ഇംഗ്ലീഷ് ജയം
ഷാർജ: ഐസിസി വനിതാ ട്വന്റി-20 ക്രിക്കറ്റില്‍ ഇംഗ്ലണ്ടിനു രണ്ടാം ജയം. ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെ തോല്‍പ്പിച്ച ഇംഗ്ലണ്ട് ഇന്നലെ ദക്ഷിണാഫ്രിക്കയെ ഏഴു വിക്കറ്റിനു കീഴടക്കി. ഡാനി വ്യാട്ട് ( 43 പന്തില്‍ 43), നാറ്റ് ഷീവര്‍ (34 പന്തില്‍ 44 നോട്ടൗട്ട് ) എന്നിവരാണ് ഇംഗ്ലണ്ടിനെ ജയത്തിലെത്തിച്ചത്. സ്കോര്‍: ദക്ഷിണാഫ്രിക്ക 124/6 (20). ഇംഗ്ലണ്ട് 125/3 (19.2). ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റനും ഓപ്പണറുമായ ലോറ വോൾവാർഡ് 39 പന്തിൽ മൂന്നു ഫോറിന്റെ സഹായത്തോടെ 42 റണ്‍സ് നേടി ദക്ഷിണാഫ്രിക്കൻ ഇന്നിംഗ്സിലെ ടോപ് സ്കോററായി.
മരിസാൻ കാപ്പ് (17 പന്തിൽ 26), ആനെറി ഡെർക്സെൻ (11 പന്തിൽ 20 നോട്ടൗട്ട്) എന്നിവരുടെ ബാറ്റിംഗാണ് ദക്ഷിണാഫ്രിക്കൻ സ്കോർ 124ൽ എത്തിച്ചത്. ഇംഗ്ലണ്ടിനുവേണ്ടി സോഫി എക്ലെസ്റ്റോണ്‍ നാല് ഓവറിൽ 15 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. 125 റണ്‍സ് എന്ന ലക്ഷ്യത്തിനായി ക്രീസിലെത്തിയ ഇംഗ്ലണ്ടിന് ഓപ്പണർ മായ ബൗച്ചിയറിനെ (8) തുടക്കത്തിലേ നഷ്ടപ്പെട്ടു. ആലീസ് കാപ്സിയും (16 പന്തിൽ 19) മടങ്ങിയെങ്കിലും 10.4 ഓവറിൽ ഇംഗ്ലണ്ട് 60ൽ എത്തി.
Source link