ഡമാസ്കസ് രക്തസാക്ഷികൾ ഇനി വിശുദ്ധരുടെ ഗണത്തിൽ
വത്തിക്കാൻ: വിശ്വാസത്തിനുവേണ്ടി ജീവത്യാഗം വരിച്ച 11 ഡമാസ്കസ് രക്തസാക്ഷികൾ ഇനി വിശുദ്ധരുടെ ഗണത്തിൽ. ഇന്നലെ വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ നടന്ന ഭക്തിസാന്ദ്രമായ തിരുക്കർമങ്ങൾക്കിടെ ഇവരുൾപ്പെടെ 14 വാഴ്ത്തപ്പെട്ടവരെ ഫ്രാൻസിസ് മാർപാപ്പ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയർത്തി. 19-ാം നൂറ്റാണ്ടിൽ സിറിയയിൽ കൊല്ലപ്പെട്ട എട്ട് ഫ്രാൻസിസ്കൻ സന്യസ്തരും മൂന്ന് മാറോണീത്ത അല്മായരും ഉൾപ്പെടെയുള്ള രക്തസാക്ഷികളാണ് ‘ഡമാസ്കസിലെ രക്തസാക്ഷികൾ’ എന്ന് അറിയപ്പെടുന്നത്. മൂന്നു സന്യാസസമൂഹങ്ങളുടെ സ്ഥാപകരെയും ഇന്നലെ വിശുദ്ധരുടെ ഗണത്തിലേക്ക് മാർപാപ്പ ഉയർത്തി. 1860ലെ വേനൽക്കാലത്തിന്റെ തുടക്കത്തിൽ സിറിയയിലെ ഡമാസ്കസിനടുത്ത ബെക്കാ താഴ്വരയിലെ ക്രൈസ്തവർ വസിച്ചിരുന്ന സഹ്ലെ പട്ടണം ഡ്രൂസ് തീവ്രവാദികള് അഗ്നിക്കിരയാക്കി. (ഷിയ ഇസ്ലാമിലെ ഇസ്മായിലി വിശ്വാസത്തിൽനിന്ന് ഉരുത്തിരിഞ്ഞുവന്ന ഒരു വിഭാഗമാണ് ഡ്രൂസ്). കൂടാതെ, അവിടെയുള്ള ഫ്രാൻസിസ്കൻ ആശ്രമം നശിപ്പിക്കാനും തീവ്രവാദികൾ ലക്ഷ്യമിട്ടിരുന്നു. മരണം ഉറപ്പാണെന്നു മനസിലാക്കിയ ആശ്രമശ്രേഷ്ഠൻ ഫാ. ഇമ്മാനുവൽ റൂയിസ് തിരുവോസ്തികൾ സുരക്ഷിതസ്ഥാനത്തേക്കു മാറ്റാൻ ദേവാലയത്തിലേക്കു പോകുന്ന സമയം തീവ്രവാദികൾ അദ്ദേഹത്തെ തടസപ്പെടുത്തുകയും അൾത്താരയിൽ വച്ചുതന്നെ ശിരച്ഛേദം നടത്തുകയും ചെയ്തു. തുടർന്ന് ആശ്രമത്തിലുണ്ടായിരുന്ന ഏഴു സന്യാസികളെയും മൂന്ന് അല്മായരെയും കൊലപ്പെടുത്തി. ഡമാസ്കസിലെ ഈ 11 രക്തസാക്ഷികളെ 1926ൽ പയസ് പതിനൊന്നാമൻ മാർപാപ്പയാണു വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചത്. മാരി ലിയോണി പാരഡിസ് എന്ന ഒരു കനേഡിയൻ സന്യാസിനിയാണ് വിശുദ്ധരുടെ ഗണത്തിലേക്ക് ഉയർത്തപ്പെട്ട ഒരു സന്യാസിനി. 1840ൽ ജനിച്ച മാരി ലിയോണി ദൈവവിളികളാൽ സമ്പന്നമായ ഒരു കുടുംബത്തിലാണ് ജനിച്ചുവളർന്നത്. 17-ാം വയസിൽ ദൈവവിളി സ്വീകരിച്ച് ഒരു സന്യാസിനീ സമൂഹത്തിൽ ചേർന്നെങ്കിലും ഒരു ഉൾവിളി സ്വീകരിച്ച് ‘ലിറ്റിൽ സിസ്റ്റേഴ്സ് ഓഫ് ഹോളി ഫാമിലി’ എന്ന സന്യാസിനീസമൂഹത്തിന് ആരംഭം കുറിച്ചു. 1984ൽ കാനഡ സന്ദർശനത്തിനിടെ ജോൺ പോൾ രണ്ടാമൻ മാർപാപ്പയാണ് മാരി ലിയോണിയെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തിയത്.
കൺസോളത്ത മിഷനറി ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപകനായി അറിയപ്പെടുന്ന ഇറ്റലിക്കാരനായ ഫാ. ജ്യൂസെപ്പെ അല്ലമാനോയാണ് വിശുദ്ധരുടെ ഗണത്തിലേക്ക് ഉയർത്തപ്പെട്ട മറ്റൊരാൾ. തന്റെ രൂപത വിട്ടുപോകാതെ, ലോകമെമ്പാടും സുവിശേഷം പ്രചരിപ്പിക്കാൻ നൂറുകണക്കിനു യുവ വൈദികരെയും സന്യാസിനിമാരെയും അദ്ദേഹം പരിശീലിപ്പിച്ചു. 1990ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പയാണ് അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത്. വിശുദ്ധ സിത്തയുടെ സഹോദരിമാർ എന്നറിയപ്പെടുന്ന ‘കോൺഗ്രിഗേഷൻ ഓഫ് ദി ഒബ്ലേറ്റ്സ് ഓഫ് ഹോളി സ്പിരിറ്റിന്റെ’ സ്ഥാപകയായിരുന്ന ഇറ്റലിക്കാരിയ എലീന ഗ്യൂറ എന്ന സന്യാസിനിയും വിശുദ്ധരുടെ ഗണത്തിലേക്ക് ഉയർത്തപ്പെട്ടു. വാഴ്ത്തപ്പെട്ട ജോൺ 23-ാമൻ ഈ സന്യാസിനിയെ ‘പരിശുദ്ധാത്മാവിന്റെ അപ്പസ്തോല’ എന്നാണു വിളിച്ചിരുന്നത്. സേവനമാണു ക്രൈസ്തവ ജീവിതരീതി: മാർപാപ്പ വത്തിക്കാൻ: സേവനമാണു ക്രൈസ്തവ ജീവിതരീതിയെന്നു ഫ്രാൻസിസ് മാർപാപ്പ. ഡമാസ്കസിലെ 11 രക്തസാക്ഷികളുൾപ്പെടെ 14 പേരെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയർത്തിയ ചടങ്ങിൽ വചനസന്ദേശം നൽകുകയായിരുന്നു മാർപാപ്പ. ഈ പുതിയ വിശുദ്ധർ യേശുവിന്റെ വഴിയിൽ ജീവിച്ചു. യേശുവിനെപ്പോലെ മറ്റുള്ളവരെ സേവിച്ചു. അവർ തങ്ങളെ തങ്ങളുടെ സഹോദരീ-സഹോദരന്മാരുടെ സേവകരാക്കി. നന്മ ചെയ്യുന്നതിൽ മുന്നിൽ നിന്ന അവർ പ്രതിസന്ധികളിൽ അടിപതറാതെ ഉറച്ചുനിന്നു. അവസാനം വരെ ഉദാരമതികളുമായിരുന്നു. വീരോചിത നന്മകളാലും വിശുദ്ധിയാലും അവരുടെ ജീവിതം മഹത്വപൂർണമായിരുന്നു. മഹത്വം അന്വേഷിക്കാനല്ല, സേവിക്കാനുള്ള യേശുവിന്റെ ക്ഷണം ശ്രവിക്കാനും സ്വീകരിക്കാനുമാണ് ഈ വിശുദ്ധരുടെ രക്തസാക്ഷിത്വം ക്രൈസ്തവരെ ആഹ്വാനം ചെയ്യുന്നതെന്നും മാർപാപ്പ ചൂണ്ടിക്കാട്ടി. തിരുക്കർമ്മങ്ങളിൽ പങ്കെടുക്കാനെത്തിയ വിശ്വാസികളാൽ സെന്റ് പീറ്റേഴ്സ് ചത്വരം നിറഞ്ഞുകവിഞ്ഞിരുന്നു. രക്തസാക്ഷികളോടുള്ള ആദരസൂചകമായി വിശുദ്ധ കുർബാനയിൽ ലത്തീൻ ഭാഷയ്ക്കു പുറമെ ഗ്രീക്ക് ഭാഷയിലും സുവിശേഷവായനയുണ്ടായിരുന്നു.
Source link