KERALAM

പാർട്ടി കുടുംബത്തിനൊപ്പം, ‌അടച്ചിട്ട മുറിയിൽ നവീൻ ബാബുവിന്റെ കുടുംബവുമായി എംവി ഗോവിന്ദന്റെ കൂടിക്കാഴ്ച

പത്തനംതിട്ട: കണ്ണൂരിലായാലും പത്തനംതിട്ടയിലായാലും പാർട്ടി നിലപാട് ഒന്നുതന്നെയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ.ആത്മഹത്യചെയ്ത എഡിഎം നവീൻ ബാബുവിന്റെ പത്തനംതിട്ടയിലെ വീട് സന്ദർശിച്ചശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നവീൻ ബാബുവിന്റെ വിഷയത്തിൽ ആദ്യം മുതൽ തന്നെ പാർട്ടി കുടുംബത്തിന് ഒപ്പമാണെന്നും അദ്ദേഹം പറഞ്ഞു.

‘നിയമപരമായ പരിരക്ഷ ലഭിക്കണമെന്നും ഉത്തരവാദികളെ ശിക്ഷിക്കണമെന്നും നവീൻ ബാബുവിന്റെ കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്. പാർട്ടി എല്ലാ അർത്ഥത്തിലും നവീന്റെ കുടുംബത്തിനൊപ്പമാണ്. കണ്ണൂരിലെ പാർട്ടിയായാലും പത്തനംതിട്ടയിലായാലും പാർട്ടിക്ക് നിലപാട് ഒന്നുതന്നെയാണ്. ജനങ്ങളുമായി ബന്ധപ്പെട്ടുള്ള വിഷയം പിപി ദിവ്യയെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റുകയാണ്. സമയം താമസിപ്പിക്കാതെ മാറ്റി. നവീൻ ബാബുവിന്റെ കുടുംബത്തിന് ഒപ്പമാണെന്ന് പറയുന്ന മാദ്ധ്യമങ്ങളുടെ പ്രയോഗം തെ​റ്റാണ്. വിഷയത്തിൽ ആദ്യം മുതൽ തന്നെ പാർട്ടി കുടുംബത്തിന് ഒപ്പമാണ്. എംവി ജയരാജൻ മൃതദേഹത്തോടൊപ്പം എത്തിയിരുന്നു. ആവശ്യമില്ലാതെ വാർത്തകൾ ഉണ്ടാക്കരുത്. സിപിഎം സംസ്ഥാന സെക്രട്ടറിയായ താനാണ് പറയുന്നത് പാർട്ടി കുടുംബത്തോടൊപ്പമാണെന്ന്. അന്വേഷണത്തിന് എന്തെല്ലാം നടപടികൾ വേണോ അതിനെയെല്ലാം പൂർണ്ണമായി പിന്തുണക്കും’ എംവി ഗോവിന്ദൻ പറഞ്ഞു.

ഇന്നുരാവിലെ പതിനൊന്നരയോടെയാണ് എംവി ഗോവിന്ദൻ നവീൻ ബാബുവിന്റെ വീട്ടിലെത്തിയത്. അടച്ചിട്ട മുറിയിലായിരുന്നു കുടുംബവുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയത്. സിപിഎം ജില്ലാ സെക്രട്ടറി കെപി ഉദയഭാനു, മുൻ എംഎൽഎ രാജു എബ്രഹാം തുടങ്ങിയവർ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. കുടുംബത്തിന് പറയാനുളള കാര്യങ്ങൾ പറയാനും പാർട്ടിയുടെ പിന്തുണ കുടുംബത്തെ അറിയിക്കാനുമായിരുന്നു ഗോവിന്ദന്റെ സന്ദർശനം.


Source link

Related Articles

Back to top button