ഈ ട്രൻഡ് ഭാവിയിലും തുടർന്നാൽ കേരളത്തിലെ ഹോട്ടൽ ഭക്ഷണം കഴിക്കാൻ ആളില്ലാതെ വരും; ഭയന്ന് വ്യാപാരികൾ
പാലക്കാട്: വാണിജ്യാവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടർ ഉൾപ്പെടെ അവശ്യസാധനങ്ങൾക്ക് വില വർദ്ധിച്ചതോടെ സംസ്ഥാനത്തെ ഹോട്ടൽ വ്യവസായം പ്രതിസന്ധിയിൽ. 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് 48.50 രൂപയാണ് വർദ്ധിച്ചത്. ഇതോടെ ഒരു സിലിണ്ടറിന് നിലവിൽ 1740 രൂപ നൽകണം. തുടർച്ചയായ മൂന്നാം മാസമാണ് പാചകവാതക സിലിണ്ടറിന് വില ഉയരുന്നത്. സിലിണ്ടറിന് പുറമേ മൈദയ്ക്കും ഭക്ഷ്യ എണ്ണയ്ക്കും പച്ചക്കറികൾക്കുമെല്ലാം അനുദിനം വില ഉയരുകയാണ്.
മൈദ ഒരു ചാക്കിന് 2200 രൂപയാണ് വില. ഉപഭോക്താക്കൾ ഏറ്റവും ഇഷ്ടപ്പെടുന്ന ഭക്ഷണങ്ങളിലെല്ലാം മൈദ ഒഴിച്ചുകൂടാനാവില്ല. വെളുത്തുള്ളി, ഇഞ്ചി, സവാള തുടങ്ങിയ പച്ചക്കറികളെല്ലാം വിലവർദ്ധനവിന്റെ പാതയിലാണ്. ഇറച്ചിക്കും വില കൂടുന്നുണ്ട്. സ്ഥിതി തുടർന്നാൽ ഭക്ഷണ സാധനങ്ങൾക്കു 30% വില വർദ്ധിപ്പിക്കേണ്ടിവരുമെന്ന് ഹോട്ടൽ ഉടമകൾ പറയുന്നു. സംസ്ഥാനത്ത് 50 ലക്ഷത്തോളം പേർ പ്രത്യക്ഷമായും പരോക്ഷമായും തൊഴിൽ എടുക്കുന്ന മേഖലയാണ് ഹോട്ടൽ വ്യവസായം.
വിലക്കയറ്റത്തിനനുസരിച്ച് ഭക്ഷണ പദാർത്ഥങ്ങൾക്ക് വില കൂട്ടിയാൽ വാങ്ങാൻ ആളില്ലാത്ത അവസ്ഥ വരുമെന്നാണ് വ്യാപാരികൾ പറയുന്നത്. എന്നാലും ചെറിയ രീതിയിൽ വില വർദ്ധിപ്പിച്ചാണ് പല ഹോട്ടലുകളും പിടിച്ചുനിൽക്കുന്നത്. വിഭവങ്ങൾക്ക് വില കൂട്ടിയിട്ടും പിടിച്ചുനിൽക്കാൻ പറ്റാത്തവരാകട്ടെ അടച്ചുപൂട്ടലിന്റെ വക്കിലുമാണ്.
പാലക്കാട് നഗരം കേന്ദ്രീകരിച്ച് ചെറുതും വലുതുമായി അറുന്നൂറോളം ഹോട്ടലുകളും റെസ്റ്റോന്റുകളുമാണുള്ളത്. ദിവസവും രണ്ടുമുതൽ അഞ്ചുവരെ സിലിണ്ടറുകൾ ഉപയോഗിക്കുന്ന ഹോട്ടലുകൾ വരെയുണ്ട് നഗരത്തിൽ. വൈദ്യുത ബിൽ, വാട്ടർ ബിൽ എന്നിവക്ക് പുറമേ സ്വന്തമായി കെട്ടിടം ഇല്ലാത്തവർക്ക് വാടകയും കൂടി നൽകേണ്ടി വരുമ്പോഴേക്കും സ്ഥിതി അതീവ പരിതാപകരമാകുമെന്ന് വ്യാപാരികൾ പറയുന്നു.
വില കൂട്ടിയാൽ കച്ചവടത്തെ ബാധിക്കും
നഗരങ്ങളിൽ വില കൂട്ടുന്നതുപോലെ ഗ്രാമങ്ങളിൽ വിഭവങ്ങൾക്ക് വർദ്ധിപ്പിച്ചാൽ അത് കച്ചവടത്തെയും വ്യവസായത്തെയും പ്രതികൂലമായി ബാധിക്കും. അവശ്യവസ്തുക്കൾക്കെല്ലാം പൊള്ളുന്ന വില വർദ്ധനവിന്റെ സാഹചര്യത്തിൽ ഹോട്ടൽ വ്യവസായം ഏറെ വിഷമഘട്ടത്തിലാണെന്നാണ് വ്യാപാരികളുടെ പരാതി. വിലക്കയറ്റത്തിനെതിരെ സർക്കാർ തലത്തിൽ നടപടി വേണമെന്നും അല്ലെങ്കിൽ തങ്ങൾക്ക് ആനുകൂല്യങ്ങൾ തരണമെന്നും കേരള ഹോട്ടൽ ആൻഡ് റസ്റ്റാറന്റ് അസോസിയേഷൻ ഭരവാഹികൾ പറയുന്നു.
Source link