INDIA

എഎപിയെ കൂടെ കൂട്ടിയില്ല, ‘ആപ്പ്’ ആയി വിമതരും; ഹരിയാനയിൽ കോൺഗ്രസിന് കിട്ടിയത് ‘എട്ടിന്റെ’ പണി


ചണ്ഡിഗ‍ഡ് ∙ ഹരിയാനയിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ, ആം ആദ്മി പാർട്ടിയെ ഇന്ത്യാ സഖ്യത്തിന്റെ ഭാഗമാക്കണമെന്ന രാഹുൽ ഗാന്ധിയുടെ ആവശ്യം സംസ്ഥാന നേതൃത്വം നിരസിച്ചതിന്റെ തിക്തഫലം കോൺഗ്രസ് ഇപ്പോൾ അനുഭവിക്കുകയാണ്. കോൺഗ്രസ് സർക്കാർ വരുമെന്നായിരുന്നു എക്സിറ്റ് പോൾ പ്രവചനങ്ങളെങ്കിലും അപ്രതീക്ഷിതമായിരുന്നു ബിജെപിയുടെ ഹാട്രിക് വിജയം. വോട്ടുശതമാനത്തിന്റെ അവസാന കണക്കുകൾ പരിശോധിക്കുമ്പോൾ, എഎപിയെ സഖ്യത്തിൽ എടുക്കാത്തത് കോൺഗ്രസിന് തിരിച്ചടിയായെന്നാണ് സൂചന. മൂന്നു സീറ്റുകളിൽ കോൺഗ്രസിന്റെ വോട്ട് ബാങ്ക് എഎപി പിളർത്തിയപ്പോൾ, അഞ്ചു സീറ്റുകളിൽ കോൺഗ്രസ് വിമതൻമാർ തന്നെ പാർട്ടിയെ കുഴിയിൽച്ചാടിച്ചു. ഈ എട്ടു സീറ്റുകളാണ് സംസ്ഥാന ഭരണത്തിന്റെ ഗതി തന്നെ തിരിച്ചത്.

വിമതരുടെ വക ‘അഞ്ചിന്റെ’ പണികഴിഞ്ഞദിവസം നടന്ന തിര‍ഞ്ഞെടുപ്പ് അവലോകന യോഗത്തിൽ രാഹുൽ ഗാന്ധി പാർട്ടിയുടെ സംസ്ഥാന നേതൃത്വത്തെ വിമർശിച്ചിരുന്നു. നേതാക്കൾ സ്വന്തം കാര്യങ്ങൾക്കു പ്രാധാന്യം നൽകിയതിനെയും ഇഷ്‌ടക്കാർക്ക് സീറ്റ് നൽകിയതിനെയുമാണ് രാഹുൽ ഗാന്ധി വിമർശിച്ചത്. വിമർശനം പൂർണമായും ഭൂപീന്ദർ സിങ് ഹൂഡയെ ഉദ്ദേശിച്ചായിരുന്നു എന്നു വ്യക്തം. ഹൂഡയോടു കലഹിച്ച് മത്സരിക്കാനിറങ്ങിയ അഞ്ചു വിമതൻമാരാണ് കോൺഗ്രസിനെ പ്രതിസന്ധിയിലാക്കിയത്.

അംബാല കന്റോൺമെന്റിൽ ബിജെപിയാണ് ഇക്കുറി വിജയിച്ചത്. അവിടെ കോൺഗ്രസ് വിമതയായി മത്സരിച്ച ചിത്രം സർവാര സമാഹരിച്ചത് 52,581 ലേറെ വോട്ടുകൾ. കോൺഗ്രസ് സ്ഥാനാർഥി പർവീന്ദറിന് ലഭിച്ചതാകട്ടെ 14,469 വോട്ടുകളും. ഫലം വന്നപ്പോൾ സർവാര രണ്ടാം സ്ഥാനത്ത്. ബിജെപി സ്ഥാനാർഥി അനിൽ വിജ് 7,000 ത്തിലേറെ വോട്ടുകൾക്ക് വിജയിക്കുകയും ചെയ്തു. മറ്റൊരു മണ്ഡലമായ ബാദ്രയിൽ കോണ്‍ഗ്രസ് വിമതനായി മത്സരിച്ച സോംവീർ ഗസോല നേടിയത് 26,730 വോട്ടുകൾ. കോൺഗ്രസ് സ്ഥാനാർഥി സോംവീർ സിങ് 51,730 വോട്ടുകൾ നേടിയെങ്കിലും ബിജെപിയുെട ഉമേദ് സിങിനോട് തോറ്റത് 7,585 വോട്ടുകൾക്ക് മാത്രം. കൃത്യമായി വിമതൻ തന്നെ കോൺഗ്രസിനെ തോൽവിയിലേക്ക് നയിച്ചു.
ബല്ലബാർഗിലും വിമതശല്യമുണ്ടായി. കോൺഗ്രസ് വിമതയായി മത്സരിച്ച ശാരദ റാത്തോർ നേടിയത് 44,076 വോട്ടുകൾ. കോൺഗ്രസ് സ്ഥാനാർഥി പരാഗ് ശർമ ഇവിടെ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പരാഗ് നേടിയതാകട്ടെ 8,674 വോട്ടുകൾ. എഎപി സ്ഥാനാർഥി 6,634 വോട്ടുകൾ നേടിയതോടെ ബിജെപിയുെട മൂൽചന്ദ് ശർമയുടെ വിജയം അനായാസമായി. ഗൊഹാനയിൽ കോൺഗ്രസ് വിമതൻ ഹർഷ് ചിക്കാര നേടിയത് 14,761 വോട്ടുകൾ. ഔദ്യോഗിക സ്ഥാനാർഥിയായ ജഗ്ബീർ സിങ് മാലിക്കിന് ലഭിച്ചത് 46,626 വോട്ടുകൾ. ഇവിടെ ബിജെപിയുെട അരവിന്ദ് കുമാർ ശർമയുടെ വിജയമാകട്ടെ 10,429 വോട്ടുകൾക്കും. ഹൂഡ വിമതരുടെ നിര ഇനിയും നീളുമെങ്കിലും പ്രത്യക്ഷത്തിൽ കോൺഗ്രസിനെ തോൽവിയിലേക്ക് തള്ളിവിട്ടത് ഈ നാല് മണ്ഡലങ്ങളിലാണ്.

പുന്ദ്രി മണ്ഡലത്തിലും വിമതൻ കോൺഗ്രസിനെ ചതിച്ചു. സത്ബീർ ഭാന എന്ന കോൺഗ്രസ് വിതമന് ലഭിച്ചത് 40,608 വോട്ടുകൾ. ഔദ്യോഗിക സ്ഥാനാർഥി സുൽത്താൻ ജഡൗല നേടിയത് 26,341 വോട്ടുകളും. എന്നാൽ ബിജെപിയുടെ സത്പാൽ ജാംപ ജയിച്ചതാകട്ടെ 2,197 വോട്ടുകൾക്കും.
എഎപിയുടെ വകയും ‘മൂന്നിന്റെ’ പണിതിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു പിന്നാലെ എഎപിയെ സഖ്യത്തിലെത്തിക്കണമെന്ന് രാഹുൽ ഗാന്ധി ഹൂഡയോട് നിർദേശിച്ചിരുന്നെങ്കിലും അത് നടപ്പായില്ല. കോൺഗ്രസ് സംസ്ഥാന നേതൃത്വം എഎപിയ്ക്ക് സീറ്റ് നൽകുന്നതിനോട് വലിയ എതിർപ്പാണ് കാണിച്ചിരുന്നത്. ഒരു ഘട്ടത്തിൽ, പത്തു സീറ്റ് നൽകിയാൽ മുന്നണിയുടെ ഭാഗമാകാമെന്ന് എഎപി അറിയിച്ചെങ്കിലും ഹൂഡ തയാറായില്ല. ഇതോടെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കണ്ട ഇന്ത്യാ സഖ്യത്തിന്റെ ഒത്തൊരുമ ഹരിയാനയിൽ നഷ്ടപ്പെട്ടു.

അസന്ധ് മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥി ഷംഷീർ സിങ് നേടിയത് 52,455 വോട്ടുകൾ. എഎപി സ്ഥാനാർഥി അമൻദീപ് സിങ് നേടിയത് 4,290 വോട്ടുകളും. ഫലം വന്നപ്പോൾ ബിജെപിയുടെ യോഗീന്ദർ സിങ് 2,306 വോട്ടുകൾക്ക് വിജയിച്ചു. കൃത്യമായി ഇന്ത്യാ മുന്നണിയുടെ വോട്ട് ബാങ്ക് ഇവിടെ പിളർത്തപ്പെട്ടു. ഉച്ചന കലാൺ മണ്ഡലത്തിലാണ് ഹരിയാനയിലെ ഏറ്റവും വലിയ ഫോട്ടോ ഫിനിഷിങ് കണ്ടത്. ഇവിടെ 32 വോട്ടുകൾക്കാണ് ബിജെപിയുടെ ദേവേന്ദർ ചട്ടർ കോൺഗ്രസിന്റെ ബ്രിജേന്ദർ സിങിനെ തോൽപ്പിച്ചത്. എഎപിയുെട പവൻ ഫൗജിയാകട്ടെ 2,495 വോട്ടുകൾ പിടിക്കുകയും ചെയ്തു.
ദബ്‌വാലി മണ്ഡലത്തിൽ ഐഎൻഎൽഡിയുടെ ആദിത്യ ദേവിലാൽ നേടിയത് 56,074 വോട്ടുകൾ. രണ്ടാമത് എത്തിയ കോൺഗ്രസ് സ്ഥാനാർഥി അമിത് സിഹാഗ് നേടിയത് 55,464 വോട്ടുകളും. അതായത് വെറും 610 വോട്ടുകളുടെ തോൽവി. എന്നാൽ ഇവിടെ എഎപി സ്ഥാനാർഥി കുൽദീപ് സിങിന് 6,606 വോട്ടുകൾ ലഭിച്ചു. ഇതോടെ കോൺഗ്രസ് ഇവിടെ തോറ്റു.

ഹൂഡ = ഹാട്രിക് തോൽവിവിമതൻമാർ തന്ന ‘അഞ്ചിന്റെ പണി’ക്കൊപ്പം, എഎപിയിൽ നിന്ന് കിട്ടിയ ‘മൂന്നിന്റെ പണി’ കൂടി ആയതോടെ, ഹരിയാനയിൽ കോൺഗ്രസിന് ‘എട്ടിന്റെ പണി’ കിട്ടി; ഹൂഡയ്ക്ക് ഹാട്രിക് തോൽവിയും. എട്ട് സീറ്റുകളിലെങ്കിലും വിജയം ഉറപ്പിക്കാൻ സാധിച്ചിരുന്നെങ്കിൽ കോൺഗ്രസിന്റെ സീറ്റ് നില 45ലേക്ക് മാറിയേനെ. ബിജെപിയുടെത് 41 ആയും ഐഎൻഎൽഡിയുടേത് ഒന്നായും കുറയുകയും ചെയ്യുമായിരുന്നു. പക്ഷേ ഹൂഡയുടെ പിടിവാശിക്ക് മുന്നിൽ കോൺഗ്രസ് തോൽവി സമ്മതിച്ചു. ഇതിനൊപ്പം, കുമാരി സെൽജയുടെ ആവശ്യമനുസരിച്ച് കൂടുതൽ ദലിത് സ്ഥാനാർതികളെ കൂടി നിർത്തിയിരുന്നെങ്കിൽ ഒന്നോ രണ്ടോ സീറ്റുകൾ കൂടി കോൺഗ്രസ് പിടിച്ചെടുക്കുമായിരുന്നു. എന്തായാലും ഭരണവിരുദ്ധ വികാരം മുതലാക്കാനാകാതെ, ഹരിയാന കോൺഗ്രസ് തോൽവിയിലേക്ക് പതിക്കുകയായിരുന്നു. രാജസ്ഥാനിലും മധ്യപ്രദേശിലും കോൺഗ്രസിന് പറ്റിയ അബദ്ധം അങ്ങനെ ഹിന്ദി ഹൃദയഭൂമിയിലെ ഹരിയാനയിലും ആവർത്തിച്ചു.


Source link

Related Articles

Back to top button