ക്രിസ്ത്യൻ ഗ്രാമത്തിൽ ഇസ്രേലി ആക്രമണം; 18 പേർ കൊല്ലപ്പെട്ടു
ദെയ്ർ അൽ-ബലാഹ്: വടക്കൻ ലബനനിലെ ക്രിസ്ത്യൻ ഗ്രാമത്തിൽ ഇസ്രേലി സേനയുടെ വ്യോമാക്രമണത്തിൽ 18 പേർ കൊല്ലപ്പെട്ടു. ഐതൂവിലെ പാർപ്പിടസമുച്ചയത്തിനു നേർക്കായിരുന്നു ആക്രമണം. മാറോ നൈറ്റ് ക്രിസ്ത്യൻ വിഭാഗം വസിക്കുന്ന ഐതൂവിൽ നിരവധി പള്ളികളുണ്ട്. ആയിരത്തിലേറെ പേർ താമസിക്കുന്നു. ക്രിസ്ത്യൻ ഭൂരിപക്ഷമുള്ള മേഖലയിൽ ആദ്യമായാണ് ഇസ്രയേൽ ആക്രമണം നടത്തുന്നത്. ഹിസ്ബുള്ള കമാൻഡറെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നാണ് ഇസ്രയേൽ പറയുന്നത്. ലബനന്റെ തെക്കൻഭാഗം കേന്ദ്രീകരിച്ചാണ് ഹിസ്ബുള്ള ഭീകരർ പ്രവർത്തിക്കുന്നത്. ഞായറാഴ്ച മാത്രം ഇസ്രയേൽ ആക്രമണത്തിൽ ലബനനിൽ 51 പേർ കൊല്ലപ്പെട്ടു. ഹിസ്ബുള്ളകളുടെ ഇരുനൂറിലധികം കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയെന്ന് ഇസ്രേലി സേന അറിയിച്ചു. ഹിസ്ബുള്ള ആക്രമണത്തിൽ നാല് ഇസ്രേലി സൈനികർ കൊല്ലപ്പെട്ടു
ഇസ്രയേലിലെ സൈനികതാവളത്തിനു നേർക്ക് ഹിസ്ബുള്ള ഭീകരർ നടത്തിയ ഡ്രോൺ ആക്രമണത്തിൽ നാല് ഇസ്രേലി സൈനികർ കൊല്ലപ്പെട്ടു. പരിക്കേറ്റ നാൽപ്പതോളം സൈനികർ ചികിത്സയിലാണ്. ഇവരിൽ ഏഴു പേരുടെ നില ഗുരുതരമാണ്. കൊല്ലപ്പെട്ട നാലു സൈനികരും പത്തൊന്പതു വയസുകാരാണ്. ഇവരുടെ സംസ്കാരം ഇന്നലെ നടത്തി. ബിന്യാമിന നഗരത്തിനു സമീപം ഇസ്രേലിന്റെ പ്രബല സൈനിക വിഭാഗമായ ഗോലാനി ബ്രിഗേഡിനെയാണ് ഹിസ്ബുള്ള ലക്ഷ്യമിട്ടത്. ഞായറാഴ്ചയായിരുന്നു ആക്രമണം. ലബനനിൽ ഇസ്രേലി സേന കരയാക്രമണം ആരംഭിച്ചശേഷം ഹിസ്ബുള്ളകൾ നടത്തിയ ഏറ്റവും ശക്തമായ ആക്രമണമാണിത്.
Source link