KERALAM

ജർമ്മൻ എഴുത്തുകാരിക്ക് ആലപ്പുഴയിൽ അന്ത്യനി‌ദ്ര

ആലപ്പുഴ: ജർമ്മൻ എഴുത്തുകാരിയും നർത്തകിയും ചലച്ചിത്ര, നാടക പ്രവർത്തകയുമായ സീൽവീ ബിഗ്രിറ്റെ ബാന്റ്ലെ (69)ക്ക് ആലപ്പുഴയുടെ മണ്ണിൽ അന്ത്യനിദ്ര. കാൻസർ ബാധിതയായി ചികിത്സയിലിരിക്കെ ഞായറാഴ്ചയായിരുന്നു അന്ത്യം. പരിസ്ഥിതി പ്രവർത്തകയും ഫാഷൻ ഡിസൈനറുമാണ് സീൽവീ. മലയാളി ചിത്രകാരനായ ഭർത്താവ്

ഡി.അലക്സാണ്ടർക്കൊപ്പം വർഷങ്ങളായി കേരളത്തിലായിരുന്നു താമസം.

സീൽവീയാണ്ടർ ഹൗസ് ആൻഡ് ആർട്ട് മ്യൂസിയം

എന്നപേരിൽ ആലപ്പുഴ ചെട്ടിക്കാട്ട് ഗ്യാലറി നടത്തിവരികയായിരുന്നു ഇരുവരും. താമസവും ഇവിടെത്തന്നെ.

മണ്ണുമായി അലിഞ്ഞുചേരണമെന്ന സീൽവീയുടെ ആഗ്രഹപ്രകാരം ആർട്ട് ഗ്യാലറി വളപ്പിലെ പുന്നമരച്ചോട്ടിലാണ് കുഴിമാടം ഒരുക്കിയത്.

കുളിപ്പിച്ചശേഷം 20 ഓളം വാഴയിലകൾ കൊണ്ട്

മൃതദേഹം പൊതിഞ്ഞ് വാഴനാരുകൾകൊണ്ട് ചുറ്റിക്കെട്ടിയശേഷം പ്രത്യേകം സജ്ജമാക്കിയ കല്ലറയിലാണ് അടക്കം ചെയ്തത്. സുഹൃത്തുക്കൾ മുല്ലപ്പൂക്കളർപ്പിച്ച് യാത്രാമൊഴിയേകി.

 സീൽവീ പുന്നപ്രയുടെ കഥാകാരി

ജർമ്മനിയിലെ കാൾ സ്റൂഹിൽ 1955ൽ ജനിച്ച സീൽവീ കോളേജ് പഠനശേഷമാണ് ലോകസഞ്ചാരം ആരംഭിച്ചത്. നടന്നും സൈക്കിളിലും ഇന്ത്യമുഴുവൻ സഞ്ചരിച്ചു. കേരളത്തിലെത്തി ക്ളാസിക്കൽ നൃത്തവും കഥകളിയും അഭ്യസിച്ചു. ശാന്തിനികേതനിൽ വച്ചാണ് അലക്സാണ്ടറെ പരിചയപ്പെട്ടതും 2004ൽ വിവാഹത്തിലെത്തിയതും.

ഇരുവരുംചേർന്ന് 2012 ൽ ചെട്ടികാട് ആർട്ട് ഗ്യാലറി സ്ഥാപിച്ചു.

കേരളത്തിലെ പാരമ്പര്യ ചികിത്സയെയും ഗ്രാമീണ ജീവിതത്തെയും അടുത്തറിഞ്ഞ സീൽവീ,​ പുന്നപ്രക്കാരുടെ ജീവിതം പ്രമേയമാക്കിയ നിക്സ് ലോസ് ഇൻ പുന്നപ്ര (നത്തിംഗ് ഹാപ്പനിംഗ് ഇൻ പുന്നപ്ര) ഉൾപ്പെടെ ജർമ്മൻ ഭാഷയിൽ ഒമ്പതോളം നോവലുകളും യാത്രാവിവരണങ്ങളും നിരൂപണങ്ങളും നാടകങ്ങളും എഴുതിയിട്ടുണ്ട്.

ഭർത്താവുമായി ചേർന്ന് നിർമ്മിച്ച ‘മോർച്ചറി ജോസഫ് ‘

എന്ന ഡോക്യുമെന്ററി 2000ൽ ടോക്കിയോ ചലച്ചിത്രോത്സവത്തിൽ പുരസ്കാരം നേടി. ചെട്ടിക്കാട് ഗ്രാമവും കടപ്പുറവും പശ്ചാത്തലമാക്കിയുള്ള നോവലിന്റെ രചനയ്ക്കിടെയാണ് സീൽവീയെ മരണം കീഴ്പെടുത്തിയത്.

സീൽവീയുടെ കുടുംബാംഗങ്ങൾ ജർമ്മിനിയിലെ മ്യൂണിക്കിലാണ് താമസം.


Source link

Related Articles

Back to top button