കേരളത്തിൽ നിന്ന് ഹജ്ജിന് 14,590 പേർ
ന്യൂഡൽഹി: അടുത്ത കൊല്ലം സർക്കാർ ക്വാട്ടയിൽ ഹജ്ജ് തീർത്ഥാടനത്തിന് കേരളത്തിൽ നിന്ന് 14,590 പേർ യോഗ്യത നേടി. കേരളത്തിൽ 20,636 അപേക്ഷകളാണ് ലഭിച്ചത്. 65 വയസിന് മുകളിൽ 3,462 പേരും മെഹറം വിഭാഗത്തിൽ 2,823 പേരുമാണ് യോഗ്യത നേടിയത്. രാജ്യത്താകെ 1,51,981 അപേക്ഷ ലഭിച്ചപ്പോൾ 1,22,518 പേരെ തിരഞ്ഞെടുത്തു.
6046 പേർ വെയ്റ്റിംഗ് ലിസ്റ്റിലുണ്ട്. കൂടുതൽ അപേക്ഷ ഗുജറാത്തിൽ നിന്നാണ് ലഭിച്ചത്-24,484. കുറവ് കേന്ദ്രഭരണ പ്രദേശമായ ദാമൻ-ദിയുവിൽ നിന്ന്-27.
അപേക്ഷ കുറഞ്ഞ 12 സംസ്ഥാനങ്ങളുടെ ക്വാട്ടയിൽ മറ്റിടങ്ങളിൽ നിന്നുള്ള വെയിറ്റിംഗ് ലിസ്റ്റുകാരെ കയറ്റി. 150 ഹാജിമാർക്ക് ഒരു ഉദ്യോഗസ്ഥൻ എന്ന നിലയിൽ 817 പേരെ ഖാദിമുൽ ഹുജ്ജാജുമാരായി നിശ്ചയിച്ചു. തിരഞ്ഞെടുക്കപ്പെട്ടവർ 25 ന് മുൻപ് ആദ്യഗഡു ഇനത്തിൽ 1,30 300 രൂപ അടയ്ക്കണം. ഡൽഹി ആർ.കെ പുരം ഹജ്ജ് കമ്മറ്റി ഓഫീസിൽ നടന്ന ഡിജിറ്റൽ റാൻഡം സെലക്ഷനിലൂടെയാണ് (ഖുറാ) തീർത്ഥാടകരെ തിരഞ്ഞെടുത്തത്.
ധൻബാദും ടാറ്റാനഗർ എക്സ്പ്രസും പുറപ്പെടാൻ വൈകും
തിരുവനന്തപുരം: ഒറ്റപ്പാലത്ത് റെയിൽവേ പാലം മാറ്റിസ്ഥാപിക്കുന്ന ജോലിയുള്ളതിനാൽ ഇന്ന് ആലപ്പുഴയിൽ നിന്നുള്ള ധൻബാദ് എക്സ്പ്രസും എറണാകുളത്തുനിന്നുള്ള ടാറ്റാനഗർ എക്സ്പ്രസും പുറപ്പെടാൻ വൈകുമെന്ന് റെയിൽവേ അറിയിച്ചു. രാവിലെ 6ന് പുറപ്പെടുന്ന ധൻബാദ് എക്സ്പ്രസ് 2.45മണിക്കൂർ വൈകി രാവിലെ 8.45നും 7.15ന് പുറപ്പെടുന്ന ടാറ്റാനഗർ എക്സ്പ്രസ് 2.15മണിക്കൂർ വൈകി രാവിലെ 9.30നുമായിരിക്കും പുറപ്പെടുക.
എം.ജി.എം ഗുരുരത്ന പുരസ്കാരത്തിന് അപേക്ഷിക്കാം
കൊല്ലം: മികച്ച പ്രവർത്തനം കാഴ്ചവച്ച സ്കൂൾ, കോളേജ്, സർവകലാശാല അദ്ധ്യാപകർക്ക് എം.ജി.എം എജ്യുക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് ഏർപ്പെടുത്തിയിട്ടുള്ള ഗുരുരത്ന പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു.
ഒരുലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്ന പുരസ്കാരം നവംബർ 30ന് എറണാകുളം എം.ജി.എം പബ്ലിക് സ്കൂളിൽ നടക്കുന്ന ചടങ്ങിൽ നൽകും. അപേക്ഷകൾ പാസ്പോർട്ട് സൈസ് ഫോട്ടോ സഹിതം ഗോപിനാഥ് മഠത്തിൽ, സെക്രട്ടറി, അവാർഡ് നിർണയ സമിതി വൈ.ജി.എം ട്രസ്റ്റ് ഓഫീസ്, ജി.വൈ ബിൽഡിംഗ്, കൊട്ടാരക്കര 691531 വിലാസത്തിൽ രജിസ്റ്റേർഡ് തപാലായോ സ്പീഡ് പോസ്റ്റായോ നവംബർ 10ന് മുമ്പ് അയയ്ക്കണം. office@mgmedugroup.com ലും അയയ്ക്കാം. ഫോൺ: 9497175110.
എറണാകുളം മെമുവിന് ഓച്ചിറയിലും സ്റ്റോപ്പ്
തിരുവനന്തപുരം:വേണാടിലെയും പാലരുവിയിലെയും തിരക്ക് കുറയ്ക്കാൻ തുടങ്ങിയ കൊല്ലം - എറണാകുളം മെമുവിന് ഓച്ചിറയിലും സ്റ്റോപ്പ് അനുവദിച്ചു.ഓച്ചിറയിൽ രാവിലെ 6.48ന് എത്തും.ഒരുമിനിറ്റ് നിറുത്തും. 9.35ന് എറണാകുളം സൗത്ത് സ്റ്റേഷനിൽ എത്തും.
അതേസമയം, കൊല്ലം മുതൽ നൂറുകണക്കിന് യാത്രക്കാർ സ്വീകരണം നൽകി പുതിയ മെമു സർവ്വീസിന്റെ കന്നിയാത്ര ആഘോഷമാക്കി. കൊടിക്കുന്നിൽ സുരേഷ് എം.പി യും എൻ.കെ. പ്രേമചന്ദ്രൻ എം.പി യും കൊല്ലത്ത് നിന്ന് യാത്രക്കാരെ അനുഗമിച്ചു. ഫ്രണ്ട്സ് ഓൺ റെയിൽസിനു വേണ്ടി സംസ്ഥാന സെക്രട്ടറി ലിയോൺസ് ജെ,തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് പ്രതീഷ് ബി എന്നിവർ എം.പി മാർക്ക് പൂച്ചെണ്ടുകൾ നൽകി. ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി സ്റ്റേഷനുകളിൽ മധുരപലഹാരം വിതരണം ചെയ്തും
ഏറ്റുമാനൂർ സ്റ്റേഷനിൽ പുഷ്പവൃഷ്ടി നടത്തിയും കളർ ഫോഗ് കൊണ്ട് വർണ്ണവിസ്മയം തീർത്തും മെമുവിനെ സ്വീകരിച്ചു.
പി.കെ. നാസറും എസ്. അശ്വതിയും
എ.ഐ.ടി.യു.സി സെക്രട്ടറിമാർ
തൃശൂർ: എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറിമാരായി പി.കെ. നാസറിനെയും എസ്. അശ്വതിയെയും സംസ്ഥാന ജനറൽ കൗൺസിൽ യോഗം തിരഞ്ഞെടുത്തു. പി.കെ. നാസർ എ.ഐ.ടി.യു.സി കോഴിക്കോട് ജില്ലാ സെക്രട്ടറിയും എസ്. അശ്വതി കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയുമാണ്. സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗങ്ങളായി എച്ച്. രാജീവൻ, അഡ്വ. പി.പി. ബാലകൃഷ്ണൻ, ഇ.ടി. ടൈസൺ എം.എൽ.എ, പി. സുരേഷ്ബാബു, അഡ്വ. എം.കെ. ഉത്തമൻ, പി. വിജയകുമാർ, സി.യു. ജോയ് എന്നിവരെയും സംസ്ഥാന ജനറൽ കൗൺസിൽ അംഗമായി സിജോ പൊറത്തൂരിനെയും തിരഞ്ഞെടുത്തു.
Source link