പന്നു വധശ്രമക്കേസ് : മുൻ റോ ഉദ്യോഗസ്ഥനെതിരേ യുഎസിൽ അറസ്റ്റ് വാറണ്ട്
വാഷിംഗ്ടൺ: യുഎസിൽ കഴിയുന്ന സിഖ് വിഘടനവാദ നേതാവ് ഗുർപട്വന്ത് സിംഗ് പന്നുവിനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ഇന്ത്യൻ രഹസ്യാന്വേഷണ വകുപ്പിലെ (റോ) മുൻ ഉദ്യോഗസ്ഥനെതിരേ യുഎസിൽ കേസെടുത്തു. മുൻ റോ ഉദ്യോഗസ്ഥനായ വികാസ് യാദവിനെതിരേ യുഎസ് അന്വേഷണ ഏജൻസിയായ എഫ്ബിഐ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തു. പന്നുവിനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തി, കള്ളപ്പണ വെളുപ്പിച്ചു തുടങ്ങിയ കുറ്റങ്ങളാണ് വികാസ് യാദവിനെതിരേ ചുമത്തിയിരിക്കുന്നത്. ന്യൂയോർക്കിൽ പ്രവർത്തിക്കുന്ന വിഘടനവാദ സംഘടനയായ സിഖ് ഫോർ ജസ്റ്റീസിന്റെ തലവനാണ് യുഎസ്, കനേഡിയൻ പൗരത്വമുള്ള പന്നു. ഇയാളെ ഭീകരവാദിയായി ഇന്ത്യ നേരത്തേ പ്രഖ്യാപിച്ചിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദർശനത്തിനു തൊട്ടുമുന്‍പാണ് നിഖിൽ ഗുപ്തയെന്ന ഇന്ത്യക്കാരന്റെ സഹായത്തോടെ പന്നുവിനെ വധിക്കാൻ വികാസ് യാദവ് നീക്കംനടത്തിയത്. ഒരു ലക്ഷം ഡോളർ ഇതിനായി വികാസ് യാദവ് നൽകിയെന്നും യുഎസ് നീതിന്യായ വകുപ്പ് ആരോപിക്കുന്നു. കഴിഞ്ഞ ജൂണിൽ ചെക് റിപ്പബ്ലിക്കിൽ നിന്ന് നിഖിൽ ഗുപ്തയെ അറസ്റ്റ്ചെയ്തിരുന്നു. അതേസമയം വികാസ് യാദവിന് നിലവിൽ റോയുമായി ബന്ധമില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. യുഎസിന്റെ ആരോപണത്തെത്തുടർന്ന് ഡൽഹിയിൽ ഇതുസംബന്ധിച്ച അന്വേഷണത്തിനായി സമിതിയെയും നിയോഗിച്ചിരുന്നു. സംഭവങ്ങളിൽ ഇന്ത്യയുടെ സഹകരണ നിലപാടിനെ സ്വാഗതം ചെയ്യുന്നതായി യുഎസ് വ്യക്തമാക്കുകയും ചെയ്തിരുന്നു.
Source link