കൈക്കൂലി ആരോപണം; പ്രശാന്തന്റെ മൊഴിയെടുത്ത് വിജിലൻസ്, രേഖകൾ ഹാജരാക്കാൻ നിർദ്ദേശം
കണ്ണൂർ: പെട്രോൾ പമ്പിന്റെ എൻ.ഒ.സിക്കായി കൈക്കൂലി കൊടുത്തന്നെ ആരോപണത്തിൽ പ്രശാന്തന്റെ മൊഴിയെടുത്ത് വിജിലൻസ്. കണ്ണൂരിലെ ഓഫിസിലേക്ക് വിളിച്ചുവരുത്തിയാണ് വിജിലൻസ് മൊഴിയെടുത്തത്. പ്രശാന്തനോട് രേഖകൾ ഹാജരാക്കാനും നിർദ്ദേശം നൽകി. കൈക്കൂലി നൽകിയ പണത്തിന്റെ ഉറവിടം, മുഖ്യമന്ത്രിക്ക് നൽകിയ പരാതി എന്നിവ അടക്കം ഹാജരാക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. രേഖകൾ പരിശോധിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കും.
പെട്രോൾ പമ്പ് വിവാദത്തിൽ ടി.വി. പ്രശാന്തനെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് പരാതി നൽകിയ മുസ്ലിം ലീഗ് നേതാവ് ടി.എൻ.എ. ഖാദറിന്റെ മൊഴിയും വിജിലൻസ് രേഖപ്പെടുത്തി. വിവാദ സ്ഥലം ഇരിക്കൂർ ചെങ്ങളായി പഞ്ചായത്തിലാണ്. കൈക്കൂലി നൽകിയതായി പ്രശാന്തൻ സ്വയം സമ്മതിച്ച സാഹചര്യത്തിലാണ് ഖാദർ വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകിയത്.
കോഴിക്കോട് സ്പെഷ്യൽ സെൽ എസ്.പി. അബ്ദുൽ റസാഖിനാണ് അന്വേഷണച്ചുമതല. നവീനെതിരെ ദിവ്യ നടത്തിയ അഴിമതി ആരോപണം, പ്രശാന്തന്റെ പരാതി എന്നിവയെക്കുറിച്ച് അന്വേഷിക്കുമെന്ന് വിജിലൻസ് സംഘം വ്യക്തമാക്കി. പ്രശാന്തൻ സർക്കാർ ഉദ്യോഗസ്ഥനെന്ന വിവരം മറച്ചുവച്ചാണോ പമ്പിന് അപേക്ഷിച്ചത്, നവീൻബാബുവിന് കൈക്കൂലി നൽകിയിരുന്നോ, ഉണ്ടെങ്കിൽ അക്കാര്യം കളക്ടർ ഉൾപ്പെടെയുള്ളവരെ അറിയിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ അന്വേഷണപരിധിയിൽ വരും.
അതേസമയം നവീൻ ബാബുവിന്റെ മരണത്തിൽ റവന്യുവകുപ്പും അന്വേഷണം ആരംഭിച്ചു. ലാൻഡ് റവന്യുജോയിന്റ് കമ്മിഷണർ എ. ഗീത കണ്ണൂർ കളക്ടറേറ്റിലെത്തി കളക്ടർ അരുൺ വിജയന്റെ മൊഴിയെടുത്തു. മരണത്തിൽ കളക്ടർക്കെതിരെ ആരോപണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് തുടർ അന്വേഷണത്തിനായി എ. ഗീതയെ ചുമതലപ്പെടുത്തിയത്. സംഭവത്തിൽ പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചത് കളക്ടറാണ്. പെട്രോൾ പമ്പ് എൻ.ഒ.സിയുമായി ബന്ധപ്പെട്ട ഫയൽനീക്കം ഗീത പരിശോധിച്ചു. എ.ഡി.എമ്മിന്റെ ഓഫിസിലെ ഉദ്യോഗസ്ഥരുടെയും മൊഴി രേഖപ്പെടുത്തി. അടുത്ത ദിവസവും തെളിവ് ശേഖരിക്കൽ തുടരും. കണ്ണൂരിൽ ക്യാമ്പ് ചെയ്ത് തന്നെ അന്വേഷണ റിപ്പോർട്ട് നൽകും.
Source link