കണ്ണൂർ എഡിഎം നവീൻ ബാബു മരിച്ച നിലയിൽ, മൃതദേഹം കണ്ടെത്തിയത് ക്വാർട്ടേഴ്‌സിൽ
കണ്ണൂർ: കണ്ണൂർ എഡിഎം കെ. നവീൻ ബാബു മരിച്ച നിലയിൽ. പള്ളിക്കുന്നിലെ ക്വാർട്ടേഴ്‌സിലാണ് എഡിഎമ്മിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. നവീൻ ബാബുവിനെതിരെ ഇന്നലെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. പത്തനംതിട്ട എഡിഎം ആയി സ്ഥലം മാറ്റം ലഭിച്ചതിനെ തുടർന്ന് ജില്ലാ കളക്‌ടറുടെ നേതൃത്വത്തിൽ നവീൻ ബാബുവിന് ഇന്നലെ യാത്രയയപ്പ് നൽകിയിരുന്നു. ഈ ചടങ്ങിലേക്കാണ് ക്ഷണിക്കപ്പെടാതെ പി.പി ദിവ്യ എത്തി അഴിമതി ആരോപണം ഉന്നയിച്ചത്.
ചെങ്ങളായിലെ പെട്രോൾ പമ്പിന് അനുമതി നൽകുന്നതിൽ അഴിമതി നടത്തിയെന്നായിരുന്നു പി.പി ദിവ്യയുടെ ആരോപണം. നവീൻ ബാബു ഇനി പോകുന്ന സ്ഥലത്ത് ഇങ്ങനെ പ്രവർത്തിക്കരുതെന്നും, ഉപഹാരം നൽകുന്നത് കാണാൻ ആഗ്രഹിക്കുന്നില്ലെന്നും പറഞ്ഞ് അവർ ഉടൻ വേദി വിടുകയും ചെയ്തു. നേരിട്ട അപമാനത്തിൽ മനംനൊന്താണ് ജീവനൊടുക്കിയതെന്നാണ് വിവരം. താൻ ശുപാർശ ചെയ്തിട്ടും നടക്കാത്ത കാര്യം പിന്നീട് മറ്റൊരാളുടെ ശുപാർശയിൽ നടന്നതിലെ എതിർപ്പാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാണിച്ചതെന്ന വിമർശനം ഉയരുന്നുണ്ട്.
കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് കാസർകോട് നിന്നാണ് കണ്ണൂരിലേക്ക് എഡിഎം ആയി നവീൻ ബാബു എത്തിയത്. ഇന്നലത്തെ യാത്രയയപ്പ് കഴിഞ്ഞ് രാത്രി മലബാർ എക്‌സ്‌പ്രസിൽ കണ്ണൂരിൽ നിന്ന് പത്തനംതിട്ടയിലേക്ക് പോകേണ്ടതായിരുന്നു. രാവിലെ ട്രെയിനിൽ അദ്ദേഹം ഇല്ലെന്നറിഞ്ഞ് കുടുംബാംഗങ്ങൾ വിവരമറിയച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്. ഭാര്യ മഞ്ജുഷ കോന്നി തഹസിൽദാരാണ്. രണ്ട് പെൺമക്കളാണുള്ളത്.
Source link