KERALAM

‘പൂരപ്പറമ്പിൽ സുരേഷ് ഗോപിയെ ആക്ഷൻ ഹീറോ ആക്കി’; വഴിവെട്ടിയത് എഡിജിപിയെന്ന് തിരുവഞ്ചൂർ

തിരുവനന്തപുരം: തൃശൂർ പൂരപ്പറമ്പിൽ സംഘർഷം ഉണ്ടായപ്പോൾ കാണികളുടെ രക്ഷകനായി എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപിയെ ആക്ഷൻ ഹീറോ ആയി അവതരിപ്പിച്ചുവെന്ന് തിരുവഞ്ചൂർ രാധാകൃഷ്‌ണൻ. മന്ത്രിമാർക്ക് ലഭിക്കാത്ത സൗകര്യം സുരേഷ് ഗോപിക്ക് ലഭിച്ചു. പൊലീസിന്റെ സഹായമില്ലാതെ ആംബുലൻസിൽ അദ്ദേഹത്തിന് പൂരപ്പറമ്പിൽ എത്താൻ കഴിയില്ലെന്നും തിരുവഞ്ചൂർ ആരോപിച്ചു. തൃശൂർ പൂരം കലക്കൽ വിവാദത്തിൽ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയം അവതരിപ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പൂരം നടത്തിപ്പിൽ സർക്കാരിനുണ്ടായ പ്രധാന എട്ട് വീഴ്‌ചകളെ പറ്റിയും തിരുവഞ്ചൂർ വിശദീകരിച്ചു.

തിരുവഞ്ചൂർ രാധാകൃഷ്‌‌ണന്റെ വാക്കുകൾ:

മന്ത്രിമാരായ കെ രാജനും ആർ ബിന്ദുവിനും ലഭിക്കാത്ത സൗകര്യം സുരേഷ് ഗോപിക്ക് ലഭിച്ചു. പൊലീസിന്റെ സഹായമില്ലാതെ ആംബുലൻസിൽ എൻഡിഎ സ്ഥാനാർത്ഥിക്ക് പൂരപ്പറമ്പിലേക്ക് എത്താൻ കഴിയില്ല. എഡിജിപി എംആർ അജിത് കുമാർ ഉത്തരവ് നൽകാതെ ഇതിന് പൊലീസ് അനുമതി നൽകുമോ? സുരേഷ് ഗോപിക്ക് വഴിവെട്ടിക്കൊടുക്കുകയാണ് എഡിജിപി ചെയ്‌തത്.

പൂരത്തിനെത്തിയ ജനക്കൂട്ടത്തെ ശത്രുക്കളായി കണ്ടാണ് പൊലീസ് കൈകാര്യം ചെയ്‌തത്. ഒരു അനുഭവ പരിചയവുമില്ലാത്ത വ്യക്തിയെ സിറ്റി പൊലീസ് കമ്മീഷണറാക്കിയത് സംസ്ഥാന സർക്കാരാണ്. ദേവസ്വം ബോർഡ് ജീവനക്കാരെ ഉൾപ്പെടെ തടഞ്ഞത് ബോധപൂർവം ആരോ പൂരം കലക്കി എന്നതിന് തെളിവാണ്.

അതേസമയം, പൂരം കലക്കലിൽ പൊലീസ് അന്വേഷണം പ്രഹസനമാണ്, ജുഡീഷ്യൽ അന്വേഷണം വേണം എന്നുമുള്ള പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന്മേലുള്ള ചർച്ച സഭയിൽ പുരോഗമിക്കുകയാണ്. സഭാസമ്മേളനം ആരംഭിച്ച് തുടർച്ചയായ മൂന്നാം ദിവസമാണ് വിവാദ വിഷയങ്ങളിൽ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ ചർച്ചയ്‌ക്ക് സർക്കാർ അനുമതി നൽകുന്നത്.


Source link

Related Articles

Back to top button