എ.ടി.എം കവർച്ച: അലാം സംവിധാനത്തിന് വേഗം കൂട്ടും
തൃശൂർ: എ.ടി.എം കവർച്ചക്കാരെ പെട്ടെന്ന് പിടികൂടാൻ അലാം സംവിധാനം വേഗത്തിലാക്കാനൊരുങ്ങി പൊലീസ്. സാങ്കേതിക വിദഗ്ദ്ധരുടെ സഹായത്തോടെ ബാങ്കുകളിൽ നടപ്പാക്കാൻ സിറ്റി പൊലീസ് കമ്മിഷണർ നിർദ്ദേശം നൽകും. നിലവിൽ എ.ടി.എം കവർച്ചയ്ക്ക് ശ്രമിച്ചാൽ ബാങ്കിന്റെ കൺട്രോൾ റൂമിൽ നിന്ന് പൊലീസ് സ്റ്റേഷനിലേക്കും ബാങ്ക് മാനേജർക്കും കോളെത്താറുണ്ട്. എന്നാൽ കഴിഞ്ഞമാസം 27ന് തൃശൂരിലെ മൂന്ന് എ.ടി.എമ്മിൽ കവർച്ച നടന്നപ്പോൾ സന്ദേശം പൊലീസിന് ലഭിക്കാൻ വൈകി. പ്രതികളെ ഇന്നലെ തൃശൂരിലെത്തിച്ചതോടെ,ഇതിനായുള്ള നടപടികളിലേക്ക് കടക്കും.
ഇരിങ്ങാലക്കുട മാപ്രാണത്തുള്ള എസ്.ബി.ഐ എ.ടി.എമ്മിൽ പുലർച്ചെ 2.10നായിരുന്നു മോഷണം. 30 മിനിറ്റ് കഴിഞ്ഞപ്പോഴാണ് ബാങ്കിന്റെ കൺട്രോൾ റൂമിൽ നിന്നും അലർട്ട് വന്നത്. 10 മിനിറ്റിൽ സ്ഥലത്തെത്തി സി.സി.ടി.വി ദൃശ്യം പരിശോധിച്ചെന്ന് പൊലീസ് പറയുന്നു. 3.10നായിരുന്നു തൃശൂർ ഷൊർണൂർ റോഡിലെ എ.ടി.എമ്മിലെ കവർച്ച. 50 മിനിറ്റിന് ശേഷമായിരുന്നു അലർട്ട് ലഭിച്ചത്. എന്നാൽ കോലഴിയിലെ എ.ടി.എമ്മിൽ 4.20ന് മൂന്നാമത്തെ മോഷണമുണ്ടായപ്പോൾ 20 മിനിറ്റിൽ സന്ദേശം കിട്ടി. ഈസ്റ്റ് പൊലീസ് സ്റ്റേഷൻ പരിധിയിലും വിയ്യൂർ സ്റ്റേഷൻ പരിധിയിലും നൈറ്റ് ഓഫീസറായിരുന്ന വിയ്യൂർ ഇൻസ്‌പെക്ടറെത്തി പരിശോധിച്ചിരുന്നു. ഉടൻ തൃശൂർ റൂറൽ,സിറ്റി,വടക്കഞ്ചേരി,പാലക്കാട്,എറണാകുളം എന്നീ സ്ഥലങ്ങളിലേക്ക് സന്ദേശം നൽകി.
പട്രോളിംഗ് കൃത്യമാകണം
നൈറ്റ് പട്രോളിംഗ് കാര്യക്ഷമമാകുന്നില്ലെന്ന പരാതിയുണ്ട്. വേണ്ടത്ര പൊലീസില്ലാത്തതാണ് കാരണം. എ.ടി.എമ്മിന്റെയും ക്യാബിന്റെയും ക്യാമറ സ്‌പ്രേ പെയിന്റ് ചെയ്ത് മറച്ചാണ് തൃശൂരിൽ കവർച്ച നടത്തിയത്. അതുകൊണ്ട് പ്രതികളെ പിടികൂടുന്നതും എളുപ്പമായിരുന്നില്ല. പക്ഷേ,നാമക്കലിൽ അപകടത്തിൽ കുടുങ്ങിയതാണ് വഴിത്തിരിവായത്.
Source link