മലബാറിൽ പുതിയ ജില്ല വേണം : അൻവർ
മഞ്ചേരി: മലപ്പുറം, കോഴിക്കോട് ജില്ലകളെ വിഭജിച്ച് മലബാറിൽ പുതിയ ജില്ല രൂപീകരിക്കണമെന്ന ആവശ്യമടക്കം ഉയർത്തി സാമൂഹിക സംഘടനയായ ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരളയുടെ (ഡി.എം.കെ) നയം പ്രഖ്യാപിച്ച് പി.വി.അൻവർ എം.എൽ.എ. ഇതൊരു രാഷ്ട്രീയ പാർട്ടിയല്ലെന്നും,എല്ലാ പൗരന്മാർക്കും രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക നീതിയാണ് ലക്ഷ്യമിടുന്നതെന്നും ഇന്നലെ മഞ്ചേരിയിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിൽ അദ്ദേഹം പറഞ്ഞു. സി.പി.എമ്മിനെയും മുഖ്യമന്ത്രിയെയും വെല്ലുവിളിച്ച് സംഘടിപ്പിച്ച യോഗത്തിലേക്ക് കോരിച്ചൊരിയുന്ന മഴയെ അവഗണിച്ച് പതിനായിരങ്ങളെത്തി.
ലോക്‌സഭ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് പരവതാനി വിരിച്ച മുഖ്യമന്ത്രി നിയമസഭയിലും ബി.ജെ.പിയുടെ സാന്നിദ്ധ്യം ഉറപ്പാക്കുമെന്ന് അൻവർ ആരോപിച്ചു. പാലക്കാട് ഉപ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുമായി കച്ചവടം ഉറപ്പിച്ചിട്ടുണ്ട്. ചേലക്കരയിൽ ബി.ജെ.പി സി.പി.എമ്മിന് വോട്ട് ചെയ്യും. എ.ഡി.ജി.പി അജിത് കുമാറാണ് ഡീലിന് പിന്നിൽ. സ്റ്റാലിന്റെ ആശിർവാദം തേടിയാണ് ചെന്നൈയിൽ പോയത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരാൾ ചെന്നൈയിലെത്തി സ്റ്റാലിനെക്കൊണ്ട് തനിക്കെതിരെ പറയിപ്പിക്കാൻ ശ്രമിച്ചു. രണ്ട് മാസത്തിനകം ജില്ല, മണ്ഡലം കമ്മിറ്റികൾ രൂപീകരിക്കും. തിങ്കളാഴ്ച പ്രസിദ്ധീകരിക്കുന്ന 25 മൊബൈൽ നമ്പറുകളിൽ വിവരങ്ങൾ നൽകി സംഘടനയിൽ അംഗമാകാമെന്നും അൻവർ അറിയിച്ചു.
Source link