‘ഭക്ഷണം നൽകിയത് സെന്റ് ഓഫ് എന്ന രീതിയിൽ വ്യാഖ്യാനിച്ചു, അർജുന്റെ കുടുംബത്തെ വേട്ടയാടരുത്’; മനാഫ്
കോഴിക്കോട്: നന്ദി പ്രതീക്ഷിച്ചല്ല ഒന്നും ചെയ്തതെന്ന് ഷിരൂരിലെ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ ലോറി ഉടമകളിലൊരാളായ മനാഫ്. അപമാനിതനായാലും ആരോടും ശത്രുതയില്ലെന്ന് മനാഫ് കൂട്ടിച്ചേർത്തു. കോഴിക്കോട് മുക്കം സ്കൂളിലെ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അർജുന്റെ കുടുംബം ഇന്നലെ മനാഫിനെതിരെ ആരോപണവുമായി രംഗത്തെത്തിയിരുന്നു.
‘അർജുന്റെ കുടുംബത്തിന്റെ പ്രതികരണത്തിൽ ഞാൻ കുടുംബവുമായി ആലോചിച്ച് കൂടുതൽ പ്രതികരിക്കും. അർജുന്റെ കുടുംബത്തെ ആരോ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. സെന്റ് ഓഫ് നടത്തിയിട്ടില്ല. അത്രയും ദിവസം കൂടെ ഉണ്ടായിരുന്ന ആളുകൾക്ക് ഭക്ഷണം വാങ്ങി കൊടുത്ത് യാത്ര ആക്കുകയാണ് ചെയ്തത്. അതാണ് സെന്റ് ഓഫ് എന്ന രീതിയിൽ വ്യാഖ്യാനിച്ചത്. തെറ്റിദ്ധാരണ ഉണ്ടായതിൽ മാപ്പ് ചോദിക്കുകയാണ്. അർജുന്റെ കുടുംബത്തെ ഇതിന്റെ പേരിൽ ആരും വേട്ടയാടരുത്. സമൂഹമാദ്ധ്യമത്തിലും മോശമായി സംസാരിക്കരുത്. തനിക്ക് ചേരി തിരിഞ്ഞ് നിൽക്കാൻ താൽപര്യമില്ല’,- മനാഫ് വ്യക്തമാക്കി.
അർജുൻ എന്ന വൈകാരികതയെ യൂട്യൂബ് ചാനലിലൂടെ വിൽക്കുകയാണ് മനാഫെന്നും പിആർ ഏജൻസി പോലെയാണ് മനാഫ് പ്രവർത്തിക്കുന്നതെന്നും അർജുന്റെ കുടുംബം ഇന്നലെ വാർത്താ സമ്മേളനത്തിൽ ആരോപിച്ചത്. കുടുംബത്തെ കുറിച്ച് അസത്യം പ്രചരിപ്പിക്കുന്നുവെന്നും പലയിടങ്ങളിൽ നിന്നും അർജുന്റെ പേരിൽ ഫണ്ട് സ്വരൂപിക്കുന്നുവെന്നും അർജുന്റെ സഹോദരീ ഭർത്താവ് ജിതിനും അർജുന്റെ സഹോദരൻ അഭിജിത്തും ആരോപിച്ചു. എന്നാൽ, ഒരു ഫണ്ടും വാങ്ങിയിട്ടില്ലെന്നും കുറ്റം തെളിഞ്ഞാൽ മനാഞ്ചിറ മൈതാനത്ത് വന്നു നിൽക്കാം കല്ലെറിഞ്ഞ് കൊന്നോളൂ എന്നുമായിരുന്നു മനാഫിന്റെ പ്രതികരണം.
Source link