KERALAM

ആ നീക്കത്തിന് മുതിരില്ല: അപകടകരമായ സാഹചര്യം നേരിടേണ്ടിവരുമെന്ന് റിസർവ് ബാങ്ക് ഗവർണർ

കൊച്ചി: വിപണിയിൽ മാന്ദ്യ സൂചനകൾ ശക്തമാണെങ്കിലും നടപ്പുവർഷം മുഖ്യ പലിശ നിരക്കുകൾ കുറയ്ക്കാൻ റിസർവ് ബാങ്ക് തയ്യാറാകില്ല. കാലാവസ്ഥാ വ്യതിയാനവും ഗ്രാമീണ മേഖലയിലെ പ്രതിസന്ധികളും ഉത്പാദനത്തിൽ ഇടിവുണ്ടാക്കിയതോടെ ഭക്ഷ്യ ഉത്പന്നങ്ങളുടെ വിലക്കയറ്റം രൂക്ഷമായതാണ് പ്രധാന വെല്ലുവിളി. സെപ്‌തംബറിൽ ചില്ലറ വില സൂചിക അടിസ്ഥാനമായുള്ള നാണയപ്പെരുപ്പം അപ്രതീക്ഷിതമായി 5.49 ശതമാനമായി കുതിച്ചുയർന്നിരുന്നു. മൊത്ത വില സൂചികയും കഴിഞ്ഞ മാസം രണ്ട് വർഷത്തിനിടെയിലെ ഉയർന്ന തലത്തിലെത്തി.

അമേരിക്കയിലെ ഫെഡറൽ റിസർവും യൂറോപ്യൻ സെൻട്രൽ ബാങ്കും കഴിഞ്ഞ മാസം പലിശ നിരക്ക് കുറച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ച് ഡിസംബറിൽ റിസർവ് ബാങ്കും പലിശ കുറയ്ക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. റിസർവ് ബാങ്കിൽ നിന്ന് ബാങ്കുകൾ വാങ്ങുന്ന വായ്പയുടെ പലിശയായ റിപ്പോ നിരക്ക് നിലവിൽ 6.5 ശതമാനമാണ്. കഴിഞ്ഞ വർഷം ഫെബ്രുവരി മാസത്തിന് ശേഷം റിപ്പോ നിരക്കിൽ മാറ്റമുണ്ടായിട്ടില്ല.

അപകട സാഹചര്യമെന്ന് ശക്തികാന്ത് ദാസ്

ഇപ്പോഴത്തെ സാഹചര്യത്തിൽ മുഖ്യ പലിശ നിരക്ക് കുറച്ചാൽ അതീവ അപകടകരമായ സാഹചര്യം നേരിടേണ്ടിവരുമെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത് ദാസ് പറഞ്ഞു. നാണയപ്പെരുപ്പം 5.5 ശതമാനത്തിൽ നിൽക്കുമ്പോൾ പലിശ കുറയ്ക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നതു പോലും അപക്വമാണ്. ഒക്‌ടോബറിലും നാണയപ്പെരുപ്പം കുറയാനിടയില്ല. നാണയപ്പെരുപ്പം സുഖകരമായ നിലയിലേക്ക് എത്തിയതിനു ശേഷം മാത്രമേ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകൂവെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രതിസന്ധികൾ

1. ഇപ്പോഴത്തെ സാഹചര്യത്തിൽ പലിശ കുറച്ചാൽ വിപണിയിലെ പണ ലഭ്യത കൂടുമെന്നതിനാൽ വിലക്കയറ്റം അതിരൂക്ഷമാകും

2. സാമ്പത്തിക വളർച്ച ഏഴ് ശതമാനത്തിന് അടുത്തായതിനാൽ ഉടനടി പലിശ കുറയ്‌ക്കേണ്ട അടിയന്തര സാഹചര്യമില്ലെന്ന് റിസർവ് ബാങ്ക് കരുതുന്നു

3. പലിശ കൂടിയതിനാൽ ഭവന, വാഹന വില്പനയെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് വ്യവസായികൾ

4. വിലക്കയറ്റം രൂക്ഷമായതോടെ വായ്പകളുടെ തിരിച്ചടവ് വലിയ തോതിൽ മുടങ്ങുമെന്ന ആശങ്കയും ശക്തം


Source link

Related Articles

Back to top button