KERALAMLATEST NEWS

എല്ലാ ഭക്തർക്കും അയ്യപ്പ ദർശനം സാധ്യമാക്കണം

ശബരിമലയിൽ മുൻവർഷങ്ങളിലെ സ്പോട്ട് ബുക്കിംഗ് സൗകര്യം ഇല്ലാതാക്കുന്നത് ഒട്ടേറെ തീർത്ഥാടകരെ ബുദ്ധിമുട്ടിലാക്കും. ഓൺലൈൻ സംവിധാനങ്ങളും വെർച്വൽ ക്യൂ ബുക്കിംഗും പ്രാപ്യമല്ലാത്ത ലക്ഷക്കണക്കിന് അയ്യപ്പഭക്തരുണ്ട്. അവരെ സംബന്ധിച്ച് കാനനവാസനായ, കലിയുഗവരദനായ അയ്യപ്പന്റെ ദർശനം നിഷേധിക്കപ്പെടുന്നത് ജീവനെടുക്കുന്നത് പോലെയാണ്.ശബരിമലയിൽ വരുന്ന ഭക്തരുടെ ആധികാരിക ഡാറ്റയാണ് ദേവസ്വം ബോർഡിന് പ്രധാനമെന്ന് പ്രസിഡന്റ് ഇന്നലെ പത്ര സമ്മേളനത്തിൽ പറയുന്നതു കേട്ടു. സ്പോട്ട് ബുക്കിംഗിലൂടെ വരുന്നവരുടെ ഡാറ്റയും കിട്ടുമല്ലോ.മാത്രമല്ല കഴിഞ്ഞ രണ്ടു വർഷങ്ങളിൽ സ്പോട്ട് ബുക്കിംഗിന്റെ എണ്ണം കൂടിയെന്നും പ്രസിഡന്റ് പറഞ്ഞു.അതുതന്നെ അങ്ങനെ വരുന്നഒരുപാട് ഭക്തരുണ്ടെന്ന് വ്യക്തമാക്കുന്നതല്ലേ.

കാനനമദ്ധ്യത്തിലെ അനവധി വ്യത്യസ്തമായ ആചാരവിശേഷങ്ങളും ആരാധനാരീതികളും പിന്തുടരുന്ന ശബരിമല ധർമ്മശാസ്താക്ഷേത്രത്തെ മറ്റൊരു ആരാധനാലയങ്ങളോടും താരതമ്യപ്പെടുത്താനാവില്ല. അതുകൊണ്ട് തന്നെ തിരുപ്പതി മാതൃക ശബരിമലയെ സംബന്ധിച്ച് പ്രായോഗികമല്ല. ശബരിമലയുടെ തനത് സവിശേഷതകൾ മനസിലാക്കി അയ്യപ്പന്മാർക്ക് എങ്ങിനെ കൂടുതൽ സൗകര്യങ്ങളും ആയാസരഹിതമായ ദർശനവും ഏർപ്പെടുത്താമെന്നതാണ് സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും ശ്രമിക്കേണ്ടത്.

മണ്ഡലകാലത്ത് മലയാളികളെ കൂടാതെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നും വിദേശങ്ങളിൽ നിന്നുവരെ ഭക്തജനസഞ്ചയം ഒഴുകിയെത്തുന്ന അയ്യപ്പസന്നിധിയെ ലോകത്തെ മറ്റൊരു ആരാധനാലയവുമായി തുലനം ചെയ്യാനാവില്ല. 2018ലെ യുവതീ പ്രവേശന വിഷയം മുതലാണ് അയ്യപ്പന്മാരുടെ എണ്ണം കുറയ്ക്കാനുള്ള ശ്രമം തുടങ്ങിയത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ 1200ൽപരം ക്ഷേത്രങ്ങളി​ൽ നി​ത്യനി​ദാനം നടക്കുന്നത് ശബരി​മലയി​ലെ വരുമാനം കൊണ്ടാണെന്ന് സർക്കാരും ദേവസ്വം ബോർഡും മറക്കരുത്.

ശബരി​മല ഡ്യൂട്ടി​യ്ക്ക് പരി​ചയ സമ്പന്നരും കാര്യക്ഷമതയുള്ളവരുമായ പൊലീസ് ഉദ്യോഗസ്ഥരെ ഡ്യൂട്ടി​ക്ക് നി​യോഗി​ച്ചി​ല്ലെങ്കി​ൽ കഴി​ഞ്ഞ വർഷം ഉണ്ടായതുപോലുള്ള അസൗകര്യങ്ങൾ ഇക്കുറി​യും അയ്യപ്പന്മാർ അനുഭവി​ക്കേണ്ടി​വരും. ഭക്തർക്ക് ഗുണകരമായ പരി​ഷ്കാരങ്ങൾ

നടപ്പാക്കുന്നതി​ന് പകരം വീണ്ടുവി​ചാരമി​ല്ലാത്ത, വേണ്ടത്ര മുന്നൊരുക്കങ്ങളും പഠനങ്ങളും ഇല്ലാത്ത നടപടി​കൾ അനാവശ്യവി​വാദങ്ങൾക്കും എതി​ർപ്പുകൾക്കും ഇടയാക്കും. സ്പോട്ട് ബുക്കിംഗ് പുനരാരംഭി​ക്കണമെന്ന് സർക്കാരി​നോട് അഭ്യർത്ഥി​ക്കുന്നു. ശബരിമലയിൽ മാലയിട്ടെത്തുന്ന ഒരു ഭക്തനും ദർശനം നടത്താതെ മടങ്ങേണ്ടി വരില്ലെന്നു പറ‌ഞ്ഞതിന്റെ പൊരുൾ സ്പോട്ട് ബുക്കിംഗ് അനുവദിക്കുമെന്നല്ലേ. അതങ്ങ് തുറന്നു പറഞ്ഞുകൂടെ. ബോർഡും സർക്കാരും വി​വേകത്തോടെ ഇക്കാര്യം കൈകാര്യം ചെയ്യണം.


Source link

Related Articles

Back to top button