ഭിന്നശേഷിക്കാരാണ് മികച്ച ശേഷിയുള്ളവർ: ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ
പാലിയം ഇന്ത്യയുടെ ആസ്ഥാനമന്ദിരത്തിന് ശിലയിട്ടു
തിരുവനന്തപുരം: ന്യൂനപക്ഷമായ ഭിന്നശേഷിക്കാരുടെ അവകാശത്തിന് വില കൽപ്പിക്കാതെ ഭൂരിപക്ഷത്തിന് വേണ്ടിയുള്ള ലോകമാണ് നിർമ്മിക്കപ്പെട്ടിട്ടുള്ളതെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. സാന്ത്വന മേഖലയിൽ പ്രവർത്തിക്കുന്ന സന്നദ്ധസംഘടനയായ പാലിയം ഇന്ത്യയുടെ ആസ്ഥാനമന്ദിരത്തിന്റെ ശിലാസ്ഥാപനം ഞാണ്ടൂർക്കോണം ശബരിഗിരി ഇന്റർനാഷണൽ സ്കൂളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ന്യൂനപക്ഷത്തെ ഭിന്നശേഷി എന്നാണ് വിളിക്കുന്നത്. എന്നാൽ അവരാകട്ടെ മികച്ച ശേഷി കൈമുതലായി ഉള്ളവരാണ്. ഒറ്റപ്പെടൽ ഭയാനകമായ അവസ്ഥയാണ്. അതിനൊപ്പം ഏതെങ്കിലും അസുഖം കൂടി പിടിപെട്ടാലുള്ള അവസ്ഥ ഭീതിതമാണ്. അവിടെയാണ് സാന്ത്വന പരിചരണത്തിന്റെ പ്രസക്തി. സാന്ത്വന പരിചരണം ചെയ്യാൻ ഡോക്ടറോ, ആരോഗ്യ പ്രവർത്തകരോ ആവണമെന്നില്ല. ഇതിന് മനസുണ്ടാകുകയാണ് പ്രധാനം. മനുഷ്യത്വപരമായ സമീപനമാണ് ഇക്കാര്യത്തിൽ വേണ്ടത്. നമ്മുടെ വീടുകൾ മുൻപ് സാന്ത്വന പരിചണ കേന്ദ്രങ്ങളായിരുന്നു. വീടുകളിലാണ് മുതിർന്നവരെ പരിചരിച്ചിരുന്നത്. അക്കാലങ്ങളിൽ ഹോംനഴ്സ് എന്ന പദം പോലും കേട്ടിട്ടില്ല. എന്നാലിന്ന് വിദേശത്തേക്ക് കേരളത്തിലെ കുട്ടികൾ സ്ഥിരതാമസത്തിന് പോയതോടെ മുതിർന്നവരുടെ അവസ്ഥ ദയനീയമാകുകയാണെന്നും അദ്ദേഹം പറഞ്ഞു.
പാലിയം ഇന്ത്യ ചെയർമാൻ ബിനോദ് ഹരിഹരൻ അദ്ധ്യക്ഷനായി. പാലിയം ഹോമിന്റെ ആശയ അവതരണം ചെയർമാൻ എമിരറ്റസ് ഡോ.എം.ആർ.രാജഗോപാൽ നിർവഹിച്ചു. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ മുഖ്യാതിഥിയായി . മുൻ ചീഫ് സെക്രട്ടറി എം.എസ്.വിജയാനന്ദ് ,പാലിയേറ്റിവ് കെയർ ഗുണഭോക്താവ് ജ്യോതി കുമാർ, പാലിയം ഇന്ത്യ ട്രസ്റ്റി ആഷ്ലറാണി, ശബരിഗിരി ഇന്റർനാഷനൽ സ്കൂൾ ചെയർമാൻ ഡോ.വി.കെ. ജയകുമാർ, ആർ.എസ്.ശ്രീകുമാർ,ആശാബാബു,അർച്ചന മണികണ്ഠൻ, ബി.ജി.വിഷ്ണു, ജെ.എസ്.അഖിൽ, ജി.ബാലചന്ദ്രൻ എന്നിവർ പങ്കെടുത്തു.
Source link