KERALAMLATEST NEWS

ഗുണ്ടകളെ പൂട്ടാൻ ഡിജിറ്റൽ ടാഗിംഗ്

തിരുവനന്തപുരം: കൊലവിളിയുമായി അഴിഞ്ഞാടുന്ന ഗുണ്ടകളെ, അവരുടെ ലൊക്കേഷൻ ജിയോടാഗ് ചെയ്ത് പൂട്ടും. ഡി.ജി.പി ഷേഖ്ദർവേഷ് സാഹിബ് ജില്ലാപൊലീസ് മേധാവിമാർക്ക് നൽകിയ നിർദ്ദേശപ്രകാരമാണ് ഗുണ്ടാവേട്ട ഡിജിറ്റലാക്കുന്നത്. ഗുണ്ടകളുടെ ലൊക്കേഷൻ, പ്രവർത്തനകേന്ദ്രങ്ങൾ,ഒളിസ്ഥലങ്ങൾ എന്നിവ ഡിജിറ്റൽമാപ്പിൽ അടയാളപ്പെടുത്തും. കൃത്യമായ ഇടവേളകളിൽ ജിയോടാഗ് ചെയ്ത ലൊക്കേഷനുകളിൽ പൊലീസ് എത്തി ഗുണ്ടകളെ നിരീക്ഷിക്കും. സ്ഥലത്തില്ലെങ്കിൽ കണ്ടെത്തി കസ്റ്റഡിയിലെടുക്കും. തുടരെ കുറ്റകൃത്യങ്ങളിലേർപ്പെട്ടാൽ കരുതൽതടങ്കലിലാക്കുകയോ നാടുകടത്തുകയോ ചെയ്യും. ഗുണ്ടാവിളയാട്ടം വർദ്ധിക്കുകയും ഒന്നരവർഷത്തിനിടെ 438കൊലപാതകങ്ങളും 1358വധശ്രമങ്ങളും ഉണ്ടാവുകയുംചെയ്ത സാഹചര്യത്തിലാണിത്.

കോളനികൾ, ബസ്-റെയിൽവേ സ്റ്റേഷനുകൾ, തിയേറ്ററുകൾ, ബാർഹോട്ടലുകൾ, ഗ്രൗണ്ടുകൾ തുടങ്ങിയവയുമായി ബന്ധപ്പെടുത്തി ഗുണ്ടകളുടെ താമസസ്ഥലങ്ങൾ ജിയോടാഗ്ചെയ്യും. പൊലീസുദ്യോഗസ്ഥർക്കും കൺട്രോൾറൂമിലും പട്രോളിംഗ് വാഹനങ്ങളിലും ഈ ലൊക്കേഷൻ ലഭ്യമാക്കും. ഏതുഭാഗത്ത് പ്രശ്നങ്ങളുണ്ടായാലും പ്രദേശത്തെ ഗുണ്ടകളെ പൊലീസിന്റെ വരുതിയാലാക്കാൻ ഇതുവഴി സാധിക്കും. പുതുതായി രംഗത്തെത്തുന്ന ഗുണ്ടകളെ കണ്ടെത്തി സ്റ്റേഷനുകളിലെ ലിസ്റ്റ് പുതുക്കും. ഡിജിറ്റൽ നിരീക്ഷണത്തിലായാൽ ഗുണ്ടകൾ ഒതുങ്ങുമെന്നാണ് പൊലീസ് കരുതുന്നത്.

കൊച്ചി മോഡൽ

കൊച്ചിയിൽ 1275ലൊക്കേഷനുകൾ ജിയോടാഗ്ചെയ്ത് ഗുണ്ടകളെ സ്ഥിരമായി നിരീക്ഷിച്ചതിലൂടെ കുറ്റകൃത്യങ്ങൾ കുറയ്ക്കാനായി. 800ലേറെ ഗുണ്ടകളുടെ വിവരങ്ങൾ ഡിജിറ്റലാക്കിയിരുന്നു. ‘ഓപ്പറേഷൻ കാവൽ’ എന്ന ഗുണ്ടാവേട്ടയും സ്റ്റേഷൻ-ജില്ലാതലങ്ങളിൽ പ്രഖ്യാപിച്ച പ്രത്യേകദൗത്യവും പരാജയപ്പെട്ടത് പൊലീസുകാരുടെ നിസ്സഹകരണം മൂലമാണ്. ഉദ്യോഗസ്ഥർ വിവരങ്ങൾ ചോർത്തുന്നതും പരാജയകാരണമായി. ജിയോടാഗിംഗിന് ഈ പരിമിതിയെ അതിജീവിക്കാനാവുമെന്നാണ് വിലയിരുത്തൽ.

ജിയോടാഗിംഗ്

ഗുണ്ടകളുടെ വീടുള്ള സ്ഥലത്തിന്റെ അക്ഷാംശം,രേഖാംശം സഹിതമുള്ള ഭൂമിശാസ്ത്ര ലൊക്കേഷൻ ഉപഗ്രഹസംവിധാനത്തോടെ ഉൾപ്പെടുത്തും. കമ്പ്യൂട്ടറിലോ ഫോണിലോ വിവരങ്ങൾ പരിശോധിക്കാം.

8,745

ഗുണ്ടകൾ കേരളത്തിലുണ്ടെന്ന് കണക്ക്

2815

ഗുണ്ടകൾ സദാസജീവമായി രംഗത്ത്

1400

ഗുണ്ടകളുള്ള കോട്ടയം ഒന്നാമത്

”ഗുണ്ടാവിരുദ്ധ ഓപ്പറേഷനുകൾ നടക്കുന്നെന്ന് ക്രമസമാധാന എ.ഡി.ജി.പി ഉറപ്പാക്കണം”

-ജസ്റ്റിസ് അലക്സാണ്ടർതോമസ്

മനുഷ്യാവകാശകമ്മിഷൻ ചെയർമാൻ


Source link

Related Articles

Back to top button