ദേവേന്ദ്ര കുമാർ ജോഷി കേരള ഗവർണറായേക്കും
ന്യൂഡൽഹി: ആൻഡമാൻ നിക്കോബാർ ലെഫ്റ്റനന്റ് ഗവർണറും മുൻ നാവിക സേനാ മേധാവിയുമായ ദേവേന്ദ്ര കുമാർ ജോഷി പുതിയ കേരള ഗവർണറായേക്കും.
ഇക്കൊല്ലം സെപ്തംബർ 6ന് കാലാവധി പൂർത്തിയാക്കിയ ആരിഫ് മുഹമ്മദ് ഖാന് മറ്റൊരു ചുമതലയും നൽകിയേക്കും.
സിന്ധുരത്ന മുങ്ങിക്കപ്പൽ അഗ്നിബാധയെ തുടർന്ന് 2014 ഫെബ്രുവരിയിൽ നാവികസേനാ മേധാവി പദവി രാജിവച്ച ദേവേന്ദ്ര ജോഷി 2017 ഒക്ടോബറിലാണ് ആൻഡമാൻ നിക്കോബാർ ലെഫ്റ്റനന്റ് ഗവർണർ ആയത്. നാവികസേനാ മേധാവിയായിരിക്കെ രാജിവയ്ക്കുന്ന ആദ്യ വ്യക്തിയാണ്.
മറ്റ് ചില സംസ്ഥാനങ്ങളിലും പുതിയ ഗവർണർമാരെ നിയമിച്ചേക്കും.
ഗോവയിൽ മുതിർന്ന ബി.ജെ.പി നേതാവും മലയാളിയുമായ ഗവർണർ പി.എസ്. ശ്രീധരൻ പിള്ളയ്ക്കും മാറ്റം വന്നേക്കും. 2019 മുതൽ മിസോറാം ഗവർണറായിരിക്കെ, 2021 ജൂലായ് 15നാണ് ഗോവ ഗവർണറായത്.മികച്ച പ്രവർത്തനമാണെന്നതിനാൽ അദ്ദേഹത്തിനു മറ്റൊരു സംസ്ഥാനം
നൽകാനുമിടയുണ്ട്.
ജമ്മു കാശ്മീരിൽ നാലു വർഷം മുൻപ് ലെഫ്. ഗവർണർ ആയ മനോജ് സിൻഹയെയും മാറ്റിയേക്കും. പകരം ആർ.എസ്.എസ് ബന്ധമുള്ള ബി.ജെ.പി മുൻ ദേശീയ ജനറൽ സെക്രട്ടറി റാം മാധവിനെയും ദേവേന്ദ്ര ജോഷിയെയും പറഞ്ഞുകേൾക്കുന്നുണ്ട്.
മുതിർന്ന ബി.ജെ.പി നേതാക്കളായ അശ്വനി ചൗബെ, വി.കെ. സിംഗ്, മുഖ്താർ അബ്ബാസ് നഖ്വി തുടങ്ങിയവരെയും ഗവർണർ, ലെഫ്. ഗവർണർ സ്ഥാനത്തേക്ക് പരിഗണിക്കുന്നതായി അറിയുന്നു.
മഹാരാഷ്ട്ര-ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം നിയമനങ്ങൾ നടക്കുമെന്നാണ് സൂചന.
മാറാൻ സാദ്ധ്യതയുള്ള മറ്റ് ഗവർണർമാർ
ഉത്തർപ്രദേശ്-ആനന്ദിബെൻ പട്ടേൽ (2019 ജൂലായ് 29), ഹരിയാന-ബന്ദാരു ദത്താത്രേയ (2021ജൂലായ് 15 ). ഗുജറാത്ത്-ആചാര്യ ദേവ് വ്രത് (2019 ജൂലായ് 22). കർണാടക-തവർ ചന്ദ് ഗെലോട്ട് (2021 ജൂലായ് 11). മധ്യപ്രദേശ്-മംഗുഭായ് സി പട്ടേൽ (2021 ജൂലായ് 8). ഉത്തരാഖണ്ഡ്-ലെഫ്. ജനറൽ ഗുർമിത് സിംഗ് (2021 സെപ്തംബർ 15). തമിഴ്നാട്-ആർ.എൻ.രവി (2021 സെപ്തംബർ 18).
ദാദ്ര-നാഗർ ഹവേലി-ദാമൻ ദിയു-പ്രഫുൽ ഖോഡ പട്ടേൽ (2020 ജനുവരി 26).
Source link