മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ സംഘത്തിന് ചെലവ് 1.83 കോടി
തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായിവിജയന് വേണ്ടി ഫെയ്സ്ബുക്കിലും ട്വിറ്ററിലും പോസ്റ്റിടാനും മറുപടി നൽകാനുമുള്ള സോഷ്യൽ മീഡിയ സംഘത്തിനായി ചെലവിട്ടത് 1.83 കോടി. 12 അംഗ സോഷ്യൽ മീഡിയ സംഘത്തെയാണ് ഇതിനായി നിയോഗിച്ചിട്ടുള്ളതെന്നും വിവരാവകാശ പ്രകാരമുള്ള മറുപടിയിൽ വ്യക്തമാക്കുന്നു.
മുഖ്യമന്ത്രിയുടെ ഔദ്യോഗിക പരിപാടികളുടെ വാർത്താ പ്രചാരണത്തിനായി പ്രസ് സെക്രട്ടറിമാരും പി.ആർ.ഡിയിലെ ഉദ്യോഗസ്ഥ സംഘവുമുൾപ്പെടെ സംവിധാനങ്ങളുള്ളപ്പോഴാണ് സോഷ്യൽ മീഡിയ ടീമിനെക്കൂടി നിയമിച്ചിരിക്കുന്നത്.
സോഷ്യൽ മീഡിയ ടീം ലീഡർക്ക് 75,000 രൂപയാണ് പ്രതിമാസ ശമ്പളം. ഏറ്റവും കുറഞ്ഞ ശമ്പളം 22,290 രൂപയും. സർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും മുഖം മിനുക്കാൻ 2022 മേയ് ആറിനാണ് സോഷ്യൽ മീഡിയ സംഘത്തെ നിയമിച്ചതെന്ന് കെ.പി.സി.സി സെക്രട്ടറി സി.ആർ.പ്രാണകുമാറിനുള്ള വിവരാവകാശ മറുപടിയിൽ വിശദമാക്കുന്നു. ആറ് മാസ കരാർ അടിസ്ഥാനത്തിലാണ് ആദ്യം നിയമനം നൽകിയതെങ്കിലും പിന്നീട് ഒന്നിലധികം തവണ കരാർ നീട്ടിനൽകി. സോഷ്യൽ മീഡിയ സംഘവുമായി ബന്ധപ്പെട്ട് നിയമസഭയിലെ രണ്ടു ചോദ്യങ്ങൾക്കു മറുപടി നൽകാതിരുന്ന സർക്കാരാണ് ഇപ്പോൾ വിവരാവകാശം വഴി മറുപടി നൽകിയത്.ഇംഗ്ളീഷ് പത്രത്തിന് അഭിമുഖം നൽകാൻ പി.ആർ.ഏജൻസിയുടെ സഹായം തേടിയത് വൻ വിവാദമുർത്തിയതിന് പിന്നാലെയാണ് സോഷ്യൽമീഡിയ സംഘത്തിന്റെ പേരിലുള്ള ചെലവിന്റെ കണക്കും പുറത്തായത്.
Source link