സ്പോട്ട് ബുക്കിംഗ് അനുവദിക്കും, പിടിവാശിയില്ലെന്ന് എം.വി.ഗോവിന്ദൻ, ശബരിമലയിൽ ദർശനം കിട്ടാതെ ആരും മടങ്ങേണ്ടിവരില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ്
sabarimala
പത്തനംതിട്ട/ തിരുവനന്തപുരം: ശബരിമല ദർശനത്തിന് സ്പോട്ട് ബുക്കിംഗ് പൂർണമായും ഒഴിവാക്കരുതെന്ന് സർക്കാരിനെ അറിയിക്കാൻ ഇന്നലെ ചേർന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അവലോകന യോഗത്തിൽ തീരുമാനം.മുഖ്യമന്ത്രി പങ്കെടുക്കുന്ന അടുത്ത അവലോകന യോഗത്തിൽ സ്പോട്ട്ബുക്കിംഗ് കൂടി അനുവദിക്കുന്ന തീരുമാനം ഉണ്ടാകുമെന്നാണ് സൂചന.ഓൺലൈൻ ബുക്കിംഗ് മാത്രം മതിയെന്ന തീരുമാനം കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയ സാഹചര്യത്തിലാണിത്.
പമ്പയിൽ ആധാർ പോലുള്ള തിരിച്ചറിയൽ രേഖയും ഫോട്ടോയും ശേഖരിച്ച് സ്പോട്ട് ബുക്കിംഗ് നടത്തണമെന്ന നിർദ്ദേശം ഇന്നലത്തെ യോഗത്തിലുയർന്നു. ഓൺലൈൻ ബുക്കിംഗ് മാത്രം മതിയെന്ന പിടിവാശി സർക്കാരിന് ഇല്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.നിയന്ത്രണം സംബന്ധിച്ച പരാതി വസ്തുതാപരമെങ്കിൽ വേണ്ട മാറ്റങ്ങൾ വരുത്തും. അന്യസംസ്ഥാനക്കാരും നടന്ന് എത്തുന്നവരുമടക്കം ഓൺലൈൻ സംവിധാനത്തെക്കുറിച്ച് അറിയാത്തവർ നിരവധിയുണ്ട്. സർക്കാർ ഉചിതമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഒരു ഭക്തനും ദർശനം കിട്ടാതെ മടങ്ങിപ്പോകുന്ന സാഹചര്യം ഉണ്ടാകില്ലെന്ന് ഇന്നലത്തെ അവലോകന യോഗത്തിനുശേഷം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് പറഞ്ഞു. തീർത്ഥാടകരെക്കുറിച്ച് കൃത്യമായ വിവരങ്ങൾ ശേഖരിക്കേണ്ടത് അനിവാര്യമായതിനാൽ, ഓൺലൈൻ ബുക്കിംഗിലൂടെ ദിവസം 80000 പേരെ അനുവദിച്ചാൽ മതിയെന്നാണ് കഴിഞ്ഞ ശനിയാഴ്ച മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചത്.
സുരക്ഷാ പ്രശ്നം
മുൻ നിറുത്തി
ശബരിമലയുടെ സുരക്ഷയ്ക്കു ഭീഷണിയാകുന്ന ചിലർ തീർത്ഥാടന വേളയിൽ എത്തിയേക്കാമെന്ന പാെലീസ് ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്നാണ് ഓൺലൈൻ ബുക്കിംഗ് മാത്രം മതിയെന്ന തീരുമാനമെടുത്തതെന്ന് സർക്കാർ വൃത്തങ്ങൾ സൂചിപ്പിക്കുന്നു. എന്നാൽ, ഓൺലൈൻ സംവിധാനത്തിലെ പിഴവുകൾ മുതലെടുത്ത് ദുരുപയോഗം ചെയ്യാനുള്ള സാദ്ധ്യത തള്ളാനാവില്ലെന്ന മറുവാദമുണ്ട്.
ദർശനം പുലർച്ചെ
മൂന്നു മണിമുതൽ
മണ്ഡല, മകര വിളക്ക് സീസണിൽ ദർശനസമയം വർദ്ധിപ്പിച്ചു. പുലർച്ചെ മൂന്ന് മുതൽ ഉച്ചയ്ക്ക് ഒരുമണി വരെയും വൈകിട്ട് മൂന്ന് മുതൽ രാത്രി 11 വരെയുമാണ് ദർശനസമയം. കഴിഞ്ഞ തവണ പുലർച്ചെ 3.30 മുതൽ ഒരുമണിവരെയും വൈകിട്ട് നാല് മുതൽ 11വരെയുമായിരുന്നു.
# പ്രതിഷേധം ചർച്ചയായി
സ്പോട്ട് ബുക്കിംഗ് നിറുത്തലാക്കുന്നതിനെതിരെ ഉയർന്ന പ്രതിഷേധവും പരാതികളും ദേവസ്വം ബോർഡ് അവലോകന യോഗത്തിൽ ചർച്ചയായി. ഭക്തർ വലയുമെന്ന് കേരളകൗമുദി ഇക്കഴിഞ്ഞ ഞായറാഴ്ച മുഖ്യവാർത്തയിലൂടെ മുന്നറിയിപ്പ് നൽകിയിരുന്നു. കഥാകൃത്ത് ടി. പദ്മനാഭൻ, പന്തളം കൊട്ടാരം പ്രതിനിധി,ശബരിമല നിരീക്ഷണ സമിതിയംഗമായിരുന്ന മുൻ ഡി.ജി.പി എ.ഹേമചന്ദ്രൻ, യോഗക്ഷേമസഭ സംസ്ഥാന പ്രസിഡന്റ് അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് തുടങ്ങിയവർ സ്പോട്ട് ബുക്കിംഗ് വേണമെന്ന് കേരളകൗമുദിയിലൂടെ ചൂണ്ടിക്കാട്ടിയിരുന്നു. ശബരിമല കർമ്മസമിതിയും വിവിധ ഹൈന്ദവ സംഘടനകളും ദേവസ്വം ബോർഡിന് പരാതിയും നൽകി.
`ശബരിമല തീർത്ഥാടനം അലങ്കോലമാക്കരുത്’
– വി.ഡി.സതീശൻ,
പ്രതിപക്ഷ നേതാവ്
Source link