സംസ്ഥാന സ്പെഷ്യൽ സ്‌കൂൾ കലോത്സവത്തിന് കണ്ണൂരിൽ തുടക്കം
കണ്ണൂർ:സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവം കണ്ണൂർ മുനിസിപ്പൽ സ്‌കൂളിലെ മുഖ്യ വേദിയിൽ കെ.വി. സുമേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.കെ. രത്നകുമാരി അദ്ധ്യക്ഷത വഹിച്ചു. കോർപ്പറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുരേഷ്ബാബു എളയാവൂർ, ഹയർസെക്കൻഡറി റീജണൽ ഡെപ്യൂട്ടി ഡയറക്ടർ രാജേഷ് കുമാർ, വിദ്യാഭ്യാസ ഉപഡയറക്ടർ ബാബു മഹേശ്വരി, എം.പ്രസാദ് കെ.എൻ.സിന്ധു,സി.എ. സന്തോഷ്, ഉദയകുമാരി, പി.പ്രേമരാജൻ, കെ.ജ്യോതി തുടങ്ങിയവർ പ്രസംഗിച്ചു.
സമഗ്ര ശിക്ഷ കേരള ബി.ആർ.സിയുടെ ആഭിമുഖ്യത്തിൽ ഭിന്നശേഷി കുട്ടികളുടെ നേതൃത്വത്തിൽ സ്വാഗതനൃത്തവും സ്വാഗത ഗാനവും അരങ്ങേറി. മോഹിനിയാട്ടം, നാടോടി നൃത്തം, ഡാൻസ്, സംഘനൃത്തം, സംഘഗാനം, ദേശഭക്തിഗാനം, ഉപകരണ സംഗീതം, പെൻസിൽ ഡ്രോയിംഗ്, ജലച്ചായം,ലളിതഗാനം ഇനങ്ങളിൽ മാനസിക വെല്ലുവിളികൾ നേരിടുന്ന വിദ്യാർത്ഥികൾക്കുള്ള മത്സരങ്ങൾ ഇന്നലെ നടന്നു. കേൾവി പരിമിതിയുള്ളവർക്ക് 15 ഇനങ്ങളിലും കാഴ്ച പരിമിതിയുള്ളവർക്ക് 19 ഇനങ്ങളിലും ഇന്നും നാളെയുമായി മത്സരങ്ങൾ നടക്കും.1600 വിദ്യാർത്ഥികളാണ് കലോത്സവത്തിൽ മാറ്റുരയ്ക്കുന്നത്.
തൃശൂർ ,ഇടുക്കി ജില്ലകൾ മുന്നിൽ
കണ്ണൂർ: സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിന്റെ ആദ്യദിനത്തിൽ തൃശൂർ, ഇടുക്കി ജില്ലകൾ 74 പോയിന്റോടെ മുന്നേറുന്നു. കണ്ണൂർ, എറണാകുളം, കോഴിക്കോട് ജില്ലകൾ 72 പോയിന്റുമായി രണ്ടും 71 പോയിന്റുമായി കോട്ടയം മൂന്നാം സ്ഥാനത്തുമുണ്ട്.
‘ഇവർ നാളെ ലോകമറിയേണ്ടവർ”
“സാധാരണ വിദ്യാർത്ഥികളെക്കാൾ കഴിവും ശേഷിയും ഉള്ളവരാണ് സ്‌പെഷ്യൽ സ്‌കൂൾ കുട്ടികൾ.നാളെ ലോകം അറിയേണ്ടവരായി മാറാൻ കഴിവുള്ളവർ. ഇവരുടെ പ്രതിഭയും സർഗാത്മക ശേഷിയും വളർത്തിയെടുക്കാനാണ് സ്പെഷ്യൽ കലോത്സവങ്ങൾ സംഘടിപ്പിക്കുന്നത്
(25ാമത് സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവം നടക്കുന്ന മുനിസിപ്പൽ സ്കൂളിലെ മുഖ്യവേദിയിൽ കെ.വി.സുമേഷ് എം.എൽ.എ ഉദ്ഘാടനപ്രസംഗത്തിൽ പറഞ്ഞത് )
ആയമാർക്ക് സർട്ടിഫിക്കറ്റ് കോഴ്സ്
തിരുവനന്തപുരം: സംസ്ഥാനത്ത് ആയമാർക്കായി സ്കോൾ കേരളയുടെ നേതൃത്വത്തിൽ ഡിപ്ലോമ ഇൻ ചൈൽഡ് കെയർ ആൻഡ് പ്രീസ്കൂൾ മാനേജ്മെന്റ് സർട്ടിഫിക്കറ്റ് കോഴ്സ് ആരംഭിക്കും. രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു പദ്ധതിയെന്ന് മന്ത്രി വി.ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഹൈസ്കൂളുകളിൽ നാലുമാസം കൊണ്ട് 15,000 റോബോട്ടിക് കിറ്റ് വിതരണം ചെയ്തു. കൈറ്റ് വികസിപ്പിച്ച ഓപ്പറേറ്റിംഗ് സിസ്റ്റം സ്കൂളുകൾക്ക് സൗജന്യമായി നൽകി. കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ പ്രത്യേക എൻട്രൻസ് കോച്ചിംഗ് സംപ്രേഷണം ആരംഭിച്ചതായും മന്ത്രി പറഞ്ഞു. എസ്.സി.ഇ.ആർ.ടിയുടെ നേതൃത്വത്തിൽ സ്പോർട്സ് സ്കൂളുകളുടെ കരിക്കുലം തയ്യാറാക്കുകയാണ്.
മാനസികവെല്ലുവിളി നേരിടുന്ന കുട്ടികളുടെ ബൗദ്ധികവികാസം മുൻനിറുത്തി എസ്.ഐ.എം.സിയിൽ സെൻസറി റൂം സ്ഥാപിച്ചതായും മന്ത്രി അറിയിച്ചു.
Source link