‘ഈ സീറ്റിൽ എങ്ങനെ കണ്ണൂർവരെ ഇരിക്കും, റെയിൽവേയുടെ ഈ ചതി ഞങ്ങളോട് വേണ്ടായിരുന്നു’; കോച്ചുകൾക്കെതിരെ പരാതി
തിരുവനന്തപുരം: കേരളത്തിലെ ജനപ്രിയ ട്രെയിനുകളിലൊന്നായ തിരുവനന്തപുരം – കണ്ണൂർ ജനശദാബ്ദി എക്‌സ്‌പ്രസ് പുത്തൻ മാറ്റങ്ങളോടെ ആദ്യ യാത്ര ആരംഭിച്ചു. കോട്ടയം വഴി സർവീസ് നടത്തുന്ന ട്രെയിൻ ജർമൻ സാങ്കേതിക വിദ്യയിൽ ഓടുന്ന എൽഎച്ച്ബി കോച്ചുകളിലേയ്ക്ക് മാറിയിരിക്കുകയാണ്.
കണ്ണൂർ – തിരുവനന്തപുരം ജനശദാബ്ദിയിലെ കോച്ചുകളെ സംബന്ധിച്ച് കാലങ്ങളായി യാത്രക്കാർക്ക് പരാതിയുണ്ടായിരുന്നു. തീരെ മോശം അവസ്ഥയിലുള്ളതായിരുന്നു കോച്ചുകൾ. പൂർണമായും എൽഎച്ച്ബി കോച്ചുകളിലേയ്ക്ക് മാറിയതോടെ മികച്ച സൗകര്യങ്ങളാണ് ട്രെയിനിൽ ഒരുക്കിയിരിക്കുന്നത്. മൊബൈൽ ചാർജിംഗ് പോയിന്റുകൾ, എൽഇഡി ലൈറ്റുകൾ, നിറയെ ഫാനുകൾ, എസി കോച്ചുകളിൽ പുഷ് ബാക്ക് സീറ്റുകൾ, ബയോടോയ്‌ലറ്റ് സംവിധാനമുള്ള ആധുനിക ടോയ്‌ലറ്റുകൾ എന്നിവയാണ് കോച്ചിലെ പ്രധാന സൗകര്യങ്ങൾ.
കോച്ചുകൾ കൂട്ടിയിടിച്ചാൽ അപകടസാദ്ധ്യത കുറവാണെന്നതാണ് മറ്റൊരു സവിശേഷത. ഭാരക്കുറവുള്ള ലോഹഭാഗങ്ങൾകൊണ്ടാണ് നിർമിച്ചിട്ടുള്ളത്. ഇത്തരം കോച്ചുകൾ മാത്രമുള്ള തീവണ്ടികൾക്ക് അതിവേഗം യാത്രചെയ്യാനുമാകും.
പുതിയ സൗകര്യങ്ങൾ ഏർപ്പെടുത്തിയെങ്കിലും കോച്ചിലെ സീറ്റുകളെക്കുറിച്ച് വ്യാപക പരാതികൾ ഉയരുകയാണ്. ദീർഘദൂര സർവീസിന് അനുയോജ്യമായ സീറ്റുകളല്ല എന്നതാണ് പ്രധാന പരാതി. മെമുവിന്റെ സീറ്റ് കൊടുത്ത് ഇന്ത്യൻ റെയിൽവേ ആളുകളെ പറ്റിച്ചു, 50 വർഷം പിന്നോട്ട് പോയ സീറ്റ്…… ഈ ചതി വേണ്ടായിരുന്നു. പഴയ സീറ്റ് വ്യക്തികൾക്ക് അനുയോജ്യമായത് ആയിരുന്നു. ഹാന്റ് സെറ്റ്, ഫുഡ് ടേബിൾ, വാട്ടർ ബോട്ടിൽ ഹാംഗർ എന്നിവ ഉണ്ടായിരുന്നു, ലോക്കൽ ട്രെയിനിന്റെ സീറ്റാണ് കൊടുത്തിട്ടുള്ളത്, മെമുവിന്റെ സീറ്റ് കൊടുത്തത് അൽപത്തരം ആയി പോയി. തിരുവനന്തപുരം- കണ്ണൂർ എന്തോ അടുത്തടുത്ത ജില്ല പോലെയാ നോൺ എസി കോച്ച് തയാറാക്കിയവർ മനസ്സിലാക്കിയത്, പറ്റിക്കപ്പെട്ട ഒരു ഫീൽ എന്നുള്ള കമന്റുകളാണ് കൂടുതലും ഉയരുന്നത്. സമൂഹമാദ്ധ്യമങ്ങളിലടക്കം യാത്രക്കാർ സീറ്റിനെക്കുറിച്ച് പരാതി ഉന്നയിക്കുന്നുണ്ട്.
Source link