ശബരിമല : റോഡുകൾ നവം.5 ന് മുമ്പ് സഞ്ചാരയോഗ്യമാക്കും
□ഏകോപനത്തിന് പ്രത്യേക ടീമെന്ന് മന്ത്രി റിയാസ്
തിരുവനന്തപുരം: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ ശബരിമലയുമായി ബന്ധപ്പെട്ടതും തീർത്ഥാടന പ്രാധാന്യമുള്ളതുമായ റോഡുകൾ നവംബർ 5 ന് മുൻപ് സഞ്ചാര യോഗ്യമാക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു. ശബരിമല മണ്ഡല മകരവിളക്ക് ഉത്സവവുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പിന്റെ ക്രമീകരണങ്ങൾ വിലയിരുത്താൻ മാസ്‌കോട്ട് ഹോട്ടലിൽ നടന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാന തലത്തിൽ ശബരിമല മണ്ഡല കാലത്തെ വകുപ്പിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ഒരു സ്‌പെഷ്യൽ കോർ ടീമിന് രൂപം നൽകി. പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി കൺവീനറായുള്ള കോർ ടീം സംസ്ഥാനത്തെ പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തും. കോർ ടീം അംഗങ്ങൾ ചുമതലയുള്ള ജില്ലകളിലെ ശബരിമലയുമായി ബന്ധപ്പെട്ട എല്ലാ വിഭാഗത്തിന്റെയും പ്രവൃത്തികൾ പരിശോധിക്കുകയും ഈ സീസൺ കാലയളവ് മുഴുവൻ പരാതികൾ യഥാസമയം പരിഹരിക്കുകയും ചെയ്യും. ചീഫ് എൻജിനീയർമാർ അടങ്ങുന്ന കോർ ടീം, ബന്ധപ്പെട്ട ജില്ലകളിൽ പരിശോധന നടത്തി
നവംബർ 1 ന് റിപ്പോർട്ട് സമർപ്പിക്കും.
ജില്ലകളിലെ റോഡ് പ്രവൃത്തികളുടെ കൺവീനർമാർ അതാത് ജില്ലകളിലെ നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർമാരായിരിക്കും. ചീഫ് എൻജിനീയറുടെ നേതൃത്വത്തിൽ കെട്ടിട വിഭാഗത്തിന്റെ പ്രവൃത്തികളും പ്രത്യേകമായി റസ്റ്റ് ഹൗസുകളുടെ പരാതിയില്ലാതെയുള്ള ക്രമീകരണങ്ങളും ഉറപ്പു വരുത്തും. ആശുപത്രികളിലും ഡിസ്‌പെൻസറികളിലും തടസമില്ലാതെ വൈദ്യുതി വിതരണം ഇലക്ട്രിക്കൽ വിഭാഗം ഉറപ്പാക്കും.
പി.ഡബ്ല്യു.ഡി ഫോർ യു, ടോൾ ഫ്രീ, കൺട്രോൾ റൂം എന്നിങ്ങനെയുള്ള പരാതി പരിഹാര സംവിധാനങ്ങളിൽ വരുന്ന മുഴുവൻ പരാതികളും അടിയന്തരമായി പരിഹരിക്കും. വാട്ടർ അതോറിട്ടി നടത്തുന്ന പ്രവർത്തനങ്ങൾ തീർത്ഥാടകരുടെ ഗതാഗതത്തെ ബാധിക്കാത്ത രീതിയിൽ പൂർത്തീകരിക്കുന്നതിന് ജലവിഭവ മന്ത്രിയുമായി പ്രത്യേക കൂടിക്കാഴ്ച നടത്തും.ശബരിമലയുമായി ബന്ധപ്പെട്ട് ജില്ലകളിലെ റോഡുകളിൽ നിരന്തരമായി അപകടം ഉണ്ടാകുന്ന സ്ഥലങ്ങൾ തിരിച്ചറിഞ്ഞ് ബന്ധപ്പെട്ട ജില്ലാ കളക്ടറെയും പൊലീസിനെയും അറിയിക്കും.
മന്ത്രി വീണാ ജോർജ്, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, ചീഫ് വിപ്പ് ഡോ. എൻ ജയരാജ്, എം.എൽ.എമാരായ കെ.യു ജനീഷ് കുമാർ, പ്രമോദ് നാരായൺ, സെബാസ്റ്റ്യൻ കുളത്തുങ്കൽ, വാഴൂർ സോമൻ തുടങ്ങിയവർ ഓൺലൈനായി സംബന്ധിച്ചു.
Source link