KERALAMLATEST NEWS

മനുഷ്യാവകാശക്കനൽ അണഞ്ഞു; ജി. എൻ സായിബാബയ്‌ക്ക് വിട

 മൃതദേഹം തെലങ്കാന മെഡിക്കൽ കോളജിന് കൈമാറും

ഹൈദരാബാദ്:മനുഷ്യാവകാശ പോരാട്ടത്തിന്റെ പേരിൽ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പത്ത് വർഷം ജയിലിൽ അടയ്‌ക്കപ്പെട്ട ഡൽഹി യൂണിവേഴ്സിറ്റി മുൻ ഇംഗ്ലീഷ് പ്രൊഫസർ ജി.എൻ. സായിബാബയ്ക്ക് ( 57) വിട. ജയിൽ മോചിതനായ ശേഷം ഏഴ് മാസം മാത്രം സ്വാതന്ത്ര്യം ശ്വസിച്ച ജീവിതത്തിന് വിരാമം.

പത്ത് ദിവസം മുമ്പ് ഹൈദരാബാദിലെ നൈസാം മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന് പിത്താശയത്തിലെ കല്ല് നീക്കാൻ ശസ്ത്രക്രിയ നടത്തിയിരുന്നു. ശനിയാഴ്ച രാത്രി ഹൃദയാഘാതമുണ്ടായി വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും അന്ത്യം സംഭവിക്കുകയായിരുന്നു. രാജ്യത്തെ മനുഷ്യാവകാശ പോരാട്ടങ്ങൾക്ക് കനൽ വെളിച്ചം പകർന്ന അദ്ദേഹത്തിന്റെ ഭൗതിക ദേഹം തെലങ്കാന മെഡിക്കൽ കോളേജിന് കൈമാറും.

ജീവിതത്തിലെ വിലപ്പെട്ട വർഷങ്ങൾ ജയിലിൽ പീഡനങ്ങൾ ഏറ്റുവാങ്ങിയ സായിബാബ ഏഴ് മാസം മുൻപാണ് മോചിതനായത്. ഭീകരവിരുദ്ധ നിയമപ്രകാരം ജീവപര്യന്തം ശിക്ഷിക്കപ്പെട്ട അദ്ദേഹത്തെ ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ചിന്റെ ഉത്തരവിനെ തുടർന്ന് മാർച്ച് 7നാണ് നാഗ്പൂർ സെൻട്രൽ ജയിലിൽ നിന്ന് വിട്ടയച്ചത്. കേസിനെ തുടർന്ന് ജോലിയും നഷ്ടപ്പെട്ടിരുന്നു. വീൽ ചെയറിലായിരുന്നു. ആരോഗ്യം വീണ്ടെടുത്ത് മനുഷ്യാവകാശപ്രവർത്തനങ്ങളിൽ സജീവമാകാനും അദ്ധ്യാപന ജോലിയിലേക്ക് മടങ്ങാനും ആഗ്രഹിച്ചിരുന്നു. ഡൽഹി യൂണിവേഴ്സിറ്റിയിലെ ജോലി തിരികെ കിട്ടാനുള്ള നിയമപോരാട്ടത്തിലായിരുന്നു.

തിങ്കളാഴ്ച മൃതദേഹം ആശുപത്രിയിൽ നിന്ന് ഗൺപാർക്കിലും അവിടെനിന്ന് ഗ്രേറ്റർ ഹൈദരാബാദിലെ മൗല അലിയിലെ സഹോദരന്റെ വീട്ടിലേക്കും കൊണ്ടുപോകും.

കുടുംബാംഗങ്ങളും സുഹൃത്തുക്കളും അന്ത്യോപചാരം അർപ്പിക്കും. തെലങ്കാന, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള നിരവധി പ്രവർത്തകരും അഭിഭാഷകരും സുഹൃത്തുക്കളും എൻ.ജി.ഒകളുടെയും അവകാശ സംഘടനകളുടെയും പ്രതിനിധികളും ആദരാഞ്ജലി അർപ്പിക്കും. തെലങ്കാനയിലെ നൽഗൊണ്ട, ഖമ്മം എന്നിവിടങ്ങളിലെ ഇടതുപക്ഷ ശക്തികേന്ദ്രങ്ങളിൽ നിന്നുള്ള ഇടത് നേതാക്കളും യൂണിയൻ നേതാക്കളും എത്തുമെന്ന് അദ്ദേഹത്തിന്റെ ഭാര്യ വസന്തയും മകൾ മഞ്ജീരയും പറഞ്ഞു.

വൈകീട്ട് നാലിന് ശേഷം മൃതദേഹം തെലങ്കാന മെഡിക്കൽ കോളേജിന് നൽകും.

2014 മേയ് 9നാണ് മഹാരാഷ്‌ട്രയിലെ ഗഡ്ചിരോളി പൊലീസ് സായിബാബ ഉൾപ്പെടെ നിരവധി പേരെ അറസ്റ്റ് ചെയ്‌തത്.നിരോധിത മാവോയിസ്റ്റ് സംഘടനയുടെ അംഗങ്ങളാണെന്നായിരുന്നു ആരോപണം. ഭീരപവർത്തനം നടത്തിയെന്നായിരുന്നു കേസ്. നീണ്ട നിയമപോരാട്ടത്തിൽ വിജയം നേടിയാണ് അദ്ദേഹം പുറത്തു വന്നത്.


Source link

Related Articles

Back to top button