കൈയിൽ റൈഫിൾ; ഇസ്രയേൽ ‘ദീർഘകാലം ഉണ്ടാകില്ലെന്ന്’ ഇറാൻ പരമോന്നത നേതാവിന്റെ മുന്നറിയിപ്പ്
ടെഹ്റാൻ: ഇസ്രയേലിനോടുള്ള ചെറുത്തുനിൽപ്പിൽനിന്ന് പിന്നോട്ടില്ലെന്ന് ഇറാന്റെ പരമോന്നതനേതാവ് അയത്തൊള്ള അലി ഖമീനി. അഞ്ച് വർഷത്തിനിടയിലെ ആദ്യത്തെ വെള്ളിയാഴ്ച പ്രഭാഷണത്തിൽ ബദ്ധവൈരിയായ ഇസ്രയേലിനെതിരേ കടുത്ത നിലപാടാണ് അയത്തൊള്ള അലി ഖമീനി പ്രഖ്യാപിച്ചത്. “നമ്മുടെ അചഞ്ചലമായ വിശ്വാസം ശക്തിപ്പെടുത്തിക്കൊണ്ട് ശത്രുവിനെതിരെ നാം നിലകൊള്ളണം. ഇസ്രയേൽ ദീർഘകാലം നിലനിൽക്കില്ല -അലി ഖമീനി മുന്നറിയിപ്പ് നൽകി. ഇറാനും അവർ പിന്തുണയ്ക്കുന്ന പ്രാദേശിക തീവ്രവാദ സംഘടനകളും വലിയ തിരിച്ചടി നേരിടുന്ന ഘട്ടത്തിലാണ് ഇറാൻ സൈന്യത്തിൻ്റെയും രാജ്യത്തിൻ്റെയും മൊത്തത്തിലുള്ള മനോവീര്യം വർധിപ്പിക്കാനായി അയത്തൊള്ള അലി ഖമീനി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടത്. അപൂർവ പ്രഭാഷണത്തിനായി 1979-ലെ ഇസ്‌ലാമിക വിപ്ലവത്തിൽ നിർണായക പങ്കുവഹിച്ച ചരിത്രപ്രസിദ്ധമായ ഇമാം ഖമീനി മസ്ജിദാണ് അദ്ദേഹം തിരഞ്ഞെടുത്തത്. ഒപ്പം ആയിരക്കണക്കിന് ഇറാനികളെ അഭിസംബോധന ചെയ്യുമ്പോൾ അദ്ദേഹം റഷ്യൻ നിർമിത റൈഫിൾ കൈയിൽ പിടിച്ചിരുന്നു.
Source link