KERALAMLATEST NEWS

ബാറ്റിംഗ് പിച്ചിലും പാകിസ്ഥാന് തകര്‍ച്ച, മുള്‍ട്ടാന്‍ ടെസ്റ്റില്‍ ഇന്നിംഗ്‌സ് തോല്‍വിയിലേക്ക്

മുള്‍ട്ടാന്‍: പാകിസ്ഥാന്റെ കൂറ്റന്‍ സ്‌കോറിന് അതുക്കും മേലെ മറുപടി നല്‍കിയ ഇംഗ്ലണ്ട് മുള്‍ട്ടാന്‍ ടെസ്റ്റില്‍ ജയത്തിലേക്ക്. പാകിസ്ഥാന്‍ ബൗളര്‍മാരെ കൊണ്ട് 150 ഓവര്‍ ബൗള്‍ ചെയ്യിപ്പിച്ച ഇംഗ്ലണ്ട് അടിച്ചെടുത്തത് 823 റണ്‍സ്. 267 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് നേടിയ ശേഷം ഡിക്ലയര്‍ ചെയ്യുകയായിരുന്നു സന്ദര്‍ശകര്‍. തുടര്‍ന്ന് രണ്ടാം ഇന്നിംഗ്‌സ് ബാറ്റിംഗ് ആരംഭിച്ച പാകിസ്ഥാനെ തുറിച്ച് നോക്കുകയാണ് ഇന്നിംഗ്‌സ് തോല്‍വി. നാലം ദിനം കളി നിര്‍ത്തുമ്പോള്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സ് എന്ന നിലയിലാണ് പാകിസ്ഥാന്‍.

ഇന്നിംഗ്‌സ് തോല്‍വി ഒഴിവാക്കാന്‍ അവസാന ദിവസം നാല് വിക്കറ്റുകള്‍ മാത്രം ശേഷിക്കെ 115 റണ്‍സ് കൂടി വേണം. ഒരു ഘട്ടത്തില്‍ 82ന് ആറ് എന്ന നിലയില്‍ കളി ഇന്ന് തന്നെ അവസാനിക്കുമെന്ന് തോന്നിപ്പിച്ചെങ്കിലും 7ാം വിക്കറ്റില്‍ ആഗ സല്‍മാന്‍ (41*), ആമിര്‍ ജമാല്‍ (27*) എന്നിവര്‍ പൊരുതി നിന്നത് പാകിസ്ഥാന് ജീവന്‍ അഞ്ചാം ദിനത്തിലേക്ക് നീട്ടി നല്‍കി. ഇന്നിംഗ്‌സിലെ ആദ്യ പന്തില്‍ തന്നെ ഓപ്പണര്‍ അബ്ദുള്ള ഷഫീഖ് (0) പുറത്തായി. ക്യാപ്റ്റന്‍ ഷാന്‍ മസൂദ് (11), സയീം അയൂബ് (25), ബാബര്‍ അസം (5), സൗദ് ഷക്കീല്‍ (29) മുഹമ്മദ് റിസ്‌വാന്‍ (10) എന്നിവരാണ് പുറത്തായത്.

നേരത്തെ മൂന്നാം ദിവസത്തെ സ്‌കോറായ 3ന് 492 എന്ന നിലയില്‍ നാലാം ദിനം ബാറ്റിംദ് ആരംഭിച്ച ഇംഗ്ലണ്ടിന് വേണ്ടി ഹാരി ബ്രൂക്ക് (317) ട്രിപ്പിള്‍ സെഞ്ച്വറിയും ജോ റൂട്ട് (262) ഇരട്ട സെഞ്ച്വറിയും നേടി. ഇരുവരുടെയും തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനത്തിന്റെ കരുത്തിലാണ് ഇംഗ്ലണ്ട് റണ്‍മല പണിതത്. ജേമി സ്മിത്ത് (31), ക്രിസ് വോക്‌സ് (17) റണ്‍സ് വീതവും നേടി. നേരത്തെ സാക് ക്രൗളി, ബെന്‍ ഡക്കറ്റ് എന്നിവര്‍ ഇംഗ്ലണ്ടിന് വേണ്ടി അര്‍ദ്ധ സെഞ്ച്വറികള്‍ നേടിയിരുന്നു.


Source link

Related Articles

Back to top button