ഗുരുസാഗരം പുരുഷോത്തമൻ നിര്യാതനായി
കുട്ടനാട് : ‘വിശ്വഗുരു’എന്ന ചലച്ചിത്രത്തിൽ ശ്രീനാരായണഗുരുവിന്റെ വേഷം അഭിനയിച്ച് പ്രശസ്തനായ കൈനകരി തോട്ടുവാത്തല തേവർ പറമ്പ് ഗുരുസാഗരം ടി.കെ.പുരുഷോത്തമൻ (80,പുരുഷോത്തമൻ കൈനകരി) നിര്യാതനായി. ശ്രീനാരായണ ഗുരുദേവന്റെ ജീവിതത്തെ ആസ്പദമാക്കി നിർമ്മിച്ച ഗുരുസാഗരം എന്ന ഡോക്യുമെന്ററിയിലും അഭിനയിച്ചിട്ടുണ്ട്.
ഗുരുധർമ്മ പ്രചരണസഭ താലൂക്ക് പ്രസിഡന്റ്, ജില്ലാ കമ്മറ്റിയംഗം, കൈനകരി ഇളങ്കാവ് ദേവിക്ഷേത്രം കമ്മിറ്റിയംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. വാർദ്ധക്യസഹജമായ വിഷമതകളെതുടർന്ന് തിരുവല്ല ബിലീവേഴ്സ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാത്രി 12 ഓടെയായിരുന്നു അന്ത്യം. സംസ്കാരം ഇന്നലെ വീട്ടുവളപ്പിൽ നടത്തി.
ഭാര്യ : രാധാമണി . മക്കൾ : ജയന്തി, ജയേഷ്, സനൽകുമാർ. മരുമക്കൾ: സുബ്രമഹ്മണ്യൻ, പ്രീത, സബിത.
അനുസ്മരണ യോഗത്തിൽ എസ്.എൻ.ഡി.പി യോഗം കുട്ടനാട് യൂണിയൻ കൺവീനർ സന്തോഷ് ശാന്തി, ഗുരുധർമ്മപ്രചരണസഭ കേന്ദ്ര കമ്മറ്റി കോർഡിനേറ്റർ ചന്ദ്രൻ പുളിങ്കുന്ന്, ജില്ലാ സെക്രട്ടറി എം.ഡി.സലിം എം.പി.പുരുഷോത്തമൻ ,എം.ആർ.ഹരിദാസ് തുടങ്ങിയവർ സംസാരിച്ചു.
സെക്യൂരിറ്റിയിൽ നിന്ന്
ഗുരുവിലേക്ക്
പട്ടാളത്തിൽനിന്ന് വിരമിച്ച പുരുഷോത്തമൻ ആലപ്പുഴ കളർകോട് സ്‌കൂട്ടർ ഫാക്ടറിയിൽ സെക്യൂരിറ്റി ജീവനക്കാരനായി ജോലി നോക്കിയിരുന്നു. അക്കാലത്ത് ശബരിമലയ്ക്ക് പോകാനായി വ്രതമെടുത്തപ്പോൾ താടിരോമങ്ങൾ വളരുകയും മുഖത്തിന് ശ്രീനാരായണഗുരുവുമായി വളരെ സാമ്യം തോന്നുകയുമുണ്ടായി. തുടർന്നാണ് സ്‌കൂട്ടർ ഫാക്ടറിയിലെ ഏതാനും ജീവനക്കാരും ഗുരുധർമ്മ പ്രചരണ സഭ ജില്ലാ കമ്മറ്റി അംഗങ്ങളും ചേർന്ന് ശ്രീനാരായണ ഗുരുദേവന്റെ ജീവിതത്തെ ആസ്പദമാക്കി നിർമ്മിച്ച ഗുരുസാഗരം ഡോക്യുമെന്ററിയിൽ ഗുരുവിന്റെ വേഷം ലഭിച്ചത്. പിന്നീട് വിശ്വഗുരു എന്ന ചിത്രം നിർമ്മിച്ചപ്പോൾ അതിന്റെ അണിയറ പ്രവർത്തകർ ശ്രീനാരായണഗുരുവിന്റെ റോൾ പുരുഷോത്തമനെ ഏല്പിക്കുകയായിരുന്നു. 2017ൽ പ്രദർശനത്തിനെത്തിയ ചിത്രം സംവിധാനം ചെയ്തത് വിജീഷ് മണിയാണ്. നാട്ടിലെ വിവിധ നാടകങ്ങളിലും അഭിനയിക്കാനായി.
Source link