സിവിൽ സർവീസ് പഠിതാവിനെ കാർ വില്പനക്കാരൻ പീഡിപ്പിച്ചു സംഭവം പരാതിക്കാരിയുടെ കുളത്തൂരിലെ അപ്പാർട്ടുമെന്റിൽ
പ്രതി ചേർത്ത ദീപു
തിരുവനന്തപുരം: തലസ്ഥാനത്തെ സ്വകാര്യ സിവിൽ സർവ്വീസ് കോച്ചിംഗ് സെന്ററിൽ പഠിക്കുന്ന യുവതിയെ യൂസ്ഡ് കാർ വില്പനക്കാരൻ മദ്യം നൽകി പീഡിപ്പിച്ചു. യുവതി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ കുറവൻകോണം വിക്രമപുരം ഹിൽസിൽ കൂപ്പർ ദീപുവെന്ന് വിളിക്കുന്ന ദീപു.ജി.എസ് (30)നെതിരെ കഴക്കൂട്ടം പൊലീസ് കേസെടുത്തു.
കഴക്കൂട്ടം കുളത്തൂരിൽ യുവതി താമസിക്കുന്ന അപ്പാർട്ട്‌മെന്റിൽ ഒക്ടോബർ എട്ടിന് രാത്രി 11മണിക്കു ശേഷമാണ് കേസിനാസ്പദമായ സംഭവം നടന്നത്. യുവതിയുടെ ആൺ സുഹൃത്തിന്റെ സുഹൃത്താണ് പ്രതി. രണ്ട് ബെഡ് റൂമുള്ളതാണ് അപ്പാർട്ട്മെന്റ്. പരാതിക്കാരിയുടെ സഹതാമസക്കാരിയായ യുവതിസംഭവം നടക്കുമ്പോൾ അടുത്ത റൂമിലായിരുന്നുവെന്നാണ് പൊലീസിന് ലഭ്യമായ വിവവരം.
ആറു മാസമായി പ്രതിയും പരാതിക്കാരിയും പരിചയക്കാരാണ്. പ്രതിയായ ദീപു സംഭവ ദിവസം രാത്രി 11ന് പരാതിക്കാരിയോട് ആൺ സുഹൃത്തിനെക്കുറിച്ച് ചില കാര്യങ്ങൾ പറയാനുണ്ടെന്നറിയിച്ച് വിളിച്ചു. രാത്രി വൈകിയതുകൊണ്ട് അപ്പാർട്ട്‌മെന്റിലേക്ക് വരാൻ പരാതിക്കാരി പറഞ്ഞു. അപ്പാർട്ട്മെന്റിലെത്തിയ പ്രതി നിർബന്ധിച്ച് മദ്യം നൽകിയശേഷം പരാതിക്കാരിയെ മാനഭംഗം ചെയ്തു. ഈ ദൃശ്യങ്ങൾ പ്രതി മൊബൈലിൽ പകർത്തി. സംഭവം പുറത്തുപറഞ്ഞാൽ ദൃശ്യങ്ങൾ പുറത്തുവിടുമെന്നു ഭീഷണിപ്പെടുത്തിയെന്നും യുവതി പരാതിയിൽ പറയുന്നു. അതിനിടെ പ്രതി മുങ്ങി.
കഴിഞ്ഞ ദിവസം വൈകിട്ടാണ് പൊലീസിന് യുവതി പരാതി നൽകിയത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതി സംസ്ഥാനം വിട്ടതായാണ് കണ്ടെത്തിയത്. കർണാടകയിൽ ഇയാളുടെ ടവർ ലോക്കേഷൻ ലഭിച്ചതായും സൂചനയുണ്ട്.
അന്വേഷണം കഴക്കൂട്ടം എ.സി.പി
കഴക്കൂട്ടം എ.സി.പി നിയാസിന്റെ മേൽനോട്ടത്തിൽ എസ്.എച്ച്.ഒ ഹരിയും സംഘവുമാണ് അന്വേഷണം നടത്തുന്നത്.
‘പരാതി ലഭിച്ചു, അതിനെ പറ്റി ഒന്നും അറിയില്ല” എന്നാണ് എസ്.എച്ച്.ഒ പ്രതികരിച്ചത്.
തലസ്ഥാനത്ത് പ്രീമിയം കാറുകളുടെ വില്പനയാണ് ദീപുവിനെന്നാണ് യുവതിയുടെ മൊഴി. പൊലീസ് അന്വേഷണത്തിൽ വിലകൂടിയ കാറായ കൂപ്പറിന്റെ വില്പനയുള്ളതുകൊണ്ടാണ് ഇയാൾക്ക് കൂപ്പർ ദീപുവെന്ന വിളിപ്പേര് വന്നത്. യുവതിയുടെ വൈദ്യപരിശോധനയിൽ പീഡനം നടന്നെന്ന് തെളിഞ്ഞു. അപാർട്ട്‌മെന്റിൽ സാങ്കേതിക തെളിവ് ലഭിക്കുന്നതിനുള്ള അന്വേഷണവും പരിശോധനയും പൊലീസ് നടത്തി. യുവതിയുടെ രഹസ്യമൊഴിയും മജിസ്‌ട്രേട്ടിനു മുന്നിൽ രേഖപ്പെടുത്തി.
Source link