സെക്രട്ടേറിയറ്റിൽ സീലിംഗ് ഇളകി വീണ് അഡി. സെക്രട്ടറിക്ക് പരിക്ക്
തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ പഴയ നിയമസഭാ മന്ദിരത്തിന് മുകൾ നിലയിലെ സീലിംഗ് ഇളകി വീണ് സഹകരണ വകുപ്പ് അഡീഷണൽ സെക്രട്ടറി അജി ഫിലിപ്പിന് പരിക്കേറ്റു. ഇദ്ദേഹത്തിന്റെ തലയിലേക്കാണ് സീലിംഗ് ഇളകി വീണത്. ജനറൽ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. ഇന്നലെ ഉച്ചയ്ക്ക് 2.15നായിരുന്നു സംഭവം.
അലുമിനിയം ഉൾപ്പെടെയുള്ളവകൊണ്ടു നിർമ്മിച്ച സീലിംഗാണ് ഇളകിവീണത്. ട്യൂബ് ലൈറ്റ് ഉൾപ്പെടെ അഞ്ചു കിലോയോളം ഭാരമുള്ള വസ്തുക്കളാണ് മൂന്നു മീറ്റർ ഉയരത്തിൽ നിന്നും ഉദ്യോഗസ്ഥന്റെ തലയിൽ പതിച്ചത്. സഹകരണ വകുപ്പ് അഡീഷണൽ സെക്രട്ടറിയുടെ ഓഫീസും നിയമവകുപ്പിന്റെ ഒരു ചെറിയ വിഭാഗവുമാണ് സംരക്ഷിത ഹെറിറ്റേജ് മന്ദിരത്തിന്റെ ഭാഗമായ ഇവിടെ പ്രവർത്തിക്കുന്നത്. അറ്റകുറ്റപ്പണിക്കായി കൃത്യമായ ഇടവേളകളിൽ പണം അനുവദിക്കാറുള്ളതാണെങ്കിലും ഇത്തരമൊരു അപകടമുണ്ടായത് ജീവനക്കാരിൽ ആശങ്കയുണ്ടാക്കി.
”യഥാസമയം മെയിന്റനൻസ് നടത്താതെ കെട്ടിടം അപകടാവസ്ഥയിൽ എത്തിച്ച് ഏതെങ്കിലും ഏജൻസിക്ക് പൂർണമായ സംരക്ഷണ, പുനരുദ്ധാരണ പ്രവർത്തനങ്ങൾ ഏല്പിക്കുന്ന തന്ത്രത്തിന്റെ ഭാഗമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
-എം.എസ്.ഇർഷാദ്, പ്രസിഡന്റ്,
കെ.പി.പുരുഷോത്തമൻ, ജനറൽ സെക്രട്ടറി,
സെക്രട്ടേറിയറ്റ് അസോസിയേഷൻ
Source link