ആർ.എസ്.എസ് കൂടിക്കാഴ്ച, അജിത്തിനെ പൊലീസിന് പുറത്തേക്ക് മാറ്റിയേക്കും
ഡി.ജി.പി റിപ്പോർട്ട് നൽകേണ്ടത് ഇന്ന്
തിരുവനന്തപുരം: എ.ഡി.ജി.പി എം.ആർ.അജിത്കുമാർ ആർ.എസ്.എസ് നേതാക്കളുമായി രഹസ്യചർച്ച നടത്തിയത് പെരുമാറ്റച്ചട്ട ലംഘനവും ഔദ്യോഗിക പദവിയുടെ ദുരുപയോഗവുമാണെന്ന് ഡി.ജി.പിയുടെ അന്വേഷണത്തിൽ കണ്ടെത്തിയതായി സൂചന. ഈ സാഹചര്യത്തിൽ ക്രമസമാധാന ചുമതലയിൽ നിന്നൊഴിവാക്കുകയോ പൊലീസിന് പുറത്തേക്ക് മാറ്റുകയോ വേണമെന്ന് ഡി.ജി.പി ശുപാർശ ചെയ്തേക്കും.
ആർ.എസ്.എസ് നേതാക്കളെ പരിചയപ്പെടാനാണ് പോയതെന്ന എ.ഡി.ജി.പിയുടെ വാദം ഡി.ജി.പി തള്ളി. അധികാര സ്ഥാനങ്ങളില്ലാത്ത ഈ നേതാക്കളെ കാണേണ്ട ആവശ്യം അജിത്തിന് ഇല്ലായിരുന്നു എന്നാണ് വിലയിരുത്തൽ. ഡി.ജി.പി മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകേണ്ടത് ഇന്നാണ്.
മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസ് വളപ്പിലെ മരങ്ങൾ മുറിച്ചു കടത്തൽ, ഓൺലൈൻ ചാനലുടമയിൽ നിന്ന് ഒന്നരക്കോടി കൈക്കൂലി, കള്ളക്കടത്ത് സ്വർണം തട്ടിയെടുക്കൽ, കവടിയാറിൽ ആഡംബര മാളികയുണ്ടാക്കൽ, അവിഹിത സ്വത്ത്സമ്പാദനം തുടങ്ങിയ ആരോപണങ്ങൾ വിജിലൻസാണ് അന്വേഷിക്കുന്നത്. അതിന് ആറ് മാസമുണ്ട്.
പൂരം കലക്കിയതിലെ ഗൂഢാലോചന ക്രൈംബ്രാഞ്ചും എ.ഡി.ജി.പി അജിത്കുമാറിനെതിരെ ഡി.ജി.പിയും അന്വേഷിക്കാനുള്ള ആഭ്യന്തരസെക്രട്ടറിയുടെ ശുപാർശയും മുഖ്യമന്ത്രി ഉടൻ അംഗീകരിക്കും
എ.ഡി.ജി.പിയെ മാറ്റണം —
മുഖ്യമന്ത്രിയെ കണ്ട്
ബിനോയ് വിശ്വം
ആർ.എസ്.എസ് നേതാക്കളെ സന്ദർശിച്ച അജിത്കുമാറിനെ മാറ്റണമെന്ന നിലപാട് കടുപ്പിച്ച് സി.പി.ഐ. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനുമായി എ.കെ.ജി സെന്ററിൽ നടന്ന കൂടിക്കാഴ്ചയിൽ സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ് നിലപാട് കടുപ്പിച്ചത്. ഇന്നു ചേരുന്ന സി.പി.ഐ സംസ്ഥാന എക്സിക്യുട്ടീവിനും, സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിനും മുന്നോടിയായാണ് കൂടിക്കാഴ്ച നടന്നത്.
വിവാദങ്ങളിൽപ്പെട്ട എ.ഡി.ജി.പിയെ നിയമസഭ തുടങ്ങും മുമ്പ് മാറ്റണമെന്ന് ബിനോയ് വിശ്വം ആവർത്തിച്ചപ്പോൾ ഡി.ജി.പിയുടെ റിപ്പോർട്ട് കിട്ടിയശേഷം തീരുമാനിക്കാമെന്ന് മുഖ്യമന്ത്രി മറുപടി പറഞ്ഞു. എ.ഡി.ജി.പിക്കെതിരെ നടപടിയുണ്ടായില്ലെങ്കിൽ പാർട്ടിക്ക് കടുത്ത നിലപാടിലേക്ക് കടക്കേണ്ടിവരുമെന്നും ബിനോയ് വിശ്വം മുഖ്യമന്ത്രിയെ അറിയിച്ചു.
Source link