നിശബ്ദമായി നവീൻ ബാബുവിന്റെ കുടുംബം
പത്തനംതിട്ട : ചിതയിലെ കനൽ കെട്ടടങ്ങിയിട്ടും മഞ്ജുഷയുടേയും മക്കളുടേയും ഉള്ളിലെ തീ അണയുന്നില്ല. എപ്പോഴും ചിരിയും കളിയും നിറഞ്ഞിരുന്ന നവീൻ ബാബുവിന്റെ കാരുവള്ളിയിലെ വീട് ഇപ്പോൾ നിശബ്ദമാണ്. ശോകമൂകമായ വീട്ടിൽ നിരുപമയേയും നിരഞ്ജനയേയും ഇരുവശത്തും ചേർത്ത് പിടിച്ച് വിതുമ്പുന്ന മഞ്ജുഷയെ കാണുമ്പോൾ തന്നെ ഉള്ളുലയും.
അച്ഛനൊപ്പമില്ലെന്ന സത്യം ഉൾക്കൊള്ളാൻ കഴിയാത്ത മക്കളെ സാന്ത്വനിപ്പിക്കാൻ ഉറ്റവർക്കോ സഹപ്രവർത്തകർക്കോ കഴിയുന്നില്ല. കുത്തുവാക്കുകൾ കൊണ്ട് നോവിച്ചപ്പോൾ അരുതെന്ന് പറയാൻ ആരും ഉണ്ടായില്ലെന്നതാണ് കുടുംബത്തിന്റെ കഠിന ദുഃഖം. അത്രയും നാൾ കൂടെയുണ്ടായിരുന്ന തങ്ങളുടെ പ്രിയപ്പെട്ട ഉദ്യോഗസ്ഥനെ അപമാനിച്ചപ്പോൾ എതിരെ ശബ്ദം ഉയർത്താൻ ഒരാളെങ്കിലും ഉണ്ടായിരുന്നെങ്കിൽ നിരുപമയ്ക്കും നിരഞ്ജനയ്ക്കും ഒരു പക്ഷെ തങ്ങളുടെ അച്ഛനെ നഷ്ടപ്പെടില്ലായിരുന്നുവെന്ന് സമീപവാസികൾ പറയുന്നു. ആർക്കും മോശമായ യാതൊരു അനുഭവവും നവീൻ ബാബുവിൽ നിന്ന് നേരിടേണ്ടി വന്നിട്ടില്ലെന്നാണ് നാട്ടുകാരുടേയും സഹപ്രവർത്തകരുടേയും ഒ അഭിപ്രായം. നവീൻ ബാബുവിനെ യാത്ര അയക്കാൻ ഒരു നാടുമുഴുവനും എത്തിയ കാഴ്ച ഇത് ശരി
വയ്ക്കുന്നു .
സംസ്കാരം നടന്ന ദിവസം ജില്ലയിലെ സർക്കാർ ഓഫീസുകളെല്ലാം നിശ്ചലമായിരുന്നു. ഇപ്പോഴും കാരുവള്ളിയിലെ വീട്ടിൽ സന്ദർശകർ നിലച്ചിട്ടില്ല. മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും ഒന്നടങ്കം മലയാലപ്പുഴയിലെ നവീൻ ബാബുവിന്റെ വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിക്കുന്നുണ്ട്. മാദ്ധ്യമങ്ങളിൽ നിന്ന് കുടുംബം വിട്ടു നിൽക്കുകയാണ്. തങ്ങളുടെ വാക്കുകൾ കേസിന് എതിരാകരുതെന്നും നിയമപരമായി മുമ്പോട്ട് പോകുന്നതിന് തടസമാകരുതെന്നും ഉറപ്പാക്കാൻ കൂടിയാണ് ഈ മുൻകരുതൽ .
Source link