KERALAM

പ്രായമായവരെ വീട്ടിലിരുത്തുന്നത് ശരിയാണോ എന്ന് ജി.സുധാകരൻ

കൊല്ലം: വയസായതുകൊണ്ട് സ്ഥാനത്തിരിക്കാൻ പാടില്ലെന്ന് പറയുന്നത് ശരിയാണോയെന്നും പ്രസ്ഥാനത്തിന് ഗുണകരമാണോയെന്നും പരിശോധിക്കണമെന്ന് മുൻ മന്ത്രി ജി.സുധാകരൻ. ശ്രീനാരായണഗുരു എംപ്ലോയീസ് കൗൺസിൽ കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ ശ്രീനാരായണ സ്ഥാപനങ്ങളിലെ പൂർവ അദ്ധ്യാപകരെ ആദരിക്കാൻ സംഘടിപ്പിച്ച ഗുരുസംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

എഴുതാനും വായിക്കാനും പ്രവർത്തിക്കാനും കഴിയുന്നവർ വെറുതേ വീട്ടിലിരുന്നാൽ മാനസിക രോഗം വരാം. അദ്ധ്യാപകരും സർക്കാർ ജീവനക്കാരും 56-ാം വയസിൽ വിരമിക്കും. രാഷ്ട്രീയ പാർട്ടികളിൽ ഇപ്പോൾ 75 വയസ് റിട്ടയർമെന്റ് പ്രായമാക്കിയിരിക്കുകയാണ്. റിട്ടയർമെന്റ് ചെയ്തവരെല്ലാം ചേർന്ന് സമ്മേളനം ചേരുമോയെന്നാണ് സംശയം. സർക്കാർ സർവീസിൽ റിട്ടയർമെന്റ് അനിവാര്യമാണ്. എന്നാൽ, റിട്ടയർമെന്റിനെക്കുറിച്ച് സി.പി.എമ്മിന്റെ പാർട്ടി പരിപാടിയിലും ഭരണഘടനയിലും പറഞ്ഞിട്ടില്ല. പ്രത്യേക സാഹചര്യത്തിൽ താനടക്കമുള്ളവർ പ്രായപരിധി അംഗീകരിച്ചു. എന്നാൽ ഇ.എം.എസിന്റെയും എ.കെ.ജിയുടെയും കാലത്തായിരുന്നെങ്കിൽ എന്തായേനെ സ്ഥിതി. അവർ എന്നേ റിട്ടയർ ചെയ്ത് പോയേനെ. തനിക്കിപ്പോൾ ഭൗതികരാഷ്ട്രീയത്തിൽ സ്ഥാനമാനങ്ങളില്ല. പക്ഷേ, പാർട്ടി മെമ്പറാണ്.

ഓരോ ചുമതലകൾക്കും അനുയോജ്യരായവർ ഇല്ലാതെ വരുമ്പോൾ ഇളവ് കൊടുക്കും. അത്തരത്തിൽ മുഖ്യമന്ത്രിയാകാൻ പിണറായി വിജയന് ഇളവ് നൽകി. ഈ ചട്ടം കൊണ്ടുവന്നിട്ട് മൂന്ന് വർഷമേ ആകുന്നുള്ളൂ. വേണമെങ്കിൽ മാറ്റാം. ചട്ടം ഇരുമ്പുലക്കയല്ല. പാർട്ടിയുടെ ഭരണഘടനയിലില്ലാത്ത ചട്ടമാണ്. ഉന്നത സ്ഥാനങ്ങളിലേക്ക് പൊതുജനങ്ങൾ ബഹുമാനിക്കുന്നവരെ കിട്ടിയില്ലെങ്കിൽ എന്തു ചെയ്യും. സമൂഹത്തിന്റെ താല്പര്യമാണ് പ്രധാനം. തോൽക്കുമെന്ന് ഉറപ്പുള്ളവരെ അസംബ്ലിയിലും പാർലെമെന്റിലും സ്ഥാനാർത്ഥികളാക്കുകയാണ്. ഇതൊക്കെ പരിശോധിക്കണമെന്നും ജി.സുധാകരൻ പറഞ്ഞു.


Source link

Related Articles

Back to top button