പുതിയ കെപ്കോ യൂണിറ്റുകൾ തുടങ്ങും: മന്ത്രി ചിഞ്ചുറാണി
തിരുവനന്തപുരം: കേരള ചിക്കന്റെയും മുട്ടയുടെയും ഉത്പാദനം വർദ്ധിപ്പിക്കുന്നതിനായി കേരള പൗൾട്രി വികസന കോർപ്പറേഷന്റെ(കെ.എസ്.പി.ഡി.സി) നേതൃത്വത്തിൽ സംസ്ഥാനത്ത് പുതുതായി 2500 യൂണിറ്റുകൾ ആരംഭിക്കുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. കുടുംബശ്രീ,സ്വയം സംരംഭങ്ങൾ എന്നിവ മുഖേനെ 50,000രൂപ മൂലധന സഹായത്തോടെയാണ് പുതിയ യൂണിറ്റുകൾ തുടങ്ങുക. പുതിയതും പഴയതുമായ യൂണിറ്റുകളുടെ സഹായത്തോടെ പ്രതിമാസം 3 ലക്ഷം പക്ഷികളെ ഉത്പാദിപ്പിക്കാനാണ് ലക്ഷ്യമാക്കുന്നതെന്നും മന്ത്രി പറഞ്ഞു.കെ.എസ്.പി.ഡി.സിയുടെ നേതൃത്വത്തിൽ കുടപ്പനക്കുന്ന് ബ്രീഡിംഗ് ഫാമിൽ സ്ഥാപിച്ച പുതിയ ബ്രോയിലർ ബ്രീഡർ ഫാം ഷെഡിന്റെ ഉദ്ഘാടനവും സെറ്റർ ഹാച്ചർ യൂണിറ്റുകളുടെ സ്വച്ച്ഓൺ കർമ്മവും നിർവഹിക്കുകയായിരുന്നു മന്ത്രി.
അഡ്വ.വി.കെ. പ്രശാന്ത് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.പി.ഡി.സി ചെയർമാൻ പി.കെ. മൂർത്തി,എം.ഡി ഡോ.പി.സെൽവകുമാർ,മൃഗസംരക്ഷണവകുപ്പ് അഡി.ഡയറക്ടർ കെ. സിന്ധു,നിർമ്മിതി കേന്ദ്രം റീജിയണൽ ഡയറക്ടർ സീന വഹാബ്,പൗൾട്രി, മൃഗസംരക്ഷണ വകുപ്പ് ജോയിന്റ് ഡയറക്ടർ ഡോ.ബി. അജിത് ബാബു തുടങ്ങിയവർ പ്രസംഗിച്ചു.
Source link