‘പെട്രോൾ പമ്പ് ദിവ്യയുടെ കുടുംബത്തിനുവേണ്ടിയാണോയെന്ന് സംശയം’; എഡിഎമ്മിന്റെ മരണത്തിൽ കെ സുരേന്ദ്രൻ
കണ്ണൂർ: കണ്ണൂർ എഡിഎം കെ. നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. പി ദിവ്യ ക്ഷണിക്കാത്ത ചടങ്ങിലേയ്ക്ക് വന്നതിലും പരാതിക്ക് പിന്നിലും ഗൂഢാലോചന സംശയിക്കുന്നതായി കെ സുരേന്ദ്രൻ പറഞ്ഞു. സമൂഹമാദ്ധ്യമ പോസ്റ്റിലൂടെയായിരുന്നു പ്രതികരണം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ഇവിടെ നാം കാണാതെ പോകുന്ന ഒരു വസ്തുതയുണ്ട്. പെട്രോൾ പമ്പിന് അപേക്ഷിച്ചയാളും പി. പി. ദിവ്യയുടെ ഭർത്താവും ഏറ്റവും അടുത്ത സുഹൃത്തുക്കളാണ്. ഈ പമ്പു തന്നെ ദിവ്യയുടെ കുടുംബത്തിനുവേണ്ടിയാണോ എന്ന സംശയം ബലപ്പെടുകയാണ്. നിയമങ്ങൾ ലംഘിച്ചുകൊണ്ടുള്ള അനുമതിക്കാണ് ദിവ്യ സമ്മർദ്ദം ചെലുത്തിയത് എന്ന സംശയം പരാതിക്കാരന്റെ വാക്കുകളിൽ ഒളിഞ്ഞുകിടപ്പുണ്ട്.
റോഡിൽ വളവുള്ള സ്ഥലത്ത് സുരക്ഷാ കാരണങ്ങളാൽ പെട്രോൾ പമ്പ് അനുവദിക്കാനാവില്ല. ട്രാൻസ്ഫർ ആയി പോകുന്ന പോക്കിൽ എ. ഡി. എമ്മിന് ഒരു പണി കൊടുത്തതായി സംശയിക്കാനുള്ള എല്ലാ ന്യായങ്ങളുമുണ്ട്. ക്ഷണിക്കാതെ യാത്രയയപ്പിന് വന്നതിനും പരാതിക്കും പിന്നിൽ ഗൂഡാലോചന മണക്കുന്നു. ശരിയായ അന്വേഷണം കേരളം ആഗ്രഹിക്കുന്നു.
പള്ളിക്കുന്നിലെ ക്വാർട്ടേഴ്സിലാണ് എഡിഎമ്മിനെ ഇന്നുരാവിലെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. നവീൻ ബാബുവിനെതിരെ ഇന്നലെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. പത്തനംതിട്ട എഡിഎം ആയി സ്ഥലം മാറ്റം ലഭിച്ചതിനെ തുടർന്ന് ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ നവീൻ ബാബുവിന് ഇന്നലെ യാത്രയയപ്പ് നൽകിയിരുന്നു. ഈ ചടങ്ങിലേയ്ക്കാണ് ക്ഷണിക്കപ്പെടാതെ പി.പി ദിവ്യ എത്തി അഴിമതി ആരോപണം ഉന്നയിച്ചത്.
Source link