മോൺ. കൂവക്കാട്ട് കർദിനാൾ
വത്തിക്കാൻ സിറ്റി: ചങ്ങനാശേരി അതിരൂപതാംഗം മോൺ. ജോർജ് ജേക്കബ് കൂവക്കാട്ട് ഉൾപ്പെടെ ആഗോള കത്തോലിക്കാസഭയിലേക്ക് പുതിയതായി 21 കർദിനാൾമാരെക്കൂടി ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. 51കാരനായ മോൺ. ജോർജ് കൂവക്കാട്ട് വത്തിക്കാനിലെ നയതന്ത്രവിഭാഗത്തിൽ പ്രവർത്തിച്ചുവരികയായിരുന്നു. ഇന്ത്യയിൽനിന്ന് ഇതാദ്യമായാണ് ഒരു വൈദികൻ നേരിട്ട് കർദിനാൾ പദവിയിലേക്ക് ഉയർത്തപ്പെടുന്നത്. മാത്രമല്ല, ഇന്ത്യയിൽനിന്നുള്ള ഏറ്റവും പ്രായം കുറഞ്ഞ കർദിനാളും മോൺ. ജോർജ് കൂവക്കാട്ടാകും. ഇത്തരത്തിൽ നിരവധി പ്രത്യേകതകളുള്ള ശ്രദ്ധേയ നിയമനമാണ് മോൺ. കൂവക്കാട്ടിന്റേത്. സീറോമലബാർ സഭയെയും ചങ്ങനാശേരി അതിരൂപതയെയും സംബന്ധിച്ച് അഭിമാനം പകരുന്നതാണ് പുതിയ നിയമനം. ഇന്ത്യക്കുപുറമെ, ഇറാൻ, ഇറാക്ക്, ഇന്തോനേഷ്യ, ജപ്പാൻ, ഫിലിപ്പീൻസ് തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളിൽനിന്നുള്ളവരും പുതിയ കർദിനാൾമാരുടെ പട്ടികയിലുണ്ട്. ഡിസംബർ എട്ടിന് വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ കർദിനാൾമാരുടെ സ്ഥാനാരോഹണച്ചടങ്ങുകൾ നടക്കും. മോണ്. ജോര്ജ് കൂവക്കാട്ടിന്റെ മെത്രാഭിഷേകം അതിന് മുമ്പായി നടത്തപ്പെടും. 2006 മുതൽ വത്തിക്കാൻ വിദേശകാര്യ സർവീസിൽ വിവിധ മേഖലകളിൽ സേവമനുഷ്ഠിച്ചുവരുന്ന മോൺ. ജോർജ് കൂവക്കാട്ട് 2020 മുതൽ ഫ്രാൻസിസ് മാർപാപ്പയുടെ വിദേശ അപ്പസ്തോലിക യാത്രകളുടെ മുഖ്യ സംഘാടകനായി പ്രവർത്തിച്ചുവരികയായിരുന്നു. 1973 ഓഗസ്റ്റ് 11ന് ചങ്ങനാശേരി അതിരൂപതയിലെ ചെത്തിപ്പുഴ ഇടവകയിലാണ് മോൺ. ജോർജ് ജനിച്ചത്. 2004ൽ ചങ്ങനാശേരി അതിരൂപതയിൽ പൗരോഹിത്യം സ്വീകരിച്ചു. തുടർന്ന് ഉന്നതവിദ്യാഭ്യാസത്തിനുശേഷം വത്തിക്കാന്റെ നയതന്ത്ര സേവനത്തിൽ പ്രവേശിച്ചു. അൾജീരിയ, ദക്ഷിണകൊറിയ, ഇറാൻ, കോസ്റ്റാറിക്ക, വെനസ്വേല എന്നിവിടങ്ങളിലെ വത്തിക്കാൻ കാര്യാലയങ്ങളിൽ വിവിധ തസ്തികകളിൽ സേവനം ചെയ്തുവരവേ 2020ൽ ഫ്രാൻസിസ് മാർപാപ്പയുടെ വിദേശയാത്രകളുടെ സംഘാടകചുമതല അദ്ദേഹത്തിനു നൽകി. മോൺ. ജോർജ് കൂവക്കാട്ടിനു മുന്പ് ഇതേ തസ്തികകൾ വഹിച്ച മറ്റു രണ്ടു പേരെയും കർദിനാൾപദവിയിലേക്ക് തെരഞ്ഞെടുത്തിട്ടുണ്ട്. ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ യാത്രകളുടെ സംഘാടകനും വത്തിക്കാൻ റേഡിയോയുടെ ഡയറക്ടറുമായിരുന്ന ഈശോസഭാ വൈദികൻ റൊബേർത്തോ തൂച്ചിയെ 2001ൽ കർദിനാൾപദവിയിലേക്ക് ഉയർത്തിയിരുന്നു. മറ്റൊരാൾ പോൾ ആറാമൻ മാർപാപ്പയ്ക്ക് വിശുദ്ധ നാട്ടിലേക്കുള്ള സന്ദർശനം സാധ്യമാക്കിയ വത്തിക്കാൻ നയതന്ത്ര കാര്യാലയത്തിലെ വൈദികനായിരുന്ന ഫ്രഞ്ച് വംശജൻ മോൺ. ഷാക്ക് മാർട്ടിനാണ്. 1998ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പയാണ് അദ്ദേഹത്തെ കർദിനാൾപദവിയിലേക്ക് ഉയർത്തിയത്.
പുതിയ കർദിനാൾമാർ 1. ആർച്ച്ബിഷപ് ഫ്രാങ്ക് ലെയോ (ടൊറോന്റോ) 2. ആർച്ച്ബിഷപ് തർസീസിയൂസ് ഇസാവോ കികുചി എസ്വിഡി (ടോക്കിയോ) 3. ആർച്ച്ബിഷപ് ഡൊമിനിക് ജോസഫ് മത്തിയു ഒഎഫ്എം കണ്വഞ്ചൽ(ടെഹ്റാൻ-ഇസ്ഫാൻ) 4. ബിഷപ് മിക്കോള ബികോച് സിഎസ്എസ്ആർ (മെൽബണിലെ യുക്രേനിയൻ ഗ്രീക്ക് ബിഷപ്) 5. ഫാ. തിമോത്തി റാഡ്ക്ലിഫ് ഒ.പി. (യുകെ) 6. ഫാ. ഫാബിയോ ബാജിയോ സി.എസ്. (ഇറ്റലി) 7. മോൺ. ജോർജ് ജേക്കബ് കൂവക്കാട്ട് (ഇന്ത്യ) 8. ആർച്ച്ബിഷപ് കാർലോസ് കാസ്റ്റിലോ മത്താസോലിയോ (പെറു) 9. ബിഷപ് ബാൽദസാരേ റെയ്ന (ഇറ്റലി) 10. ബിഷപ് പാസ്കാലിസ് ബ്രൂണോ സ്യുകുർ (ഇന്തോനേഷ്യ) 11. ബിഷപ് വിൻസെന്റ് ബോകാലിച് ഇഗ്ലിച് (അർജന്റീന) 12. ആർച്ച്ബിഷപ് ലൂയി ജെരാർദോ കബ്രേര ഹെറേര ഒഎഫ്എം (ഇക്വഡോർ) 13. ആർച്ച്ബിഷപ് ഫെർണാണ്ടോ നതാലിയോ ചൊമാലി ഗാരിബ് (ചിലി) 14. ബിഷപ് പോൾ വിർജിലിയോ സിയോംകോ ദാവീദ് (ഫിലിപ്പീൻസ്) 15. ആർച്ച്ബിഷപ് ലാസ്ലോ നെമെത് ഒസിഡി(സെർബിയ) 16. ആർച്ച്ബിഷപ് ജെയ്മി സ്പെൻഗ്ലെർ ഒഎഫ്എം (ബ്രസീൽ) 17. ആർച്ച്ബിഷപ് ഇഞ്ഞാസ് ബെസി ദോഗ്ബോ (ഐവറി കോസ്റ്റ്) 18. ആർച്ച്ബിഷപ് ജീൻ-പോൾ വെസ്കോ ഒ.പി. (അൾജീരിയ) 19. ആർച്ച്ബിഷപ് റൊബേർത്തോ റെപ്പോളെ (ഇറ്റലി) 20. ആർച്ച്ബിഷപ് ആഞ്ചലോ അചെർബി (ഇറ്റലി) 21. ആർച്ച്ബിഷപ് റൊളാന്തസ് മാക്റിക്കാസ് (ലിത്വാനിയ) 20 പേർ 80 വയസിൽ താഴെ പ്രായമുള്ളവർ ഫ്രാൻസിസ് മാർപാപ്പ നിയമിച്ച പുതിയ കർദിനാൾമാരിൽ 20 പേർ 80 വയസിൽ താഴെയുള്ളവരാണ്. 99 വയസുള്ള മോൺ. ആഞ്ചലോ അചെർബിയാണ് ഏറ്റവും പ്രായമുള്ളയാൾ. മെൽബണിലെ യുക്രേനിയൻ ഗ്രീക്ക് കത്തോലിക്കാസഭ തലവൻ മിക്കോള ബിചോക് (44) ആണ് ഏറ്റവും പ്രായം കുറഞ്ഞയാൾ.
Source link