സംസ്ഥാന ജൂണിയർ അത്ലറ്റിക്സ് പാലക്കാടൻ കുതിപ്പ്
തേഞ്ഞിപ്പലം: കാലിക്കട്ട് സർവകലാശാല സിന്തറ്റിക് ട്രാക്കിൽ നടക്കുന്ന 68-ാമത് സംസ്ഥാന ജൂണിയർ അത്ലറ്റിക്സ് ചാന്പ്യൻഷിപ്പിൽ നിലവിലെ ചാന്പ്യൻമാരായ പാലക്കാടിന്റെ കുതിപ്പ് തുടങ്ങി. ആദ്യദിനം മുന്നിട്ടുനിന്ന എറണാകുളത്തെ ബഹുദൂരം പിന്നിലാക്കി 157 പോയിന്റോടെ പാലക്കാട് ഒന്നാമതെത്തി. 113 പോയിന്റുമായി എറണാകുളം രണ്ടാമതുണ്ട്. എട്ടു സ്വർണം, ആറു വെള്ളി, മൂന്നു വെങ്കലം എന്നിവയാണ് എറണാകുളത്തിന്റെ നേട്ടം. അതിഥേയരായ മലപ്പുറത്തിനാണ് മൂന്നാം സ്ഥാനം. നാലു സ്വർണം, അഞ്ചു വെള്ളി, നാലു വെങ്കലം എന്നിവയുമായി 106 പോയിന്റാണ് മലപ്പുറത്തിന്. രണ്ടു സ്വർണം, നാലു വെള്ളി, നാലു വെങ്കലം എന്നിവ സ്വന്തമാക്കി 84 പോയിന്റോടെ കോട്ടയമാണ് നാലാം സ്ഥാനത്ത്. ഞായറാഴ്ച മീറ്റ് സമാപിക്കും.
നാല് റിക്കാർഡ് രണ്ടാംദിനത്തിൽ നാല് മീറ്റ് റിക്കാർഡ് പിറന്നു. അണ്ടർ 18, 110 മീറ്റർ ഹർഡിൽസിൽ പാലക്കാടിന്റെ കെ. കിരണ്‍ 13.80 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് റിക്കാർഡിട്ടത്. അണ്ടർ 20 ഡിസ്കസിൽ കാസർഗോഡിന്റെ അഖില രാജു (46.52) റിക്കാർഡ് കുറിച്ചു. 400 മീറ്ററിൽ തിരുവനന്തപുരത്തിന്റെ അർജുൻ പ്രദീപും (47.45) 4 x 400 മീറ്റർ മിക്സഡ് റിലേയിൽ കോട്ടയവും (3:42.88) റിക്കാർഡ് ബുക്കിൽ ഇടംപിടിച്ചു.
Source link