KERALAM

പി.ആർ വിശദീകരണം വിശ്വസനീയമല്ല, എ.ഡി.ജി.പിയെ മാറ്റാൻ മടിയെന്ത്? സി.പി.എം സംസ്ഥാന സമിതിയിൽ രൂക്ഷ വിമർശനം

തിരുവനന്തപുരം: വിവാദവിഷയങ്ങളിൽ ജനങ്ങൾക്ക് മുന്നിൽ സംസ്ഥാന സെക്രട്ടറി മുഖ്യമന്ത്രിക്ക് കവചമൊരുക്കിയെങ്കിലും,സി.പി.എം സംസ്ഥാന കമ്മിറ്റിയിൽ പാർട്ടി അംഗങ്ങൾ ഉയർത്തിയത് രൂക്ഷവിമർശനം. വിവാദങ്ങളൊഴിഞ്ഞ സമയം ഈ സർക്കാരിനില്ലെന്നും അതെല്ലാം പാർട്ടിക്ക് ദോഷമുണ്ടാക്കുകയാണെന്നും ചില അംഗങ്ങൾ പറഞ്ഞു. പി.ആർ ഏജൻസിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ വിശദീകരണം തൃപ്തികരമല്ലെന്നും അതിൽ വിശ്വാസമില്ലെന്നും തുറന്നടിച്ചു.

എം.വി. ജയരാജൻ,എസ്.ശർമ്മ,രാജു എബ്രഹാം,മേഴ്‌സിക്കുട്ടിയമ്മ,സി.എസ്. സുജാത,കെ. ചന്ദ്രൻ പിള്ള തുടങ്ങിയവരാണ് കടുത്ത വിമർശനങ്ങൾ ഉയർത്തിയതെന്ന് അറിയുന്നു. ക്രമസമാധാന ചുമതലയിൽനിന്ന് എ.ഡി.ജി.പി എം.ആർ അജിത് കുമാറിനെ മാറ്റുന്നതിൽ എന്തിനാണ് മുഖ്യമന്ത്രിക്ക് വൈമനസ്യമെന്നും ഇത് ജനങ്ങൾക്കിടയിൽ സംശയത്തിന് ഇടനൽകിയെന്നും ആ സാഹചര്യം ഉണ്ടാവാൻ പാടില്ലായിരുന്നുവെന്നും വിമർശനമുണ്ടായി.

മുഖ്യമന്ത്രിയെയും സി.പി.എമ്മിനെയും പ്രതിരോധത്തിലാക്കുന്ന പി.വി അൻവറിനെതിരെ നീങ്ങേണ്ടതില്ലെന്നാണ് സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം. മുസ്ലിം കേന്ദ്രീകരണം ആഗ്രഹിക്കുന്നവർ അൻവറിനൊപ്പമുണ്ട്. അതിനുപിന്നിൽ ഉരുത്തിരിയുന്ന ന്യൂനപക്ഷ രാഷ്ട്രീയത്തെ ജാഗ്രതയോടെ സമീപിക്കണമെന്നും വാദമുയർന്നു. പി.ആർ ഏജൻസി വിവാദത്തിനപ്പുറം,മലപ്പുറം പരാമർശത്തിലൂടെ പാർട്ടിക്കുണ്ടായ കോട്ടത്തിന് ഉത്തരവാദി ആരെന്ന ചോദ്യം ഉയർന്നു.

ദി ഹിന്ദു പത്രത്തിന്റെ വിശദീകരണത്തോടെ പാർട്ടിക്ക് കൂടുതൽ ക്ഷതമുണ്ടായില്ലേയെന്നും ചോദിച്ചു. സി.പി.എമ്മിന് പി.ആർ ഏജൻസിയുടെ സേവനം ആവശ്യമില്ലെന്നാണ് പാർട്ടി തീരുമാനം. സംസ്ഥാന സെക്രട്ടറി റിപ്പോർട്ട് ചെയ്തതും അത്തരത്തിലാണ്. മറിച്ച്,മുഖ്യമന്ത്രിക്ക് മാത്രം അത്തരമൊരു നിലപാടെടുക്കാൻ കഴിയുന്നുണ്ടെങ്കിൽ അത് പാർട്ടി സെന്ററിന്റെ കുഴപ്പമല്ലേയെന്നും ചോദ്യമുയർന്നു. വിവാദങ്ങൾ ആത്യന്തികമായി വന്നുപതിക്കുന്നത് പാർട്ടിയുടെ ചുമലിലാണ്. സി.കെ ചന്ദ്രപ്പനും വെളിയം ഭാർഗവനും സെക്രട്ടറിയായിരുന്നപ്പോൾപോലും സി.പി.ഐ പരസ്യ വിമർശനം ഉയർത്തിയിട്ടില്ല. എ.ഡി.ജി.പിക്കെതിരെ നടപടി വൈകുന്നത് പ്രതിച്ഛായയെ ബാധിക്കില്ലേയെന്നും ചോദിച്ചു.

പാർട്ടി സെക്രട്ടറിയാണ് മാദ്ധ്യമങ്ങളിലൂടെയും അല്ലാതെയും മറുപടി നൽകേണ്ടത്. അതാണ് കമ്മ്യൂണിസ്റ്റ് ശൈലി. എം.വി ഗോവിന്ദൻ സെക്രട്ടറിയായശേഷം ഒരു കേന്ദ്രകമ്മിറ്റിയംഗമാണ് (എ.കെ ബാലൻ) മറുപടി പറയുന്നത്. ഇതിന് അദ്ദേഹത്തെ എ.കെ.ജി സെന്ററിൽ നിന്ന് ചുമതലപ്പെടുത്തിയിട്ടുണ്ടോയെന്ന ചോദ്യവും ഉയർന്നു.

മലപ്പുറം ജില്ലാ സെക്രട്ടറിക്കെതിരെയും രൂക്ഷവിമർശനമായിരുന്നു. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് മണ്ഡലത്തിൽ അൻവർ ഉണ്ടായിരുന്നില്ലെന്ന് ജില്ലാ സെക്രട്ടറി പറഞ്ഞു. ആഫ്രിക്കയിലായിരുന്ന അൻവറിനെ വീണ്ടും സ്ഥാനാർത്ഥിയാക്കിയത് പാർട്ടിയാണെന്ന് പറയാനുള്ള തൊലിക്കട്ടി എങ്ങനെയുണ്ടായി. ഇത്രയുംനാൾ കൂടെ നിന്നശേഷം എം.എൽ.എ വികസന പ്രവർത്തനത്തിൽ ശ്രദ്ധിച്ചില്ലെന്ന് പറയുന്നതിൽ എന്ത് രാഷ്ട്രീയ നേട്ടമാണെന്നും ചോദിച്ചു.


Source link

Related Articles

Check Also
Close
Back to top button