KERALAM

‘ഹഹഹ അല്ല മറുപടി വേണം, നുണകളെല്ലാം ഒപ്പമുള്ളവരോട് പറഞ്ഞാൽ മതി ‘; മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് വിഡി സതീശൻ

തിരുവനന്തപുരം: ദി ഹിന്ദു ദിനപത്രത്തിൽ വന്ന അഭിമുഖത്തെക്കുറിച്ച് പിണറായി വിജയൻ പറഞ്ഞ കാര്യങ്ങൾ വിശ്വസിക്കാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ദേവകുമാറിന്റെ മകൻ പറഞ്ഞിട്ടാണോ മുഖ്യമന്ത്രി ഇന്റർവ്യൂ കൊടുക്കുന്നത്. അങ്ങനെയെങ്കിൽ പിആർഡിയും മാദ്ധ്യമവിഭാഗവും മീഡിയാ സെക്രട്ടറിയെയുമെല്ലാം പിരിച്ചുവിടട്ടെ എന്നും മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിന് മറുപടിയായി വിഡി സതീശൻ പറഞ്ഞു.

വിഡി സതീശന്റെ വാക്കുകൾ:

കൈസണും റിലയൻസുമായി ബന്ധമുള്ള ചെറുപ്പക്കാരൻ വഴിയാണോ മുഖ്യമന്ത്രി ഇന്റർവ്യൂ കൊടുക്കേണ്ടത്. അതുമല്ല, മുഖ്യമന്ത്രി ഇന്റർവ്യു കൊടുക്കുമ്പോൾ പുറത്തുനിന്നും ആരെങ്കിലും കയറിവരുമോ? പിണറായി വിജയൻ പറഞ്ഞ കാര്യങ്ങൾ വിശ്വസിക്കാനാവില്ല. പറയാത്ത കാര്യങ്ങൾ റിപ്പോർട്ട് ചെയ്‌ത പത്രത്തിനെതിരെ മുഖ്യമന്ത്രി കേസ് കൊടുക്കുമോ? അത്രയും ഗുരുതരമായ ആരോപണങ്ങളാണ് മുഖ്യമന്ത്രി ഉന്നയിച്ചിരിക്കുന്നത്.

രാജ്യത്തെ ജനങ്ങൾ തമ്മിൽ ഭിന്നിപ്പുണ്ടാക്കുന്ന ഒരു കാര്യം എഴുതി പിടിപ്പിച്ച ഹിന്ദുവിനെതിരെയും കൈസൺ എന്ന ഏജൻസിക്കെതിരെയും കേസെടുക്കാൻ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ? വീണിടത്ത് കിടന്ന് ഉരുളുകയാണ് മുഖ്യമന്ത്രി. ഗീബൽസിനെ പോലെ നുണപറയുകയാണ് അദ്ദേഹം. ആയിരംവട്ടം നുണപറഞ്ഞാല്‍ സത്യമാവുമെന്ന ധാരണയാണ് മുഖ്യമന്ത്രിക്ക്. ആരെയാണ് അദ്ദേഹം പരിഹസിക്കുന്നത്.

വാര്‍ത്താസമ്മേളനത്തില്‍ ചോദ്യങ്ങള്‍ക്ക് ചിരിക്കുകയല്ല വേണ്ടത്, മറുപടി പറയണം. സെപ്റ്റംബര്‍ 13ന് വേറൊരു പിആര്‍ ഏജന്‍സി ഡല്‍ഹിയിലെ മാദ്ധ്യമങ്ങള്‍ക്ക് മുഴുവന്‍ ഒരു വാര്‍ത്ത കൊടുക്കുന്നു. ആ വാര്‍ത്തയില്‍ കഴിഞ്ഞ അഞ്ചുകൊല്ലമായി കേരളത്തില്‍, മലപ്പുറം ജില്ലയില്‍ നടത്തുന്ന സ്വര്‍ണക്കള്ളക്കടത്തിന്റെയും ഹവാലയുടേയും വിവരങ്ങളാണ്. 21-ാം തീയതി മുഖ്യമന്ത്രി പത്രസമ്മേളനം നടത്തുന്നു. അതില്‍ മൂന്നുകൊല്ലത്തെ കണക്കുകള്‍ പറയുന്നു. മലപ്പുറമെന്ന് പറയുന്നില്ല. വീണ്ടും ഇപ്പോള്‍ 29-ാം തീയതി ഹിന്ദുവിന് കൊടുത്ത ഇന്റര്‍വ്യൂവില്‍ അതിലും സ്വര്‍ണത്തിന്റെ അതേ കണക്ക്. എന്നിട്ട് മലപ്പുറത്തിന്റെ കാര്യം രണ്ടാമത് എഴുതിക്കൊടുക്കുന്നു. ഇതെല്ലാം ഒരു സ്ഥലത്ത് തയ്യാറാക്കിയതാണ്.

സംഘപരിവാർ അജണ്ട കേരളത്തില്‍ നടപ്പാക്കാന്‍ വേണ്ടി തയ്യാറാക്കിയ സ്‌ക്രിപ്റ്റാണത്. മലയാളികളെ ഇങ്ങനെ വിഡ്ഢികളാക്കരുത്. ഇത്തരം നുണകള്‍ മുഖ്യമന്ത്രി അദ്ദേഹത്തിന്റെ ചുറ്റും നില്‍ക്കുന്നവരോട് പറഞ്ഞാല്‍ മതി.


Source link

Related Articles

Back to top button