അഭിമുഖത്തിലെ വിവാദ ഭാഗം ; മുഖ്യമന്ത്രിയുടെ ഓഫീസ് സംശയ നിഴലിൽ
ന്യൂഡൽഹി: ദ ഹിന്ദുവിൽ വന്ന അഭിമുഖത്തിന് പി.ആർ ഏജൻസിയെ ചുമതലപ്പെടുത്തിയിട്ടില്ലെന്ന് വിശദീകരിക്കുമ്പോഴും മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസ് സംശയ നിഴലിൽ തുടരുന്നു. കേരള ഹൗസിൽ നടന്ന അഭിമുഖം പി.ആർ ഏജൻസിയുടെ മേൽനോട്ടത്തിലായിരുന്നുവെന്നതിന്റെ കൂടുതൽ സൂചന പുറത്തുവരികയാണ്.
ദ ഹിന്ദു ലേഖികയോട് നേരിട്ട് പറയാത്ത മലപ്പുറവുമായി ബന്ധപ്പെട്ട വിവാദ ഭാഗം മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് ഉൾപ്പെടുത്തിയെന്നാണ് പി.ആർ ഏജൻസി കയ്സെനുമായി ബന്ധപ്പെട്ട ആളുകളിൽ നിന്നറിയുന്നത്. ടി.കെ. ദേവകുമാറിന്റെ മകൻ സുബ്രഹ്മണ്യൻ ആവശ്യപ്പെട്ടിട്ടാണ് അഭിമുഖം നൽകിയതെന്ന മുഖ്യമന്ത്രിയുടെ വിശദീകരണവുമായി പൊരുത്തപ്പെടുന്നവയല്ല അക്കാര്യങ്ങൾ.
എ.ഡി.ജി.പി – ആർ.എസ്.എസ് കൂടിക്കാഴ്‌ച സൃഷ്‌ടിച്ച പ്രതിച്ഛായ ഇടിവ് പരിഹരിക്കാൻ ദേശീയ മാദ്ധ്യമങ്ങളിൽ അഭിമുഖത്തിന് മുഖ്യമന്ത്രിയുടെ ഓഫീസ് നേരത്തെ തീരുമാനിച്ചെന്നാണ് അറിവ്. സ്വർണക്കടത്തിനെതിരെ നടപടിയെടുത്തതിന്റെ പേരിൽ ആക്രമിക്കുകയാണെന്ന് വാർത്താക്കുറിപ്പിറക്കി. ഈ വാർത്താക്കുറിപ്പാണ് പി.ആർ ഏജൻസി വഴി ചില ഇംഗ്ളീഷ് ദിനപത്രങ്ങൾക്ക് നൽകിയതെന്നും സൂചനയുണ്ട്. ദേശീയ തലത്തിൽ പ്രതിച്ഛായ മെച്ചപ്പെടുത്താൻ മറ്റു ചില ദേശീയ ദിനപത്രങ്ങളെയും മുഖ്യമന്ത്രിയുടെ ഓഫീസ് ബന്ധപ്പെട്ടിരുന്നു.
ഹൻഡ വന്നത്
‘സ്വന്തം’ ആളായി
പി.ആർ ഏജൻസിയുടെ സി.ഇ.ഒ വിനീത് ഹൻഡ, ജീവനക്കാരൻ ദീപക് എന്നിവർ വാട്ട്സ്ആപ്പിൽ ചോദ്യങ്ങൾ അയച്ചു തരാൻ ആവശ്യപ്പെട്ടതായി അറിയുന്നു
കേരളഹൗസിൽ അഭിമുഖം തുടങ്ങും മുൻപേ ഹൻഡ എത്തി. അഭിമുഖം നടന്നപ്പോൾ ദ ഹിന്ദു ലേഖികയ്‌ക്കും സുബ്രഹ്മണ്യനുമൊപ്പം ഹൻഡയുമുണ്ടായിരുന്നു
മുഖ്യമന്ത്രിയും ഗവർണറും താമസിക്കുന്ന കൊച്ചിൻ ഹൗസിൽ അതിശക്ത സുരക്ഷയാണ്. മാദ്ധ്യമ പ്രവർത്തകരെപ്പോലും അകത്ത് കടത്താറില്ല
ഹൻഡ ഉള്ളിൽ കയറിയത് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ആളായിട്ടാണെന്നും വ്യക്തം. കടത്തിവിടാൻ ഗേറ്റിലെ സെക്യൂരിറ്റിക്ക് നിർദ്ദേശവും നൽകിയിരുന്നു
Source link