. അൻവറിന്റെ നിരുപാധിക പിന്തുണയാണ് തേടുന്നത്. ഇന്നും ചർച്ചകൾ തുടർന്നേക്കും. അൻവർ നീക്കുപോക്കുകൾക്ക് തയ്യാറായാൽ സഹകരിപ്പിക്കാനാകും യു.ഡി.എഫ് ശ്രമം.

നരേന്ദ്രമോദിക്കും പിണറായി വിജയനുമെതിരായ പോരാട്ടത്തിൽ പങ്കാളിയാകണമെന്നാണ് അൻവറിനോട് യു.ഡി.എഫ് നേതാക്കൾ അഭ്യർത്ഥിച്ചെന്നാണ് അറിയുന്നത്. പിണറായിസത്തിനെതിരെയുള്ള വോട്ടുകൾ സമാഹരിക്കണമെന്നാണ് യു.ഡി.എഫിനോട് പറഞ്ഞതെന്ന് അൻവർ വ്യക്തമാക്കി. തീരുമാനം വൈകിയാൽ ഈ കപ്പൽ വിട്ടുപോകും. കോൺഗ്രസ് തന്നെ തള്ളിയ സ്ഥാനാർത്ഥിയാണ് രമ്യ ഹരിദാസ്. കോൺഗ്രസുകാരോട് ചോദിച്ചാൽ അത് മനസിലാവും. ചേലക്കരയിൽ കോൺഗ്രസ് വിമതനാണ് അൻവറിന്റെ സ്ഥാനാർത്ഥി സുധീർ.

പാലക്കാട് നിർണായകം

1.കോൺഗ്രസ് വിട്ട് പി.സരിൻ ഇടതുമുന്നണി സ്ഥാനാർത്ഥിയായതും സി.കൃഷ്ണകുമാറിനെ രംഗത്തിറക്കി ബി.ജെ.പി പോരാട്ടം കടുപ്പിക്കുകയും ചെയ്തതോടെ ത്രികോണ പോരിന് വഴിതുറന്ന പാലക്കാട് യു.ഡി.എഫ് നിർണായകമാണ്

2.മണ്ഡലം നിലനിറുത്തുക എന്നത് കോൺഗ്രസിന് പ്രസ്റ്റീജാണ്. അതിനാലാണ് അൻവറിന്റെ പിന്തുണയും യു.ഡി.എഫ് തേടുന്നത്

3.ന്യൂനപക്ഷ മേഖലകളിൽ അൻവറിന് വോട്ടുള്ളതിനാൽ ആ പിന്തുണ കൂടി ഉറപ്പാക്കുകയാണ് ലക്ഷ്യം


”യു.ഡി.എഫ് നേതാക്കൾ നേരിട്ടും അല്ലാതെയും ഇപ്പോഴും ചർച്ച നടത്തുന്നുണ്ട്. സ്ഥാനാർത്ഥികളെ തത്കാലം പിൻവലിക്കില്ല. ആദ്യം താൻ ഉന്നയിച്ച ആവശ്യം അംഗീകരിക്കട്ടെ. സഹായിക്കണം, പിന്തുണയ്ക്കണം എന്ന് യു.ഡി.എഫ് പറഞ്ഞതിൽ സന്തോഷമുണ്ട്

-പി.വി.അൻവർ


Source link

Related Articles

Back to top button