KERALAMLATEST NEWS

ഗോപാലകൃഷ്ണൻ തരുന്ന ചായയ്ക്ക് ഇന്ത്യയുടെ രുചി

കൊച്ചി: ഉത്തരേന്ത്യക്കാർക്കാർക്ക് മസാലചായ, തമിഴ്നാട്ടുകാർക്ക് മധുരംകൂടിയ കൊഴുത്ത ചായ, കന്നഡിഗർക്ക് ഏലക്കയും ഗ്രാമ്പൂവും ചേർത്ത ചായ, മലയാളിക്ക് ലൈറ്റ്, സ്ട്രോംഗ്, വിത്തൗട്ട്, മീഡിയം ചായകൾ… ചായക്കോപ്പയിലെ രുചിവൈവിദ്ധ്യം ഒരു കൂരയ്ക്കു കീഴിൽ വിളമ്പുകയാണ് ഇലഞ്ഞി ഭാരതീമന്ദിരത്തിൽ ഗോപാലകൃഷ്ണൻ.

ഇലഞ്ഞി – പിറവം റൂട്ടിൽ ജനതാ ജംഗ്ഷനിലെ ചായക്കടയിൽ ആളറിഞ്ഞാണ് ചായ കൂട്ടൽ. ഭാഷ കേട്ടാൽ മതി രുചി ഏതെന്ന് ഗോപാലകൃഷ്ണന് അറിയാം. വർഷങ്ങളോളം മുംബയ് ആഗ്ര റോഡിലും ഗുജറാത്തിലെ വാപിയിലും ചായക്കട നടത്തിയിരുന്നതിനാൽ, ഹിന്ദിക്കാരുടെ രീതി പരിചിതം. പാലും പഞ്ചസാരയും തേയിലയും വിവിധയിനം മസാലകൂട്ടുകളും കൃത്യമായ അളവിൽ ചേരുന്നതാണ് വടക്കൻ ചായ. എറണാകുളം ബ്രോഡ്‌വേ മാർക്കറ്റിൽ നിന്നാണ് മസാലക്കൂട്ടുകൾ വാങ്ങുന്നത്.

തമിഴ്നാട്ടുകാർക്ക് കൊഴുപ്പും മധുരവും കൂടുതൽ വേണം. കന്നഡിഗർക്കും മസാല നിർബന്ധം. എന്നാൽ, മലയാളികൾ അഞ്ചുപേർ ഒരുമിച്ച് വന്നാൽ അഞ്ചുതരം ചായവേണം. ഏറെയും വിത്തൗട്ട് ആയിരിക്കും. പിന്നെ ലൈറ്റ്, സ്ട്രോംഗ്, മീഡിയം… അങ്ങനെ പോകും. സിനിമാതാരങ്ങളും വന്നിട്ടുണ്ടെന്ന് ഗോപാലകൃഷ്ണൻ പറഞ്ഞു.

‘ബോംബെ ചായ, ബാംഗ്ലൂർ ചായ, ചെന്നൈ ചായ” എന്നെഴുതിയ ബോർഡാണ് സഞ്ചാരികളെ ആകർഷിക്കുന്നത്.മറുനാടൻ ചായകൾക്ക് പതിനഞ്ചു രൂപയാണ് വില. നാടൻ ചായയ്ക്ക് പത്തും.

ഉള്ളിവട, കോളിഫ്ലവർ ബജി, മുട്ട ബജി, മുളക് ബജി, പഴംപൊരി, പരിപ്പുവട, ഉഴുന്നുവട, സവാള വട തുടങ്ങിയ പലഹാരങ്ങളിലും ഗോപാലകൃഷ്ണന്റെ കൈപ്പുണ്യം പ്രകടം.

`ശബരിമല തീർത്ഥാടകർ ഉൾപ്പെടെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവർ കൂടുതലായി യാത്രചെയ്യുന്ന റോഡിൽ ചായക്കട തുടങ്ങാൻ തീരുമാനിച്ചപ്പോൾ അതിലൊരു വൈവിദ്ധ്യം വേണമെന്നേ ചിന്തിച്ചിരുന്നുള്ളൂ. അത് ഇത്ര ക്ലിക്കാകുമെന്ന് കരുതിയില്ല.’

– ഗോപാലകൃഷ്ണൻ


Source link

Related Articles

Back to top button