എഴുന്നേല്‍ക്കുമ്പോള്‍ കാൽ തൊട്ടുതൊഴും, ഞാൻ കഴിച്ച പ്ലേറ്റിൽ ഭക്ഷണം കഴിക്കും: സ്വാസികയെ കുറിച്ച് പ്രേം
സീരിയല്‍ താരം പ്രേം ജേക്കബുമായുള്ള വിവാഹത്തിന് മുമ്പ് വിവാഹ സങ്കല്‍പ്പങ്ങളെ കുറിച്ച് സ്വാസിക പറഞ്ഞ വാക്കുകള്‍ സൈബറിടത്ത് വൈറലായിരുന്നു. രാവിലെ എഴുന്നേറ്റ് ഭര്‍ത്താവിന്റെ കാല്‍ തൊട്ട് വണങ്ങണം എന്ന് സ്വാസിക പറഞ്ഞത് ഏറെ ട്രോള്‍ ചെയ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ അന്ന് സ്വാസിക സീരിയസ് ആയി തന്നെ പറഞ്ഞതാണെന്ന് വ്യക്തമാക്കുകയാണ് പ്രേം ഇപ്പോള്‍. സ്വാസിക രാവിലെ എഴുന്നേറ്റ് തന്റെ കാല്‍ തൊട്ടുതൊഴാറുണ്ട് എന്നാണ് പ്രേം പറയുന്നു. താന്‍ ഇതുപോലെ തന്നെ തിരിച്ച് ചെയ്യുമെന്നും പ്രേം പറയുന്നു.
ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ഇക്കാര്യത്തെ കുറിച്ച് പ്രേമിനോട് ചോദിച്ചപ്പോഴായിരുന്നു മറുപടി. ‘‘സ്വാസിക രാവിലെ എഴുന്നേറ്റ് എന്റെ കാൽ തൊട്ടുതൊഴാറുണ്ട്. പക്ഷേ ഞാനും തിരിച്ച് ചെയ്യും. നീ ചെയ്യുന്നതൊക്കെ കൊള്ളാം ഞാനും ചെയ്യുമെന്ന് പറയും. ഞാൻ വെറുതെ ഇരിക്കുമ്പോൾ ഇവൾ ഓടിവന്ന് കാല് പിടിച്ചിട്ട് അങ്ങ് പോകും. ഞാൻ പുറകെ പോയി തിരിച്ച് അതുപോലെ ചെയ്യും. പുതിയ സിനിമകൾ, പരസ്യങ്ങൾക്ക് ഒക്കെ പോകുന്ന സമയത്താകും ഏറ്റവും കൂടുതലും അങ്ങനെ ചെയ്യുന്നത്. സിനിമയിൽ കാണുന്നത് പോലെ ചായ എടുത്ത് തരുന്നു. കഴിക്കാൻ വിളമ്പി തരുന്നു. ഞാൻ കഴിച്ച പ്ലേറ്റിൽ ഭക്ഷണം കഴിക്കുന്നു. ആ കോൺസപ്റ്റ് ആണ് സ്വാസികയ്ക്ക് ഇപ്പോഴും. ഞാൻ പ്ലേറ്റ് കഴുകി കഴിഞ്ഞാൻ പിന്നെ ദേഷ്യമാണ്.’’–പ്രേം പറഞ്ഞു.
ചില പ്രത്യേക ദിവസങ്ങളിൽ മാത്രം അങ്ങനെ ചെയ്യുക എന്നത് തന്റെ വിശ്വാസമാണെന്നായിരുന്നു സ്വാസികയുടെ മറുപടി. ‘‘ഷൂട്ടിന് ഒക്കെ പോവുമ്പോൾ അല്ലെങ്കിൽ പുതിയ സിനിമയൊക്കെ തുടങ്ങുമ്പോഴാണ് അങ്ങനെ ചെയ്യാറുള്ളത്. അതെന്റെ ഒരു വിശ്വാസമാണ്. പലപ്പോഴും പ്രേം അറിയാതെ ഞാൻ കാല് തൊട്ട് തൊഴാറുണ്ട്. അത് കണ്ടാൽ ആണ് തിരിച്ചു ചെയ്യാറുള്ളത്. ആദ്യം എന്റെ കാല് തിരിച്ചുപിടിക്കും എന്ന് പറഞ്ഞപ്പോൾ ഒരു തമാശ ആയിട്ടേ കരുതിയുള്ളൂ. പക്ഷേ കല്യാണ ദിവസം മുതൽ അങ്ങനെയാണ്. ഞാൻ എപ്പോഴൊക്കെ കാല് പിടിക്കുന്നോ അപ്പോഴൊക്കെ പ്രേമും തിരിച്ചു ചെയ്യാറുണ്ട്.’’ സ്വാസിക പറയുന്നു.
സ്വാസിക എന്ന ഭാര്യക്ക് പ്രത്യേക കൺസപ്റ്റുകൾ ആണ് ഇപ്പോഴുമെന്ന് പ്രേം പറയുന്നു. ‘‘രാവിലെ എണീറ്റാൽ ഞാൻ പത്രം വായിക്കുമ്പോൾ കാപ്പി കൊണ്ട് തരുന്ന തരം പഴയ കൺസെപ്റ്റ് ആണ് സ്വാസികയുടേത്. എന്നെ കിച്ചണിൽ പോലും കയറാൻ അനുവദിക്കാറില്ല. അഥവാ കയറിയാല്‍ അവിടെ പോയിരിക്ക് എന്ന് പറയും.’’–പ്രേമിന്റെ വാക്കുകൾ.
ജനുവരിയിലാണ് സ്വാസികയും പ്രേമും വിവാഹിതരായത്. ഇരുവരും ഒരു സീരിയലില്‍ ഒരുമിച്ച് അഭിനയിച്ചിരുന്നു. സുഹൃത്തുക്കളായ ഇവര്‍ പിന്നീടാണ് പ്രണയത്തിലാകുന്നത്. ടെലിവിഷന്‍ സീരീയലുകളിലൂടെയാണ് സ്വാസിക ശ്രദ്ധിക്കപ്പെട്ടത്. പ്രഭുവിന്റെ മക്കള്‍, കട്ടപ്പനയിലെ ഋത്വിക് റോഷന്‍, പൊറിഞ്ചു മറിയം ജോസ്, ചതുരം എന്നീ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
English Summary:
From Trolled to True Love: Inside Swasika and Prem Jacob’s Unique Marriage Tradition
Source link