‘ഈ ചിത്രത്തിൽ മക്കളുള്ള എല്ലാ അച്ഛന്മാരുടെയും ചിത കാണുന്നു”
തിരുവനന്തപുരം: നവീൻബാബുവിന് അന്ത്യകർമ്മം ചെയ്യുന്ന ഇളയ മകൾ നിരുപമയുടെ ചിത്രം ഹൃദയവേദനയോടെയാണ് കേരളം നോക്കിക്കണ്ടത്. സോഷ്യൽ മീഡിയയിൽ ഈ ചിത്രം ആയിരങ്ങൾ പങ്കുവച്ചു. കേരളകൗമുദി ഒന്നാം പേജിൽ ഈ ചിത്രം പ്രസിദ്ധീകരിച്ചിരുന്നു. ഉള്ളുലയ്ക്കുന്ന പ്രതികരണങ്ങളാണ് ചിത്രത്തിനടിയിൽ നിറയുന്നത്.
എഴുത്തുകാരനായ ശ്രീകണ്ഠൻ കരിക്കകം ഇങ്ങനെ കുറിച്ചു.’ രണ്ട് പെൺമക്കളുടെ അച്ഛനാണ് ഞാനും. ജീവിതത്തെ വല്ലാതെ വെറുക്കുമ്പോഴെല്ലാം മുന്നോട്ടുപോകാൻ പ്രേരിപ്പിക്കുന്നത് അവരുടെ മുഖമാണ്. ഒരു ആൺകുട്ടി ‘അച്ഛാ… ” എന്ന് വിളിക്കുന്നതിനേക്കാൾ ആയിരം ഇരട്ടി ആർദ്രതയിലേ ഒരു പെൺകുട്ടിക്ക് ‘അച്ഛാ…” എന്ന് വിളിക്കാനാവൂ… മുതിരുന്തോറും പെൺകുട്ടികൾ അമ്മയെക്കാളും മനസിലാക്കുന്നത് അച്ഛന്റെ നിശബ്ദ സഹനങ്ങളെയായിരിക്കും. ഒന്ന് മുഖം വാടിയിൽ പിന്നാലെ നടന്ന് ‘എന്തുപറ്റി?” എന്ന് ചോദിക്കുന്ന പെൺമക്കൾ എനിക്കുമുണ്ട്. അവരുടെ പഠനം, തൊഴിൽ, സ്വന്തം കാലിൽ നിൽക്കുന്ന അന്തസ്, ആവശ്യമെങ്കിൽ വേണ്ട വിവാഹം… ഇതൊക്കെ ഒരു ലോഹിതദാസ് സിനിമയിലെ കഥാപാത്രങ്ങളെപ്പോലെ നിഷ്കളങ്കമായെങ്കിലും ഇടക്കിടെ ഞാനും ഓർക്കാറുണ്ട്. എപ്പോഴോ ഒരിക്കൽ, ‘ഞാൻ മരിച്ചാൽ കർമ്മങ്ങൾ ചെയ്യാൻ ആരെയും കാക്കരുത്. നിങ്ങൾ ചെയ്യണം” എന്ന് രണ്ട് പെൺമക്കളോടായി പറയുമ്പോൾ അവർ എന്നെ സങ്കടത്തോടെ നോക്കിയ ഒരു നോട്ടമുണ്ട്.
അതുകൊണ്ടാകണം, ഇന്നലെ മുതൽ ഞാൻ ഈ ചിത്രത്തിൽ എന്റെ ചിത കാണുന്നു. മക്കളുള്ള എല്ലാ അച്ഛന്മാരുടേയും ചിത കാണുന്നു. മാറേണ്ട അധികാര ഗർവ്വിന്റെ ചിത കാണുന്നു…”
ഈ പോസ്റ്റ് ഷെയർ ചെയ്ത റിട്ട. ഐ.എ.എസ് ഉദ്യോഗസ്ഥനും സാഹിത്യകാരനുമായ കെ.വി.മോഹൻകുമാർ ശ്രീകണ്ഠന്റെ എഫ്.ബി പോസ്റ്റ് വല്ലാതെ ഉലച്ചുവെന്ന് കുറിച്ചു. ‘അടുത്ത് പരിചയമില്ലെങ്കിലും 26 വർഷം മുൻപ് റവന്യു വകുപ്പിൽ പത്തനംതിട്ടയിൽ ജോലി ചെയ്തിരുന്ന കാലത്ത് എന്റെ സഹപ്രവർത്തകനായിരുന്നിരിക്കണം നവീൻ ബാബു. ആ അന്ത്യം ദാരുണമായിപ്പോയി. അപക്വമായ അധികാര ഗർവ്വിന്റെ ഇരയാണ് നവീൻ ബാബു എന്ന സത്യസന്ധനായ ഉദ്യോഗസ്ഥൻ. ചിതയ്ക്ക് വലം വയ്ക്കുന്ന നവീന്റെ മകളുടെ മുഖം ഉള്ളുലയ്ക്കുന്നു. അവളുടെ മുഖത്ത് കരിനിഴൽ വീഴ്ത്തിയ ഗർവിഷ്ടയായ ആ സ്ത്രീ ഈ ചിത്രത്തിൽ ഒരുനിമിഷം നോക്കിയാൽ അല്പമെങ്കിലും മനുഷ്യത്വം അവശേഷിക്കുന്നുണ്ടെങ്കിൽ അവരുടെ ഹൃദയം തകരും. രണ്ട് പെൺമക്കളുടെ അച്ഛനായ എനിക്കും പെൺമക്കളുടെ സ്നേഹത്തെക്കുറിച്ച് ഒരുപാട് പറയാനുണ്ട്. ജില്ലാ പഞ്ചായത്ത് അധികാരി ദിവ്യ സഹപ്രവർത്തകനെ പരസ്യമായി അധിക്ഷേപിച്ചപ്പോൾ അതുതടയാതെ, ഒന്നും പ്രതികരിക്കാതെ മൂക്കിൻ തുമ്പ് ഞെരടി ആസ്വദിച്ചിരുന്ന ജില്ലാ കളക്ടറും സംശയത്തിന്റെ നിഴലിലാണല്ലോ? പ്രസിഡന്റും കളക്ടറും തമ്മിലുള്ള ഒത്തുകളി ആയിരുന്നോ എന്നും സംശയിക്കണം.” മോഹൻകുമാർ എഴുതി.
Source link