KERALAMLATEST NEWS

എഡിഎമ്മിന്റെ മരണം; കണ്ണൂരിലും മലയാലപ്പുഴയിലും ഹർത്താൽ, റവന്യു ജീവനക്കാർ കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കും

കണ്ണൂര്‍: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് കണ്ണൂരിൽ ഇന്നും പ്രതിഷേധം കടുക്കും. ആരോപണ വിധേയയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയുടെ ഇരിണാവിലെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസും യുവമോർച്ചയും ഇന്ന് മാർച്ച് പ്രഖ്യാപിച്ചിട്ടുണ്ട്.

ദിവ്യക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂർ ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് കണ്ണൂർ കലക്ടറേറ്റിനു മുമ്പിൽ നടത്തുന്ന സത്യാഗ്രഹ സമരം തുടരുകയാണ്. സംഭവത്തിൽ പ്രതിഷേധിച്ച് കണ്ണൂർ കോര്‍പ്പറേഷൻ പരിധിയിൽ ബിജെപി ആഹ്വാനം ചെയ്ത ഹർത്താൽ ആരംഭിച്ചു. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ടു റവന്യൂ വകുപ്പ് ജീവനക്കാർ ഇന്ന് സംസ്ഥാന വ്യാപകമായി അവധിയെടുത്ത് പ്രതിഷേധിക്കും.

പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം നവീൻ ബാബുവിന്റെ മൃതദേഹം ഇന്നലെ രാത്രി 12.30ഓടെ ബന്ധുക്കൾക്ക് വിട്ടുനൽകി. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ, സിപിഎം സംസ്ഥാന കമ്മിറ്റി അംഗം ടി വി രാജേഷ്, ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരി തുടങ്ങിയവർ പരിയാരം മെഡിക്കൽ കോളേജിൽ അന്തിമോപചാരമർപ്പിക്കാൻ എത്തിയിരുന്നു.

കണ്ണൂർ പള്ളിക്കുന്നിലുള്ള ക്വാർട്ടേഴ്സിൽ ഇന്നലെ രാവിലെ തൂങ്ങിമരിച്ച നിലയിലാണ് നവീനെ കണ്ടെത്തിയത്. വിരമിക്കാൻ ഏഴുമാസം ശേഷിക്കേ ജന്മനാടായ പത്തനംതിട്ടയിലേക്ക് സ്ഥലംമാറ്റം കിട്ടിയതിന്റെ യാത്രയയപ്പ് ചടങ്ങ് തിങ്കളാഴ്ച ജില്ലാകളക്ടറുടെ സാന്നിദ്ധ്യത്തിലാണ് നടന്നത്. ശ്രീകണ്ഠാപുരം ചെങ്ങളായിയിൽ ടി വി പ്രശാന്തൻ എന്നയാൾ തുടങ്ങുന്ന പെട്രോൾ പമ്പിന് എൻഒസി നൽകുന്നതുമായി ബന്ധപ്പെട്ടായിരുന്നു ദിവ്യയുടെ കുത്തുവാക്കുകൾ. വിവരങ്ങളെല്ലാം തന്റെ കൈവശമുണ്ടെന്നും രണ്ടു ദിവസത്തിനുള്ളിൽ കാര്യങ്ങൾ വ്യക്തമാകുമെന്നും പറഞ്ഞ ദിവ്യ എഡിഎമ്മിന് ഉപഹാരം നൽകുമ്പോൾ നിൽക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞാണ് വേദിവിട്ടത്.

പത്തനംതിട്ട എഡിഎമ്മായി ചുമതലയേൽക്കാൻ തിങ്കാളാഴ്ച രാത്രി ഒമ്പത് മണിയുടെ ട്രെയിനിൽ നാട്ടിലേക്ക് പോകുമെന്ന് നവീൻ പറഞ്ഞിരുന്നു. ഇന്നലെ രാവിലെ കൂട്ടിക്കൊണ്ടുപോകാൻ ഭാര്യയും മക്കളും ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയെങ്കിലും കണ്ടില്ല. തുടർന്ന് കണ്ണൂരിലെ ഡ്രൈവറെയും കളക്ടറെയും വിവരമറിയിച്ചു. ഡ്രൈവറും ഗൺമാനും ക്വാർട്ടേഴ്സിൽ എത്തിയപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം രാത്രിയോടെ ബന്ധുക്കൾ ഏറ്റുവാങ്ങി. ഇന്നലെ പുലർച്ചെ നാലു മണിയോടെയാണ് മരണം സംഭവിച്ചതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്.

റിട്ട.ഹെഡ്മാസ്റ്റർ പരേതനായ കിട്ടൻ നായരുടെയും റിട്ട.അദ്ധ്യാപികയും മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് അംഗവുമായിരുന്ന പരേതയായ രത്നമ്മയുടെയും മകനാണ്. കോന്നി തഹസിൽദാർ മഞ്ജുഷയാണ് ഭാര്യ. മക്കൾ: എഞ്ചിനിയറിംഗ് കഴിഞ്ഞ് കോന്നി സി.എഫ്.ആർ.ഡി കോളേജിൽ പി.ജിക്ക് പഠിക്കുന്ന നിരുപമ, പ്ലസ്ടു കഴിഞ്ഞ നിരഞ്ജന. സഹോദരങ്ങൾ: കെ.പ്രവീൺ ബാബു (ഹൈക്കോടതി അഭിഭാഷകൻ), റിട്ട.അദ്ധ്യാപിക ഷീല.


Source link

Related Articles

Back to top button