എംടി വാസുദേവൻ നായരുടെ വീട്ടിൽ മോഷണം; ഡയമണ്ടും 26 പവന്റെ സ്വർണവും നഷ്ടപ്പെട്ടു
കോഴിക്കോട്: പ്രശസ്ത സാഹിത്യകാരൻ എംടി വാസുദേവൻ നായരുടെ വീട്ടിൽ മോഷണം നടന്നതായി പരാതി. കോഴിക്കോട് നടക്കാവ് കോട്ടാരം റോഡിലെ സിത്താര എന്ന വീട്ടിലാണ് മോഷണം നടന്നത്. അലമാരയിൽ സൂക്ഷിച്ചിരുന്ന 26 പവൻ സ്വർണാഭരണങ്ങളും വജ്രങ്ങളുമാണ് നഷ്ടപ്പെട്ടത്. എംടിയുടെ ഭാര്യ കലാമണ്ഡലം സരസ്വതി നൽകിയ പരാതിയിൽ നടക്കാവ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സെപ്തംബർ 22നും 30നും ഇടയിൽ മോഷണം നടന്നുവെന്നാണ് സംശയം. സ്വർണം ബാങ്ക് ലോക്കറിലാണോ എന്ന സംശയമുണ്ടായിരുന്നു. എന്നാൽ, പരിശോധനയിൽ വീട്ടിലും ലോക്കറിലും ആഭരണങ്ങൾ ഇല്ലെന്ന് കണ്ടെത്തുകയായിരുന്നു. മൂന്ന് മാല, വള, കമ്മൽ, ഡയമണ്ട് കമ്മലും ലോക്കറ്റും, മരതകം പതിച്ച ലോക്കറ്റുമാണ് മോഷണം പോയവയിലുള്ളത്. നിലവിൽ കേസ് അന്വേഷിച്ചുവരികയാണ് പൊലീസ്.
അലമാരയ്ക്ക് സമീപം സൂക്ഷിച്ചിരുന്ന താക്കോലെടുത്ത് തുറന്നാണ് മോഷണം നടത്തിയിരിക്കുന്നത്. കുടുംബവുമായി ബന്ധമുള്ള ആരെങ്കിലുമാവാം മോഷണം നടത്തിയത് എന്നാണ് പ്രാഥമിക നിഗമനം.
Source link