തിരഞ്ഞെടുപ്പ് ഫലം ജനവിധിയുമായി പൊരുത്തപ്പെടുന്നില്ലെന്ന് കോൺഗ്രസ്, അരാജകത്വം പ്രചരിപ്പിച്ച് രാജ്യത്തെ കോൺഗ്രസ് ദുർബലമാക്കുന്നുവെന്ന് മോദി
ന്യൂഡൽഹി: ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ജനവിധിയുമായി പൊരുത്തപ്പെടുന്നില്ലെന്നും വോട്ടിംഗ് യന്ത്രങ്ങളിൽ കൃത്രിമം നടന്നെന്നും കോൺഗ്രസ്. തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകുമെന്നും നേതാക്കൾ അറിയിച്ചു. കോൺഗ്രസ് ആരോപിക്കുന്നത്: ബി.ജെ.പി സ്ഥാനാർത്ഥി ജയിച്ച മണ്ഡലങ്ങളിലെ വോട്ടിംഗ് യന്ത്രങ്ങളിൽ പല റൗണ്ടുകൾക്കു ശേഷവും 99 ശതമാനം ബാറ്ററിയുണ്ടായിരുന്നു. കോൺഗ്രസ് സ്ഥാനാർത്ഥികൾ ജയിച്ച മണ്ഡലങ്ങളിലാകട്ടെ 6070 ശതമാനം വരെയായിരുന്നു ബാറ്ററി. വോട്ടിംഗ് യന്ത്രവുമായി ബന്ധപ്പെട്ട പരാതികൾ ശേഖരിച്ച് തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കും.
ജമ്മുകാശ്മീരിൽ കോൺഗ്രസ്നാഷണൽ കോൺഫറൻസ് സർക്കാരിന്റെ മുൻഗണന സംസ്ഥാന പദവി പുനഃസ്ഥാപിക്കലാണെന്ന് കോൺഗ്രസ് നേതാവ് ജയ്റാം രമേശ് പറഞ്ഞു. സഖ്യ സർക്കാർ സുതാര്യമായി പ്രവർത്തിക്കും.
അതേസമയം ഹരിയാനയിലെ കർഷകരെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ച കോൺഗ്രസിന് തിരഞ്ഞെടുപ്പിൽ അവർ തിരിച്ചടി നൽകിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അരാജകത്വം പ്രചരിപ്പിച്ച് രാജ്യത്തെ ദുർബലപ്പെടുത്താൻ ശ്രമിക്കുകയാണെന്നും ഡൽഹി പാർട്ടി ആസ്ഥാനത്തെ വിജയാഘോഷത്തിൽ പ്രവർത്തകരെ അഭിസംബോധന ചെയ്യവെ അദ്ദേഹം വിമർശിച്ചു.
തിരഞ്ഞെടുപ്പ് വിജയം ജനഹൃദയത്തിൽ ബി.ജെ.പി ഇടം നേടിയതിന്റെ തെളിവാണ്. രാജ്യത്തിനും ബി.ജെ.പിക്കും ഒപ്പമാണെന്ന് ജനം തെളിയിച്ചു. ബി.ജെ.പിക്ക് ജനഹൃദയങ്ങളിലാണ് സ്ഥാനം. 10 വർഷം ഹരിയാനയിൽ ബി.ജെ.പി സർക്കാരിനെതിരെ ഒരു അഴിമതി ആരോപണവും ഉയർന്നില്ല. അടുത്ത അഞ്ച് വർഷം രാജ്യത്ത് ദ്രുതഗതിയിലുള്ള വികസനമുണ്ടാകും.
Source link